ADVERTISEMENT

ന്യൂഡല്‍ഹി∙ ഉപഗ്രഹവേധ മിസൈല്‍ (എ-സാറ്റ്) പദ്ധതിക്ക് രണ്ടു വര്‍ഷം മുമ്പാണ് അനുമതി ലഭിച്ചതെന്നും ദൗത്യഘട്ടത്തിലേക്ക് എത്തിയത് ആറു മാസത്തിനുള്ളിലാണെന്നും ഡിആര്‍ഡിഒ ചെയര്‍മാര്‍ ജി. സതീഷ് റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുവാദത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണു മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടു പോകാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടു വര്‍ഷം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

മിഷന്‍ ഘട്ടത്തിലേക്ക് എത്തിയതോടെ കഴിഞ്ഞ ആറു മാസം നൂറിലേറെ ശാസ്ത്രജ്ഞരാണു രാപ്പകല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് ഒഡീഷയിലെ ബാലസോറില്‍നിന്ന് ബുധനാഴ്ച 11.16നാണ് എ-സാറ്റ് മിസൈല്‍ വിക്ഷേപിച്ചത്. മുന്നു മിനിറ്റിനുള്ളില്‍ ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തെ വിജയകരമായി തകര്‍ത്തു. ഉത്തരവാദിത്തമുളള രാജ്യമെന്ന നിലയില്‍ ബഹിരാകാശത്തുള്ള മറ്റു വസ്തുക്കള്‍ക്ക് അപകടമുണ്ടാകാതിരിക്കാനാണു താഴ്ന്ന ഭ്രമണപഥത്തിലുള്ള ലക്ഷ്യം തിരഞ്ഞെടുത്തതെന്നും സതീഷ് റെഡ്ഡി പറഞ്ഞു. 300 കിലോമീറ്റര്‍ പരിധിയിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തിയതെങ്കിലും 1000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാന്‍ മിസൈലിനു ശേഷിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

'കൈനറ്റിക് കില്‍' വിഭാഗത്തിലുള്ള സ്‌ഫോടശേഖരമില്ലാത്ത മിസൈലാണ് ഉപയോഗിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണു പൂര്‍ണമായി ഉപയോഗിച്ചിരിക്കുന്നത്. വലിയ തോതില്‍ കൃത്യത ഉറപ്പാക്കാന്‍ കഴിഞ്ഞു. അഗ്നി മിസൈലിന്റെ പതിപ്പാണ് ഉപയോഗിച്ചതെന്ന വാര്‍ത്ത അദ്ദേഹം തള്ളി. ഉപഗ്രഹവേധ ആയുധമെന്ന നിലയില്‍ പ്രത്യേക മിസൈല്‍ ഇതിനായി വികസിപ്പിക്കുകയായിരുന്നുവെന്നും സതീഷ് റെഡ്ഡി പറഞ്ഞു.

English Summary: A-SAT Missile Project Began 2 Years Ago, Went Into Mission Mode In Last 6 Months, Says DRDO Chairman

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com