ADVERTISEMENT

കൊൽക്കത്ത∙ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നാലുദിവസങ്ങൾക്കുശേഷം മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജി. സഖ്യകക്ഷി സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതെങ്കിൽ ഒരുപക്ഷേ, പ്രധാനമന്ത്രി പദത്തിലേക്കു തന്നെ ഉയരാൻ സാധ്യതയുള്ള മമതയ്ക്കു നേരെ രാഹുൽ നടത്തിയ ആക്രമണം പ്രതിപക്ഷനിരയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാൽ ഇതിനോടുള്ള മമതയുടെ മറുപടി ഇതായിരുന്നു – രാഹുൽ വെറും കുട്ടിയാണ്, അതിൽക്കൂടുതൽ എന്തുപറയാൻ!

‘രാഹുലിന് എന്താണോ തോന്നുന്നത്, അത് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ താൽപര്യമില്ല. രാഹുൽ ഒരു കുട്ടിയാണ്. അതിൽക്കൂടുതൽ എന്തു പറയാൻ?’ – മമത വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാർട്ടിയുടെ ബംഗാളിലെ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചാണു രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മമത ബാനർജിയെയും വാഗ്ദാന ലംഘനങ്ങളുടെ പേരിൽ കടന്നാക്രമിച്ചത്. ബംഗാളിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും മമതയുടെ കീഴിൽ ഒരു വികസനവും വന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, രാഹുല്‍ പ്രഖ്യാപിച്ച കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്ന ‘ന്യായ്’ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തോട് – കോൺഗ്രസ് ഒരു പ്രഖ്യാപനം നടത്തി. അതിൽ ഞങ്ങൾ പ്രതികരിക്കുന്നത് ശരിയല്ല – എന്നും അവർ പറഞ്ഞു.

ദേശീയതലത്തിൽ ഒരുമിച്ചു വേദി പങ്കിടുകയും പ്രതിപക്ഷ ഐക്യനിരയിൽ ഒരുപോലെ പങ്കെടുക്കുകയും ചെയ്തെങ്കിലും ബംഗാളിൽ ഇരുപാർട്ടികളും അകലം പാലിച്ചാണു മൽസരിക്കുന്നത്. പാർട്ടി നേതാക്കളെയും എംഎൽഎമാരെയും ചാക്കിട്ടുപിടിച്ചും മറ്റും രാഷ്ട്രീയപരമായി കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള ശ്രമമാണു തൃണമൂൽ സംസ്ഥാനത്തു നടത്തുന്നതെന്ന ആക്ഷേപമാണ് പിസിസിയുടേത്. 2016ലെ സംസ്ഥാന തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിന്റെ 17 എംഎൽഎമാരും ഒരു എംപിയുമാണു തൃണമൂലിൽ ചേർന്നത്.

English Summary: 'He is just a kid': Mamata scoffs at Rahul Gandhi's allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com