ADVERTISEMENT

തിരുവനന്തപുരം∙ മാർച്ച് 31 വരെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാകാം. സൂര്യാതപ മുന്നറിയിപ്പും തുടരുകയാണ്. പകൽ നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കണം. മേഘാവരണമില്ലാത്തതിനാൽ വെയിലിന്റെ തീവ്രത കൂടുതലാണ്.

സൂര്യാതപം, വരൾച്ച എന്നിവയെ പ്രതിരോധിക്കാനുള്ള പ്രവർത്തനം ഏകോപിപ്പിക്കാൻ മൂന്നു ദൗത്യസംഘങ്ങളെ നിയോഗിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. കലക്ടറേറ്റുകളിൽ കൺട്രോൾ റൂമുകൾ തുടങ്ങും.

വരൾച്ച, കുടിവെള്ളപ്രശ്നം, ജില്ലകളിലെ കൺട്രോൾ റൂം മേൽനോട്ടം, ഏകോപനം എന്നിവയ്ക്കായി ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, റവന്യു ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു സംഘം. ജലദൗർലഭ്യം മൂലം നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യർക്കും വിളകൾക്കും നാശനഷ്ടവും ആപത്തും സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി വനം പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന ഫോറസ്റ്റ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു സംഘം പ്രവർത്തിക്കും. പകർച്ചവ്യാധികൾ തടയാൻ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണു മൂന്നാമത്തെ സംഘം. കലക്ടർമാർ ടാസ്‌ക് ഫോഴ്‌സുകളുമായി സഹകരിച്ച് ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കും.

സ്ഥിതിഗതികളിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണു യോഗം വിലയിരുത്തിയത്. ഇതുവരെ സൂര്യാതപം മൂലം പരുക്കേറ്റത് 284 പേർക്കാണ്. പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ – 41 പേർ. ഒരു മരണം മാത്രമാണു സൂര്യാതപവുമായി ബന്ധപ്പെട്ടു സ്ഥിരീകരിച്ചിട്ടുളളതെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com