ADVERTISEMENT

ഇസ്ലമാബാദ്∙പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകിയ തെളിവുകൾ പാക്കിസ്ഥാൻ തളളി. ഇന്ത്യയുടെ കണ്ടെത്തലുകൾ പൂർണമായും പാക്കിസ്ഥാൻ  നിഷേധിച്ചു. ഇന്ത്യ ചൂണ്ടിക്കാട്ടിയ 22 പ്രദേശങ്ങളിൽ സമഗ്രമായ പരിശോധന നടത്തിയെന്നും ഇന്ത്യ ആരോപിക്കുന്നതു പോലെ  തീവ്രവാദി ക്യാംപുകൾ പ്രവർത്തിക്കുന്നതിനുളള  തെളിവുകൾ കണ്ടെത്താനായില്ലെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തെളിവുകൾ നൽകിയാൽ അന്വേഷിക്കാമെന്നു പാക്കിസ്ഥാൻ ഉറപ്പു നൽകിയ സാഹചര്യത്തിലായിരുന്നു ഇന്ത്യ തെളിവുകൾ കൈമാറിയത്.

ഇന്ത്യ നൽകിയ റിപ്പോർട്ട് അനുസരിച്ച് 54 പേരെ ചോദ്യം ചെയ്‌തുവെങ്കിലും തീവ്രവാദ ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു  പാക്കിസ്ഥാന്റെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ അജയ് ബിസാരിയയ്ക്ക് പാക്ക് വിദേശകാര്യ സെക്രട്ടറി വിവരങ്ങൾ കൈമാറിയത്. ഫെബ്രുവരി 27 നാണു പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യ പാക്കിസ്ഥാനു കൈമാറിയത്. ഇന്ത്യ അഭ്യർത്ഥിച്ചാൽ ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ അനുവാദം നൽകാമെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ചില ടെലിഫോൺ നമ്പറുകളും വാട്‌സ്ആപ്പ് ഐഡികളുമാണ് ഇന്ത്യ തെളിവായി കൈമാറിയതെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യ നൽകിയ എല്ലാ തെളിവുകളും സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയമാക്കി. ഭീകരൻ ആദിൽ അഹമ്മദ് ധർ നടത്തിയ കുറ്റസമ്മത വിഡിയോയും പരിശോധിച്ചു. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും സന്ദേശങ്ങളും കൈമാറാൻ ഉപയോഗിച്ച നമ്പറുകളും പരിശോധിച്ചു. സംശയകരമായ ഒന്നും കണ്ടെത്താനായില്ല. കൂടുതൽ തെളിവുകൾ നൽകിയാൽ ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും ശക്തമായ നടപടി സ്വീകരിക്കാമെന്നും പാക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിനു പങ്കില്ലെന്ന പാക്കിസ്ഥാന്റെ വാദം നേരത്തെ തന്നെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്‍റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്നു പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷിയുടെ  പ്രസ്താവന വൻ ഒച്ചപ്പാട് ഉണ്ടാക്കി. ആക്രമണത്തിന് പിന്നില്‍ ജെയ്ഷ് ആണെന്ന ലോകരാജ്യങ്ങളുടെ നിലപാടിനെയും ഇസ്ലമാബാദ് തളളിപ്പറഞ്ഞിരുന്നു.  ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഇന്ത്യ.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിനു പങ്കില്ലെന്ന് ഷാ മഹമ്മുദ് ഖുറേഷി അവകാശപ്പെട്ടത്. ജെയ്ഷെ നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും  പുല്‍വാമ സംഭവത്തില്‍ പങ്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ആശയക്കുഴപ്പമുണ്ട്, വിദേശമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാക്ക് വിദേശകാര്യമന്ത്രി പറഞ്ഞു. 

പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. വിവിധ ജെയ്ഷ് പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു രണ്ടു വര്‍ഷമായി നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങളും ഈ രേഖയില്‍ ഉണ്ടെന്നായിരുന്നു സൂചന. പുല്‍വാമയില്‍ സൈനിക വാഹനം തകര്‍ത്ത ചാവേര്‍ ആദില്‍ അഹമ്മദ് ധറിന് ജെയ്ഷുമായുള്ള ബന്ധവും രേഖകളിലുണ്ട്. എന്നാല്‍ ഈ തെളിവുകളൊന്നും സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറല്ലെന്നുളളത് ഖുറേഷിയുടെ വാക്കുകളിൽ നിന്ന്  അന്ന് തന്നെ വ്യക്തമായിരുന്നു. 

പുല്‍വാമ ആക്രമണത്തെ അപലപിച്ചുള്ള യുഎന്‍ പ്രമേയത്തിലും ആക്രമണത്തില്‍ ജെയ്ഷിന്റെ പങ്ക് എടുത്തു പറഞ്ഞിരുന്നു. 2002 മുതല്‍ പാക്കിസ്ഥാനില്‍ നിരോധനമുള്ള സംഘടനയുമായി സര്‍ക്കാര്‍ ബന്ധം പുലര്‍ത്തുന്നു എന്ന് പറയുന്നതിലും ഇസ്ലമാബാദിന്‍റെ ഇരട്ടത്താപ്പ് വ്യക്തമെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. 

English Summary:Pulwama teror attack pakistan says no terror camps exist on 22 locations pointed out by India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com