ADVERTISEMENT

കാൽ നൂറ്റാണ്ടുമുൻപു കൈവിട്ട സാമ്രാജ്യം തിരികെപ്പിടിക്കാനുള്ള പടപ്പുറപ്പാടിലാണു ത്രിപുരയിൽ കോൺഗ്രസ്. ആകെയുള്ള 2 ലോക്‌സഭാ മണ്ഡലങ്ങളും 1996ൽ കൈവിട്ടു. തുടർന്നുവന്ന ഓരോ പൊതുതിരഞ്ഞെടുപ്പിലും ചെങ്കോട്ടയുടെ അടിത്തറ ശക്തിപ്പെടുന്നത് നിസ്സഹായരായി അവർ കണ്ടുനിന്നു. തുടർച്ചയായി 25 വർഷം സിപിഎം ഭരിച്ച സംസ്ഥാനത്ത് അക്കാലമത്രയും പ്രതിപക്ഷത്തുണ്ടായിരുന്ന പാർട്ടിയാണ്. ഒരു വർഷം മുൻപു ബിപ്ലബ് ദേബിന്റെ നേതൃത്വത്തിൽ ബിജെപി അധികാരം പിടിക്കുമ്പോൾ സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നെങ്കിൽ, ഒരു സീറ്റ് പോലും നേടാനാകാതെ കോൺഗ്രസ് ചാരമായി! ചാരത്തിൽനിന്നു പുനർജനിക്കണം, പാർലമെന്റിലേക്കു പറക്കണം; 25 വർഷത്തിനു ശേഷമുള്ള തിരിച്ചുവരവ് രാജകീയമായിരിക്കണം. കോൺഗ്രസിന്റെ ലക്ഷ്യമിതാണ്. ‘നടന്നതുതന്നെ’ എന്നു ചിറികോട്ടിയിരുന്ന ബിജെപിക്കും സിപിഎമ്മിനും ആദ്യത്തെ ഷോക്ക് ട്രീറ്റ്മെന്റ് ആഴ്ചകൾക്കുമുൻപ് രാഹുൽ ഗാന്ധി നൽകി - പുതിയ പിസിസി പ്രസിഡന്റിന്റെ നിയമനത്തോടെ.

Tripura-MAL-lok-sabha-election-2014-results-info-graphic-map

 ‘മഹാരാജ’ പ്രധ്യോദ് ദേബ് ബർമൻ

1949 മുതൽ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാണെങ്കിലും അന്നുവരെ നാടു ഭരിച്ചിരുന്ന രാജകുടുംബത്തെയും രാജാവിനെയും ഇന്നും വിലമതിക്കുന്ന സമൂഹമാണു ത്രിപുരയിലേത്. 1280 മുതൽ നാടുഭരിച്ചിരുന്ന മാണിക്യ രാജവംശത്തിലെ, ഇപ്പോഴത്തെ രാജാവാണു പ്രധ്യോദ് ബിക്രം മാണിക്യ ദേബ് ബർമൻ. 1947ൽ പതിനാലാം വയസ്സിൽ അധികാരമേറ്റ ബിക്രം കിഷോർ മാണിക്യ ദേബ് ബർമന്റെ മകൻ. 2006ൽ പിതാവിന്റെ മരണശേഷമാണ് പ്രധ്യോദ് ദേബ് ബർമൻ ത്രിപുരയുടെ മഹാരാജാവ് ആകുന്നത്. എഐസിസി അംഗം കൂടിയായ അദ്ദേഹത്തെയാണ്, രാഹുൽ ഗാന്ധി ത്രിപുര തിരിച്ചുപിടിക്കാനുള്ള ഉദ്യമം ഏൽപിച്ചിരിക്കുന്നത്.

എന്തിനും ഏതിനും രാജാവ്

രാജപദവിക്കപ്പുറം ജനകീയ ഇടപെടലുകളിലൂടെ സംസ്ഥാനത്തിനു പ്രിയങ്കരനാണു പ്രധ്യോദ് ദേബ് ബർമൻ. ഏതു രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിലും ഇന്നും ത്രിപുരയിലെ സമൂഹം അഗർത്തലയിലെ ഉജ്ജയന്ത കൊട്ടാരത്തിൽനിന്നുള്ള പ്രതികരണത്തിനു കാതോർക്കും. അതാണ് രാജാവിന്റെ ഔദ്യോഗിക വസതി. ഡൽഹിയിലെ നോർത്ത് ഈസ്റ്റ് വിദ്യാർഥിസമിതി ഉപദേശകൻ, വടക്കുകിഴക്കൻ മേഖലയിൽ വൻ പ്രചാരമുള്ള നോർത്ത് ഈസ്റ്റ് ടുഡേ മാഗസിന്റെ എഡിറ്റർ, നോർത്ത് ഈസ്റ്റ് റീജനൽ ഡവലപ്മെന്റ് അസോസിയേഷൻ ഉപദേശകൻ, റോയൽ ത്രിപുര ഫൗണ്ടേഷൻ ചെയർമാൻ, ത്രിപുര സെൻട്രൽ യൂണിവേഴ്സിറ്റി ഗവേണിങ് കൗൺസിൽ അംഗം, കായികതാരം... ഇങ്ങനെ സമസ്ത മേഖലകളിലും സജീവ സാന്നിധ്യം. സംസ്ഥാനത്തെ ഭൂരിപക്ഷ ഗോത്രസമൂഹത്തിന്റെ മുഖവും ശബ്ദവുമെല്ലാം കാലങ്ങളായി പ്രധ്യോദ് ദേബ് ബർമനാണ്; ഇപ്പോൾ കോൺഗ്രസിന്റെയും.

Ujjayantha Palace
ഉജ്ജയന്ത കൊട്ടാരം

‘രാജ’ ഇംപാക്റ്റ്

സംസ്ഥാനത്ത് അധികാരത്തിലുള്ള ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി ഇനിയും തീരാത്ത സീറ്റ്തർക്കത്തിലാണ്. കൈവിട്ട കളം തിരിച്ചുപിടിക്കാൻ എന്തുചെയ്യണമെന്നറിയാതെ സിപിഎമ്മും. ഈ സമയംകൊണ്ടു പ്രധ്യോദ് ദേബ് ബർമനെ കളത്തിലിറക്കിയ കോൺഗ്രസ് മൽസരത്തിൽ ഏറെ മുന്നോട്ടുപോയി. അദ്ദേഹം സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കകം ആയിരക്കണക്കിനാളുകൾ പാർട്ടി അംഗത്വമെടുക്കുന്നു, വിട്ടുപോയവരൊക്കെ തിരിച്ചെത്തുന്നു, മറ്റു പാർട്ടികളിലെ പ്രമുഖർ വന്നുചേരുന്നു...

സംസ്ഥാന വൈസ് പ്രസിഡന്റ് സുഭൽ ഭൗമിക് ഉൾപ്പെടെ ബിജെപിയുടെ 3 നേതാക്കൾ പ്രധ്യോദ് നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെ കോൺഗ്രസിലെത്തി. ഭൗമിക്കിന്റെയും മുതിർന്ന നേതാവ് പ്രകാശ് ദാസ്, കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംതോഷ് ദേബ്നാഥ് എന്നിവരുടെ കൂറുമാറ്റം ബിജെപിയെ വെട്ടിലാക്കിയപ്പോൾ അപ്പുറത്തു സിപിഎമ്മും ഞെട്ടലിലാണ്. അവരുടെ മുതിർന്ന നേതാവും കൈലാഷഹർ നഗരസഭാംഗവുമായ ദേബാഷിഷ് സെന്നിനെയാണു പ്രധ്യോദ് പ്രഭാവം തട്ടിയെടുത്തത്. 

പാർട്ടിവിട്ട മുൻ മുഖ്യമന്ത്രികൂടിയായ കോൺഗ്രസ് നേതാവ് സമീർ രഞ്ജൻ ബർമനാണു തറവാട്ടിലേക്കു തിരിച്ചെത്തിയവരിൽ പ്രമുഖൻ. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതാക്കളും പുതുതായി വന്നുചേർന്നവരുടെ പട്ടികയിലുണ്ട്. ‘25 വർഷത്തെ സിപിഎമ്മിന്റെ ഭരണത്തിൽ മനംമടുത്താണു  കോൺഗ്രസ്, സിപിഎം  നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കു പോയത്. എന്നാൽ ഒരുവർഷത്തെ ഭരണത്തിലൂടെത്തന്നെ ബിജെപി സംസ്ഥാനത്തെ ജനത്തിന് അസഹ്യരായിരിക്കുന്നു’ - ബിജെപി വൈസ് പ്രസിഡന്റായിരുന്ന സുഭൽ ഭൗമിക് കോൺഗ്രസിൽ ചേരുന്ന അവസരത്തിൽ പറഞ്ഞതിങ്ങനെ. ഭരണവിരുദ്ധ വികാരത്തിനൊപ്പം പ്രധ്യോദിന്റെ വ്യക്തിപ്രഭാവംകൂടിയാകുമ്പോൾ ഇത്തവണ വിജയം തങ്ങൾക്കൊപ്പംതന്നെയെന്ന ഉറച്ച വിശ്വാസത്തിലാണു കോൺഗ്രസ്.

ബിജെപിയുടെ പാളിയ നീക്കം

ഉജ്ജയന്ത കൊട്ടാരത്തോടു സംസ്ഥാനത്തെ ജനങ്ങൾക്കുള്ള കൂറ് തങ്ങളുടെ പെട്ടിയിലെ വോട്ടാക്കാൻ കഴിയുന്നതൊക്കെ ചെയ്തതാണു ബിജെപി. കഴിഞ്ഞവർഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അഗർത്തല വിമാനത്താവളത്തിനു പ്രധ്യോദിന്റെ മുത്തച്ഛൻ മഹാരാജ ബീർ ബിക്രം കിഷോർ മാണിക്യയുടെ  പേര്  നൽകിയത് ഇതിന്റെ ഭാഗമായിരുന്നു. ആധുനിക ത്രിപുരയുടെ ആർക്കിടെക്ട് എന്നാണ് ബിക്രം കിഷോർ മാണിക്യ അറിയപ്പെടുന്നത്. തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബീർ ബിക്രമിന്റെ പ്രതിമയും വിമാനത്താവളത്തിൽ അനാച്ഛാദനം ചെയ്തു. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പ്രധ്യോദിന്റെ അമ്മാവൻ ജിഷ്ണു ദേബ് ബർമനെ ഉപമുഖ്യമന്ത്രിയാക്കിയതു മറ്റൊരു നീക്കം.

ഇതിലൊക്കെയും പ്രധാനം, 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധ്യോദിനെ കോൺഗ്രസിൽനിന്നു രാജിവയ്പിച്ചു ബിജെപിയിലെത്തിക്കാൻ അവർ നടത്തിയ നീക്കമാണ്. അതിനുവേണ്ടി ഹിമാന്ത ബിശ്വ ശർമ ഉജ്ജയന്ത കൊട്ടാരത്തിലെത്തി അദ്ദേഹത്തെ നേരിട്ടു കണ്ടെന്ന വാർത്തയുടെ നിജസ്ഥിതി തേടിയ മാധ്യമപ്രവർത്തകരോട് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിപ്ലബ് ദേബിന്റെ മറുപടി, ‘അടുത്ത ദിവസംതന്നെ അദ്ദേഹം ബിജെപിയിൽ ചേരും’ എന്നായിരുന്നു. പഠിച്ച പണിയെല്ലാം പയറ്റിയിട്ടും അവരുടെ ശ്രമം വിജയിച്ചില്ല. ‘ഹിമാന്ത എന്നെ കാണാൻ വന്നു, ഒരു ചായകുടിച്ചു ഞങ്ങൾ പിരിഞ്ഞു’ - കൂടിക്കാഴ്ചയെപ്പറ്റി പ്രധ്യോദ് പിന്നീടു പറഞ്ഞതിങ്ങനെ.

രാജ, രാഷ്ട്രീയ കുടുംബം

ത്രിപുരയുടെ മഹാരാജാവായിരിക്കെത്തന്നെ മൂന്നു തവണ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാംഗമായിരുന്നു പ്രധ്യോദിന്റെ പിതാവ്  ബിക്രം കിഷോർ മാണിക്യ ദേബ് ബർമൻ. അമ്മ ബിഹു കുമാരി ദേവി ഒരുവട്ടം ലോക്സഭയിലെത്തി; മന്ത്രിയുമായി.

വീണ്ടു ഞെട്ടിച്ച്, പട്ടിക

എതിർപക്ഷത്തെ വീണ്ടും വിറപ്പിച്ച്, രണ്ടു മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നു. വെസ്റ്റ് ത്രിപുരയിൽ സുഭൽ ഭൗമിക് - കഴിഞ്ഞ ദിവസം രാജിവച്ചു കോൺഗ്രസിൽ ചേർന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്! ഈസ്റ്റ് ത്രിപുരയിൽ പ്രഗ്യ ദേബ് ബർമൻ - സാക്ഷാൽ പ്രധ്യോദ് ദേബ് ബർമന്റെ സഹോദരി; ത്രിപുരയിലെ രാജകുമാരി! നിലവിൽ സംസ്ഥാനത്തുള്ള അനുകൂല തരംഗം മുഴുവൻ വോട്ടായാൽ, പ്രഗ്യ ദേബ് ബർമൻ ലോക്സഭയിലെത്തിയാൽ മറ്റൊരു പ്രത്യേകതകൂടിയുണ്ട് - 1991നു ശേഷം ത്രിപുരയെ ലോക്സഭയിൽ ഒരു വനിത പ്രതിനിധീകരിക്കും. പ്രഗ്യയുടെ അമ്മ ബിഭു കുമാരി ദേവിയാണ് മുൻപ് സംസ്ഥാനത്തുനിന്നു ലോക്സഭയിലെത്തിയ ഏക വനിത.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത്, പരസ്യപ്രചാരണം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഓടിവന്നു മുഖംകാണിച്ചിട്ടു പോയതാണു രാഹുൽ ഗാന്ധി. ഇക്കുറി അഗർത്തലയിൽ വൻ റാലിയെ രാഹുൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രചാരണത്തിന്റെ കിക്കോഫ്. പാർട്ടി അധ്യക്ഷനായ ശേഷം സംസ്ഥാനത്ത് ആദ്യ സന്ദർശനമായിരുന്നു കഴിഞ്ഞ ദിവസത്തേത്. പ്രിയങ്ക ഗാന്ധി വരാനിരിക്കുന്നു. മുൻപൊരിക്കലും നൽകാത്ത ശ്രദ്ധ ത്രിപുരയിലെ രണ്ടു സീറ്റുകൾക്കു ദേശീയ നേതൃത്വം നൽകുന്നു. കാരണം, കോൺഗ്രസിന് ചാരത്തിൽനിന്നു പുനർജനിക്കണം; തിരിച്ചുവരവ് രാജകീയമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com