ADVERTISEMENT

തിരുവനന്തപുരം∙ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം ഉണ്ടെങ്കില്‍ അത് വിശ്വാസസംരക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നതിന് ബിജെപി പരമാവധി ശ്രമിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശബരിമലയിലെ വിശ്വാസികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളും വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും ജനങ്ങള്‍ക്കിടയില്‍ സമാധാനപരമായ രീതിയില്‍ ബോധവല്‍ക്കരണ വിഷയമാക്കാന്‍ ബിജെപി സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഓരോ മണ്ഡലങ്ങളിലെയും പ്രാദേശികമായ മുഖ്യവിഷയങ്ങള്‍ തീര്‍ച്ചപ്പെടുത്തുന്നത് അവിടുത്തെ തിരഞ്ഞെടുപ്പു സമിതിയാണ്. തിരഞ്ഞെടുപ്പില്‍ ഇക്കാര്യം ചര്‍ച്ചാ വിഷയം ആകില്ലെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പത്തനംതിട്ട മണ്ഡലത്തില്‍ ഇക്കാര്യം നിയമാനുസരണം ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്തുവാന്‍ അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. മുഖ്യ പ്രചാരണവിഷയം എന്താണെന്ന് ചോദിച്ചപ്പോള്‍, 'വീണ്ടും വേണം മോദി ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി മോദി ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പരമാവധി ശ്രമിക്കുമെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് സംബന്ധിച്ച ചിലഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് കുപ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലവിഷയത്തില്‍ യുവതീ പ്രവേശനത്തിനായി സുപ്രീം കോടതി റദ്ദുചെയ്തു വിധിച്ചിട്ടുള്ള വകുപ്പ് കേരളസംസ്ഥാനം പാസാക്കിയ നിയമത്തിന്റെ ഭാഗമാണ്. അത് ഭരണഘടനയിലെ സംസ്ഥാന പട്ടികയില്‍ പെട്ടതാകയാല്‍ സ്വാഭാവികമായും കേന്ദ്രത്തിന് ഇതില്‍ ഇടപെടാന്‍ ആവില്ലെന്നാണ് ഒടുവില്‍ ലഭ്യമായ നിയമോപദേശം. എന്നാല്‍ കേന്ദ്രത്തിന് ഇടപെടാന്‍ നിയമം അനുവദിക്കുമെങ്കില്‍ അക്കാര്യത്തില്‍ കേന്ദ്രനിയമനിര്‍മാണത്തിനായി ആവുന്നതെല്ലാം ചെയ്യാന്‍ ബിജെപി മുന്‍പന്തിയില്‍ ഉണ്ടാകും. വിശ്വാസസമൂഹവും പന്തളം രാജകുടുംബവും ഇക്കാര്യത്തില്‍ തെല്ലും ആശങ്കപ്പെടേണ്ടതില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com