ADVERTISEMENT

ന്യുഡൽഹി∙വയനാട് മത്സരിക്കാതിരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദം ശക്തം. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നു കോൺഗ്രസ് ദേശീയ സഖ്യകക്ഷികൾ ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ രൂപപ്പെടാനിടയുള്ള സഖ്യസാധ്യതകളെ ബാധിക്കുന്നതാവും ഇടതു മുന്നണിക്കെതിരായ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വമെന്നു വിവിധ നേതാക്കൾ അദ്ദേഹത്തെ ധരിപ്പിച്ചു. വയനാട് സംബന്ധിച്ചു രാഹുൽ പുനരാലോചന നടത്തുന്നതായാണു വിവരം. 

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ വരികയാണു നല്ലതെന്നു പാണക്കാട് ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു. തീരുമാനം വൈകരുതെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമോയെന്ന് ഇന്നറിയാമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.  മല്‍സരിക്കുമെന്നാണു പ്രതീക്ഷ, ഉറപ്പുണ്ടെങ്കില്‍ നേരത്തെ പറഞ്ഞേനെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മല്‍സരിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും ചെന്നിത്തല വ്യക്തമാക്കി. 

അതേസമയം രാഹുൽ മത്സരിക്കാൻ വരുമെന്നു സൂചനപോലും താൻ നൽകിയില്ലെന്നു ഉമ്മൻ ചാണ്ടി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. മല്‍സരിക്കണമെന്നു മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ആവശ്യപ്പെടുന്നതായാണു പറഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എന്നാൽ രാഹുല്‍ഗാന്ധി വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നു ടി സിദ്ദിഖ് പറഞ്ഞു. മണ്ഡലത്തില്‍ സജീവമാകാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുലിന്റെ വിജയത്തിനു വേണ്ടിയാണ് കണ്‍വെന്‍ഷനുകളുമായി മുന്നോട്ടുപോകുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന കാര്യം അനശ്ചിതത്വത്തിലായതു സിപിഎം സമ്മര്‍ദം മൂലമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ ആരോപണം. പ്രാദേശിക പാര്‍ട്ടിയായ സിപിഎമ്മിനെ കോണ്‍ഗ്രസ് ഭയക്കുകയാണ്. രാഹുല്‍ വന്നാല്‍ നേരിടാന്‍ ബിജപിക്ക് ശക്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അദ്ദേഹം കൊച്ചിയില്‍ പറ‍ഞ്ഞു.

English Summary:Will rahul contest from wayanad chandy says it's just a request from kerala unit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com