ADVERTISEMENT

കൽപ്പറ്റ∙ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഏപ്രില്‍ നാലിനായിരിക്കും രാഹുലിന്‍റെ പത്രികസമര്‍പ്പണം. ചിലപ്പോൾ മൂന്നിന് എത്തിയേക്കാം. മുന്നൊരുക്കത്തിന് കേന്ദ്രനേതാക്കളെ ഉള്‍പ്പെടുത്തി വയനാട്ടില്‍ യോഗം ചേരും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനാണു പത്രികസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല. കേരളത്തിൽ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിനം വ്യാഴാഴ്ചയാണ്. അതേസമയം, സുരക്ഷാ കാര്യങ്ങൾ പരിശോധിക്കാൻ എസ്പിജി സംഘം ഇന്നു വയനാട്ടിലെത്തും.

അതിനിടെ, വയനാട്ടിലേക്കുള്ള രാഹുലിന്റെ ആദ്യവരവ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു ഡല്‍ഹിയിലെ നേതാക്കള്‍. എന്നാൽ രാഹുല്‍ അമേഠിയില്‍നിന്നു പേടിച്ചോടിയെന്ന പ്രചാരണം കടുപ്പിക്കാനാണു ബിജെപിയുടെ നീക്കം. രാഹുല്‍ വയനാട്ടിലേക്കെത്തുമ്പോള്‍ ഉത്തരേന്ത്യയില്‍നിന്ന് ഉയരുന്ന ചോദ്യശരങ്ങളെ നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അമേഠിയില്‍നിന്നു പേടിച്ചോടിയെന്ന പ്രചാരണം ബിജെപി കടുപ്പിക്കുമെന്നുറപ്പ്. ന്യൂനപക്ഷ പ്രീണനവും സംഘപരിവാര്‍ ആയുധമാക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബദല്‍ സഖ്യ രൂപീകരണത്തിനും ഇടതുപക്ഷം ആലോചിക്കുന്നുണ്ട്. ദക്ഷിണേന്ത്യയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്താനാണു വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കുന്നതെന്ന പ്രചാരണം ശക്തമാക്കുകയാകും കോണ്‍ഗ്രസ് തന്ത്രം.

ആദിവാസി മേഖലയായ വയനാട് രാഹുലിന്‍റെ ‘ദരിദ്രന്‍റെ നേതാവെ’ന്ന പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും പാര്‍ട്ടി കരുതുന്നു. നരേന്ദ്ര മോദി സമ്പന്നന്‍റെ നേതാവാണെന്ന പ്രചാരണത്തിന് ആക്കം കൂട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍. 20 ദിവസത്തില്‍ താഴെ മാത്രമേ രാഹുലിനു വയനാട്ടില്‍ പ്രചാരണത്തിനു സമയം ലഭിക്കൂ. അതിനിടയില്‍ ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ഒാടിെയത്തേണ്ടതുണ്ട്. അമേഠിയിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും പ്രചാരണ പരിപാടികളുമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു വയനാട്ടില്‍ ക്യാംപ് ചെയ്തുള്ള പ്രചാരണത്തിന് എത്ര ദിവസങ്ങള്‍ ലഭിക്കുമെന്നു വ്യക്തമല്ല. സംസ്ഥാന നേതൃത്വം അരയും തലയും മുറുക്കി രംഗത്തിറങ്ങിയാലേ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വമ്പന്‍ ഭൂരിപക്ഷം എന്ന ലക്ഷ്യത്തിലേക്കു രാഹുലിനു നടന്നുകയറാനാകൂ.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും എന്നുള്ള ഒ‍‍‍‍‍‍‍‍ൗദ്യോഗിക പ്രഖ്യാപനത്തെതുടർന്ന് ആലപ്പുഴ ഡിസിസിയിൽനിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേത്യത്വത്തിൽ നടന്ന പ്രകടനം. ചിത്രം: അരുൺ ജോൺ.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും എന്നുള്ള ഒ‍‍‍‍‍‍‍‍ൗദ്യോഗിക പ്രഖ്യാപനത്തെതുടർന്ന് ആലപ്പുഴ ഡിസിസിയിൽനിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേത്യത്വത്തിൽ നടന്ന പ്രകടനം. ചിത്രം: അരുൺ ജോൺ.

വയനാട്ടില്‍ സുരക്ഷ മൂന്നിരട്ടിയാക്കും

രാഹൂൽ ഗാന്ധി സ്ഥാനാർഥിയായതോടെ വയനാട്ടില്‍ സുരക്ഷ മൂന്നിരട്ടിയായി വർധിപ്പിക്കാൻ തീരുമാനം. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെടാനും തീരുമാനിച്ചു. സുരക്ഷ പദ്ധതിയെക്കുറിച്ച് അടിയന്തര റിപ്പോർട്ട് തയാറാക്കാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡിനോടും വയനാട് എസ്പിയോടും ഡിജിപി നിർദേശിച്ചു. സുരക്ഷാ പരിശോധനയ്ക്കായി എസ്പിജി സംഘം ഇന്നെത്തും.

രാഹുലിന്റെ സ്ഥാനാർഥിത്വം പ്രതിസന്ധിയിലാക്കിയിരിക്കുന്നതു സംസ്ഥാന പൊലീസിനെയാണ്. മാവോയിസ്റ്റ് ഭീഷണി മൂലം കഴിഞ്ഞതവണ സന്ദർശനാനുമതി നൽകാത്ത വയനാട്ടിലേക്കാണു രാഹുൽ ഗാന്ധി സ്ഥാനാർഥിയായി എത്തുന്നത്. ഒപ്പം ഏറ്റുമുട്ടൽ കൊലപാതകത്തിനു പകരം വീട്ടും എന്ന മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുകയും ചെയ്യുന്നു. മാവോയിസ്റ്റ് ആക്രമണം ഉണ്ടായേക്കാം എന്ന വിലയിരുത്തലിലാണു സുരക്ഷ ഒരുക്കുന്നത്. രാഹുലിന്റെ സന്ദർശന പരിപാടികളുടെ കൃത്യമായ വിവരം എസ്പിജിയിൽനിന്നു ശേഖരിക്കുകയാണ് ആദ്യ ജോലി.

അഞ്ചുതവണയെങ്കിലും രാഹുൽ വയനാട്ടിൽ എത്തുമെന്നാണു കരുതുന്നത്‌. ഈ ദിവസങ്ങളിൽ തണ്ടർബോൾട്ടിനും തീവ്രവാദ വിരുദ്ധ സ്ക്വാഡിനും ഒപ്പം കേന്ദ്രസേനയെയും അദ്ദേഹം എത്തുന്ന സ്ഥലങ്ങളിൽ വിന്യസിക്കും. വോട്ടെടുപ്പ് ദിവസം അദ്ദേഹം വയനാട്ടിൽ വരില്ലെന്നാണു പൊലീസിന്റെ പ്രതീക്ഷ. എത്തുന്നുണ്ടെങ്കിൽ പ്രതിസന്ധി വീണ്ടും കനക്കും. നിലവിൽ മാവോയിസ്റ്റ് ഭീഷണിയുള്ള മുപ്പതിലേറെ ബൂത്തുകൾ വയനാട്ടിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് ഇത്തരം കേന്ദ്രങ്ങളെ അതിസുരക്ഷാ മേഖലയായി കരുതി പ്രത്യേക പദ്ധതി തയാറാക്കും. വയനാട് എസ്പിക്കും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയുള്ള എസ്പി ദേബേഷ് കുമാർ ബെഹ്റയക്കുമാണു പദ്ധതി തയാറാക്കാനുള്ള ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com