ADVERTISEMENT

തിരുവനന്തപുരം: വയനാട്ടില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് സംസ്ഥാന ബിജെപി. ലോക്‌സഭയിലെ രാഹുലിന്റെ ഹാജര്‍നിലയും പങ്കെടുത്ത ചര്‍ച്ചയുടെ എണ്ണവും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.

വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുലിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയാണ് പിണറായി വിജയന്‍ ചെയ്യേണ്ടതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു. രാഹുലിനൊപ്പം വാളുയര്‍ത്തിപ്പിടിച്ചു പിണറായി നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.

ശ്രീധരന്‍പിള്ളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ പത്തു വർഷം എം.പി ആയിരുന്നിട്ട് പാർലമെന്റിൽ നേരെ ചൊവ്വേ ചർച്ചകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത ആളാണ് രാഹുൽ. ഹാജർ നില പരിതാപകരമാണ്. പത്തു വർഷത്തിനിടെ 16 ചർച്ചകളിലാണ് പങ്കെടുത്തത്. ഒറ്റച്ചോദ്യം പോലും സഭയിൽ ഉന്നയിക്കാൻ അദ്ദേഹത്തെക്കൊണ്ട് സാധിച്ചിട്ടില്ല.

ഇങ്ങനെയൊരു കഴിവില്ലാത്ത എം.പിയെ ആണ് കോൺഗ്രസ് നേതൃത്വം കേരളത്തിന് കെട്ടിയേൽപ്പിച്ചിരിക്കുന്നത്. വംശ വാഴ്ചകൊണ്ട് മാത്രം ജയിച്ചു പോരുന്ന മുൻ മണ്ഡലത്തിൽ തിരിച്ചടി നേരിടുമെന്ന് ഭയന്നാണ് തെക്കോട്ടോടിയത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇങ്ങോട്ട് ആവശ്യപ്പെട്ട് കെ.പി.സി.സിയെക്കൊണ്ട് രാഹുൽ വേണമെന്ന് അഭ്യർത്ഥിപ്പിക്കുകയായിരുന്നു എന്നത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണ് .

രാഹുൽ ബിജെപിക്കെതിരെ നിൽക്കുകയാണ് വേണ്ടതെന്ന പിണറായി വിജയന്റെ പരാമർശത്തിൽ തെറ്റ് പറയാനാകില്ല. ബിജെപിക്കെതിരെ രാഹുലിനൊപ്പം വേദി പങ്കിട്ട് അദ്ദേഹം വാളുയർത്തിയിട്ട് അധികകാലമൊന്നും ആയിട്ടില്ലല്ലോ . ആ വിഷമം മനസിലാകുന്നതേയുള്ളു .

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സിപിഎമ്മിന് അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ കഴിയുന്നതിൽ പിണറായി വിജയൻ സത്യത്തിൽ സന്തോഷിക്കുകയാണ് വേണ്ടത്

പൊതു ശത്രുവിനെതിരെയല്ലേ നിങ്ങളുടെ രഹസ്യ ബാന്ധവം ? 

മാനാഭിമാനമുണ്ടെങ്കിൽ മുന്നണി യോഗം ചേർന്ന് വയനാട്ടിലെ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച് രാഹുലിന് വേണ്ടി പ്രചാരണത്തിനിറങ്ങുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com