ADVERTISEMENT

കൊല്ലം/ ചെങ്ങന്നൂർ/ പത്തനംതിട്ട ∙ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു താനും എൻസിപി നേതാവും തടസ്സപ്പെടുത്തിയെന്ന അഭ്യൂഹം ശരിയല്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഇത്തരത്തിൽ ഇടപെടേണ്ട ആവശ്യമില്ല. കോൺഗ്രസ് നേതാക്കൾ നേരത്തെയും ദക്ഷിണേന്ത്യയിൽ മത്സരിച്ചിട്ടുണ്ട്. ഇന്ദിരാഗന്ധി ചിക്കമഗളൂരിലും സോണിയ ഗാന്ധി ബെല്ലാരിയിലും മത്സരിച്ചു. നരേന്ദ്ര മോദിയും രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. ഇത്തരം ആൾക്കാരുടെ സ്വഭാവമാണത്.

ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസിന് ആത്മാർഥതയില്ല. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നു ജനങ്ങളോടു പറയണം. മോദി ബഹിരാകാശത്തിന്റെ കാവൽക്കാരനായാണ് ഇപ്പോൾ സ്വയം ചിത്രീകരിക്കുന്നത്. ബഹിരാകാശത്തിന്റെ കാവൽക്കാരനാക്കി മാറ്റി മോദിയെ ഭരണത്തിൽ നിന്നു ഡിസ്മിസ് ചെയ്യാൻ ഈ തിരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നും യച്ചൂരി പറഞ്ഞു.

യച്ചൂരി ചെങ്ങന്നൂരിൽ പറഞ്ഞത്

കോണ്‍ഗ്രസ് ഇടതുപക്ഷത്തോടു മത്സരിക്കുമ്പോൾ ബിജെപി ശക്തിപ്പെടുകയാണെന്നു യച്ചൂരി ചെങ്ങന്നൂരിൽ പറഞ്ഞു. ബിജെപി സർക്കാരിനെ പരാജയപ്പെടുത്തി മതേതര ബദൽ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിക്കുകയാണ് ഇടതു കക്ഷികളുടെ ലക്ഷ്യം. ഇതിൽ എന്താണു പങ്കെന്നു തീരുമാനിക്കേണ്ടതു കോൺഗ്രസാണ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം തടയാൻ ശ്രമിച്ചുവെന്ന ആരോപണം തെറ്റാണ്. മറ്റു പാർട്ടികളുടെ കാര്യം തീരുമാനിക്കുക എന്റെ ജോലി അല്ല. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങളാണു പറയുന്നത്. അതു കേൾക്കണോ വേണ്ടയോ എന്നു മറ്റു പാർട്ടികൾക്കു തീരുമാനിക്കാം.

കേരളത്തിൽ മുഖ്യ എതിരാളികൾ യുഡിഎഫ് തന്നെയാണ്. ബിജെപി ഇവിടെ അത്ര വലിയ പാർട്ടിയല്ല. തിരഞ്ഞെടുപ്പിനു ശേഷമാണു കൂട്ടുകെട്ടുകൾ ഉണ്ടാകുന്നത്. അത് ഇപ്പോൾ പറയാനാകില്ല. ഇടതു പക്ഷത്തിന്റെ വലിയ വിജയമാണ് ഇപ്പോൾ ലക്ഷ്യം. 2004ൽ സാഹചര്യം മനസിലാക്കി കേരളം 20ൽ 18 സീറ്റും ഇടതു പക്ഷത്തിനു തന്നു. അന്നത്തേതിൽ നിന്നു പതിന്മടങ്ങ് പ്രതിസന്ധിയിലൂടെയാണു രാജ്യം കടന്നുപോകുന്നത്. കേരളം അതു മനസിലാക്കും. 20 സീറ്റും ലഭിക്കുമെന്നും സീതാറാം യെച്ചൂരി ചെങ്ങന്നൂരിൽ പറഞ്ഞു.

യച്ചൂരി പത്തനംതിട്ടയിൽ പറഞ്ഞത്

രാജ്യത്തെ ജനങ്ങളുടെ മുൻഗണനയല്ല കോൺഗ്രസിന്റെ മുൻഗണന എന്ന് തെളിയിക്കുന്നതാണ് രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ദക്ഷിണേന്ത്യയിൽ ബിജെപി ദുർബലമാണ്. രാഹുൽ വയനാട്ടിൽ മൽസരിക്കാനെത്തിയത് ഇടതുപക്ഷത്തിനെതിരെയാണ്. ആ വെല്ലുവിളി ഇടതുപക്ഷം ഏറ്റെടുക്കുന്നു. കേരളത്തിൽ 20 സീറ്റിലും ജയിക്കാനുള്ള പ്രവർത്തനം നടത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ദക്ഷിണേന്ത്യയിൽ മൽസരിക്കാൻ രാഹുൽഗാന്ധിയെ താൻ ഉപദേശിച്ചുവെന്ന വാർത്തകളും പ്രചാരണവും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com