ADVERTISEMENT

വാഷിങ്ടൻ∙ പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു തകർത്തതു ഭയാനകമായ നടപടിയെന്നു നാസ. ഇന്ത്യ നടത്തിയ പരീക്ഷണത്തിനു നാലു ദിവസങ്ങൾക്കുശേഷം നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തു നാസ തലവൻ ജിം ബ്രൈഡന്‍സ്റ്റൈന്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനം.

ഇന്ത്യ തകർത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും ജിം ബ്രൈഡന്‍സ്റ്റൈന്‍ പറയുന്നു.

നൂറുകണക്കിനു ചെറു കഷ്ണങ്ങളായി തെറിച്ച ഉപഗ്രഹ ഭാഗങ്ങൾ പൂർണമായി കണ്ടെടുക്കാൻ സാധിക്കില്ല. 10 സെന്റിമീറ്ററോ അതിലധികമോ വലുപ്പമുള്ള 60 കഷ്ണങ്ങൾ മാത്രമാണു ഇതുവരെ കണ്ടെത്താൻ സാധിച്ചത്. അതിനെക്കാൾ ചെറിയ കഷ്ണങ്ങൾ ഒരു തരത്തിലും കണ്ടെടുക്കാൻ സാധിക്കില്ല. ബഹിരാകാശത്തു ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുളള സാധ്യതയുണ്ട്– ബ്രൈഡന്‍സ്റ്റൈന്‍ പറയുന്നു. 

ഭൂമിയിൽനിന്നു 300 കിലോമീറ്റർ മാത്രം അകലെയുളള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകർത്തത്. ബഹിരാകാശ നിലയത്തിൽനിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 കഷ്ണങ്ങൾ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വർധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്റ്റൈന്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിനു ഇത്തരം പ്രവൃത്തികൾ ഗുണകരമല്ലെന്നും ഭയാനകരമായ സാഹചര്യമാണു നിലവിൽ ഉളളതെന്നും ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളെ കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. 

ബഹിരാകാശത്ത് അധികം വലുപ്പമുളള 23,000 ഓളം വസ്തുക്കൾ ഒഴുകി നടക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മിഷൻ ശക്തിയുടെ ഭാഗമായി ഇന്ത്യ നടത്തിയ ഉപഗ്രഹവേധ ബഹിരാകാശ ദൗത്യം മാലിന്യം സൃഷ്ടിച്ചെന്ന യുഎസ് വിമർശനത്തിനു തൊട്ടുപിന്നാലെയാണു ശാസ്ത്രലോകത്തുനിന്നു വിമർശനങ്ങൾ ഉയരുന്നത്. 

ബഹിരാകാശത്തെ അലങ്കോലമാക്കരുതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്റെ വിമർശനം. ബഹിരാകാശത്തെ കിടമൽസരത്തിന്റെ ലക്ഷണമായി ഇന്ത്യൻ ഉപഗ്രഹവേധ പരീക്ഷണത്തെ കാണണം. ഒരുപാടുകാലം നിൽക്കാതെ മാലിന്യം കത്തിത്തീരുമെന്നും ഷാനഹാൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഭ്രമണപഥത്തിലുള്ള മറ്റു ഉപഗ്രഹങ്ങളെ തകരാറിലാക്കുന്നതിനാൽ ബഹിരാകാശ മാലിന്യം അപകടകരമാണ്. എന്നാൽ ‘ശക്തി ദൗത്യം’ പരീക്ഷിച്ചത് അധികം ഉയരത്തിലല്ലാത്തതിനാൽ ‌പ്രശ്നം കുറവാണെന്നാണു ഇന്ത്യയുടെ വിലയിരുത്തൽ.

ഈ മേഖലയിൽ അധികം ഉപഗ്രഹങ്ങൾ ഇല്ല. 2007ൽ ചൈന നടത്തിയ ഉപഗ്രഹവേധം മൂവായിരത്തിലധികം മാലിന്യത്തുണ്ടുകളാണു സൃഷ്ടിച്ചതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായിരുന്നു അത്. അന്നു ചൈന നടത്തിയ എസാറ്റ് മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി തകര്‍ന്ന ഫെങ് യുന്‍-1സി ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ 2013ല്‍ ഒരു റഷ്യന്‍ ഉപഗ്രഹത്തിന്റെ തകര്‍ച്ചയ്ക്കിടയാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

‘മിഷൻ ശക്തി’ എന്നു പേരിട്ട ഉപഗ്രഹവേധ മിസൈൽ (എ–സാറ്റ്) പരീക്ഷണം 3 മിനിറ്റിൽ ലക്ഷ്യം കണ്ടതായും യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ഒപ്പമെത്തിയിരിക്കുകയാണ് ഇന്ത്യയെന്നും രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അറിയിച്ചത്. ശത്രുരാജ്യങ്ങളുടെ ചാര ഉപഗ്രഹങ്ങൾ നശിപ്പിക്കാമെന്നതാണ് ഉപഗ്രഹവേധ മിസൈലിന്റെ മെച്ചം. എ–സാറ്റ് മിസൈൽ സാങ്കേതികവിദ്യ 2012ൽ ആർജിച്ചിരുന്നെങ്കിലും യഥാർഥ ഉപഗ്രഹത്തെ തകർത്തുള്ള പരീക്ഷണം ആദ്യമാണ്.

English Summary; ASAT test Created 400 Pieces Of Debris NASA describes as it Terrible situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com