ADVERTISEMENT

പട്നാ∙ വാഗ്ദാനങ്ങൾ പൂർണമായി നിറവേറ്റാൻ ഒരു തവണ കൂടി അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ജോലികളും പൂർത്തിയാക്കിയെന്ന് ഒരിക്കലും അവകാശപ്പെടില്ല. 70 വർഷത്തിനു ശേഷം അവർക്ക് (കോൺഗ്രസ്) അങ്ങനെ പറയാൻ സാധിച്ചില്ലെങ്കിൽ അഞ്ച് വർഷത്തിനു ശേഷം തനിക്ക് എങ്ങനെ അതു പറയാൻ സാധിക്കുമെന്നു പ്രധാനമന്ത്രി ചോദിച്ചു. ബിഹാറിൽ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്, ചെയ്യാനുള്ള സാമർഥ്യവുണ്ട്. പക്ഷെ അതിനു തുടർച്ചയായ ശ്രമം അനിവാര്യമാണ്. അതിനു നിങ്ങളുടെ അനുഗ്രഹം എനിക്ക് ആവശ്യമാണ് - നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസിനു നിങ്ങൾ 60 വർ‌ഷം നൽകി. ബിജെപിക്ക് 60 മാസങ്ങൾ നൽകൂ, രാജ്യത്ത് വികസനം കൊണ്ടുവരുമെന്നായിരുന്നു 2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിലെ പ്രചാരണ വേദിയിൽ നരേന്ദ്ര മോദി പറഞ്ഞത്.

പ്രസംഗത്തിലുടനീളം കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും കടന്നാക്രമിച്ച പ്രധാനമന്ത്രി കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലിരുന്നപ്പോൾ രാജ്യത്തിന്റെ വികസനം പിന്നോട്ടാണ് പോയിരുന്നതെന്ന് പറഞ്ഞു. ഭീകരത, വിലക്കയറ്റം, അക്രമം, അഴിമതി, കള്ളപ്പണം തുടങ്ങിയവയെല്ലാം കോൺഗ്രസ് കാലഘട്ടത്തിൽ വർധിച്ചു. രാജ്യത്തിന്റെ സമൃദ്ധി, വിശ്വാസ്യത, സായുധസേനയുടെ ആത്മവീര്യം തുടങ്ങിയവയെല്ലാം ചോർന്നു പോയതായും പ്രധാനമന്ത്രി ആരോപിച്ചു.

ബിഹാറിലെ ജമുയി മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ, എൽജെപി നേതാവ് റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ‌ 11–ന് ആദ്യ ഘട്ടത്തിലാണ് ജമുയിൽ വോട്ടെടുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com