ADVERTISEMENT

കോഴിക്കോട്∙ ഇപിഎഫ് പെൻഷൻ കേസിലെ കേരള ഹൈക്കോടതി വിധിക്കെതിരെ  ഇപിഎഫ്ഒ സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെ, നിലവിലെ തുച്ഛമായ പെൻഷനിൽ പലമടങ്ങു വർധന വരുമെന്നുറപ്പായി. കൂടുതൽ ശമ്പളമുള്ളവർക്കു പെൻഷൻ വർധനാ നിരക്കും കൂടും. 

പൂർണ പെൻഷൻ (ഒടുവിൽ വാങ്ങിയ ശമ്പളത്തിന്റെ പകുതി) ലഭിക്കാൻ 35 വർഷത്തെ സർവീസ് വേണമെന്നാണു വ്യവസ്ഥ. 20 വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് 2 വർഷം സർവീസ് വെയ്റ്റേജ് ലഭിക്കുമെന്നതിനാൽ 33 വർഷം പൂർത്തിയാക്കിയവർക്ക് പൂർണ പെൻഷൻ ലഭിക്കും. പെൻഷൻ സ്കീം തുടങ്ങിയത് 1995 നവംബറിലായതിനാൽ പൂർണ പെൻഷൻ ആർക്കെങ്കിലും ലഭിക്കണമെങ്കിൽ 2028 ആകണം. 

പെൻഷൻ എത്രയെന്നറിയാൻ സേവന കാലാവധിയെ 70 കൊണ്ടു ഹരിച്ച ശേഷം ശരാശരി ശമ്പളം കൊണ്ടു ഗുണിച്ചാൽ മതി. ശരാശരി ശമ്പളമെന്നാൽ വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശമ്പളത്തിന്റ ശരാശരിയാണ്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത എന്നിവയ്ക്കു പുറമേ ഗ്രേഡ്പേ/ വേരിയബിൾ പേ ഉണ്ടെങ്കിൽ അതുംകൂടി ചേർത്തതാണ് പെൻഷനു കണക്കാക്കുന്ന ശമ്പളം. എച്ച്ആർഎ ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ ബാധകമല്ല. 

നിലവിലുള്ള രീതി പ്രകാരം, വിരമിക്കുമ്പോഴുള്ള ശമ്പളം എത്ര ഉയർന്നതായാലും പെൻഷനു കണക്കാക്കുന്ന ശമ്പളത്തിന് ഇപിഎഫ്ഒ നിശ്ചയിച്ച പരിധി ബാധകമാണ്. ഇത് പെൻ‌ഷൻ സ്കീം തുടങ്ങിയപ്പോൾ 5,000 രൂപയും 2001 ജൂൺ മുതൽ 6,500 രൂപയും 2014 സെപ്റ്റംബർ മുതൽ 15,000 രൂപയുമാണ്. ഉയർന്ന ശമ്പളക്കാർക്കും തുച്ഛമായ പെൻഷൻ ലഭിക്കാനുള്ള കാരണവും ഈ പരിധി നിശ്ചയിക്കൽ തന്നെ. 

ഉയർന്ന പെൻഷൻ ലഭിക്കേണ്ടവർ യഥാർഥ ശമ്പളത്തിന് ആനുപാതികമായ വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടതുണ്ട്. ഇപിഎഫ്ഒ നിശ്ചയിച്ച ശമ്പളപരിധിക്കുള്ള വിഹിതം മാത്രമാണ് നേരത്തേ ഫണ്ടിലേക്ക് അടച്ചിട്ടുണ്ടാകുക. 

ഇത് 2001 മേയ് വരെ മാസം 417 രൂപയും 2001 ജൂൺ മുതൽ 2014 ഓഗസ്റ്റ് വരെ മാസം 541 രൂപയും പിന്നീടിതുവരെ മാസം 1250 രൂപയുമാണ്. സർവീസിലുള്ളവരിൽനിന്ന് ഫണ്ടിലേക്ക് ലഭിക്കാനുള്ള ബാക്കി തുക പലിശ സഹിതം പിഎഫ് അക്കൗണ്ടിൽനിന്നു കിഴിവു ചെയ്യും. അതേ സമയം, വിരമിച്ചവർ പിഎഫ് തുക പിൻവലിച്ചുപോയതിനാൽ പ്രത്യേകമായി തിരിച്ചടയ്ക്കേണ്ടിവരും. ഇത്തരക്കാർക്കു പെൻഷൻ ലഭിക്കുമ്പോൾ വിരമിച്ചതു മുതലുള്ള കുടിശ്ശിക ലഭിക്കാനുണ്ടാകുമെന്നതിനാൽ ഒന്നിച്ച് അടയ്ക്കേണ്ടിവരുന്ന തുക മിക്കവാറും തിരികെ ലഭിക്കുകയും ചെയ്യും. 

നാലര കോടിയിലേറെ വരുന്ന ഇപിഎഫ് വരിക്കാർക്ക് ആശ്വാസമേകുന്ന തീരുമാനമാണ് സുപ്രീം കോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്. ഇതുവരെ സ്വയം കണ്ണടച്ച് ഇരുട്ടാക്കിയ ഇപിഎഫ്ഒ ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞ് തൊഴിലാളികൾക്ക് അർഹമായ ഉയർന്ന പെൻഷൻ നൽകുന്നതിനുള്ള നടപടികളിലേക്കു നീങ്ങുമെന്നു പ്രതീക്ഷിക്കാം.

പിഎഫ് പെൻഷൻ: വ്യത്യാസം ഇങ്ങനെ 

നിലവിലെ പെൻഷനും പുതിയ ഉത്തരവു പ്രകാരം ലഭിക്കേണ്ടുന്ന പെൻഷനും തമ്മിലുള്ള വ്യത്യാസം 

സാഹചര്യം –1 

പെൻഷൻ സ്കീം തുടങ്ങിയ 1995 നവംബറിൽ സർവീസിലുള്ളയാൾ 

2013 ഡിസംബറിൽ വിരമിച്ചപ്പോൾ ശരാശരി ശമ്പളം 50,000 ആയിരുന്നെന്നു കരുതുക. സേവന കാലാവധി 18 വർഷം. 

പഴയ നിരക്ക് 

കണക്കാക്കിയിരുന്ന ശമ്പളം: 6500 രൂപ 

പെൻഷൻ: 1671 രൂപ 

(18/70 x 6500) 

പുതിയ നിരക്ക് 

യഥാർഥ ശമ്പളം: 

50,000 രൂപ 

പെൻഷൻ: 12857 രൂപ 

(18/70 x 50,000) 

വർധന 

7.69 മടങ്ങ് 

സാഹചര്യം –2 

1995 നവംബർ മുതൽ സർവീസിലുള്ളയാൾ 2019 ഡിസംബറിൽ വിരമിക്കുന്നുവെങ്കിൽ 24 വർഷത്തെ സേവനകാലാവധിക്കു പുറമെ 2 വർഷം വെയ്റ്റേജ് കൂടി ലഭിക്കുന്നതിനാൽ 26 വർഷമായി ഉയരും. 

ശരാശരി ശമ്പളം 80,000 രൂപയെങ്കിൽ-

പഴയ നിരക്ക് 

കണക്കാക്കിയിരുന്ന ശമ്പളം: 1.9.2014 വരെ 6500 രൂപ, പിന്നീടിങ്ങോട്ട് 15,000 രൂപ 

പെൻഷൻ: 3121 രൂപ 

(രണ്ടും വെവ്വേറെ കണക്കാക്കണം) 

പുതിയ നിരക്ക് 

യഥാർഥ ശമ്പളം: 80,000 രൂപ 

പെൻഷൻ: 29714 രൂപ 

(26/70 x 80,000) 

വർധന 9.52 മടങ്ങ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com