ADVERTISEMENT

ന്യൂഡല്‍ഹി∙ തങ്ങളുടെ നയങ്ങള്‍ കൃത്യമായി പാലിക്കാത്തതിന്റെ പേരില്‍ ഫെയ്‌സ്ബുക് നടത്തിയ 'ശുചിയാക്കല്‍' പ്രക്രിയയില്‍ കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ പൊള്ളിയത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്. പൊതുതിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് എഴുന്നൂറോളം പേജുകളും അക്കൗണ്ടുകളുമാണ് ഫെയ്‌സ്ബുക് നീക്കം ചെയ്തത്. ഇതില്‍ കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ള 687 പേജുകള്‍ ഉള്‍പ്പെട്ടത് ഏറെ വിവാദമായിരുന്നു. അതേസമയം ബിജെപി അനുകൂല വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്ന 15 പേജുകളും നീക്കം ചെയ്തിട്ടുണ്ടെന്നു ഫെയ്‌സ്ബുക് അറിയിച്ചു.

ഒഴിവാക്കിയ 687 കോണ്‍ഗ്രസ് അനുകൂല പേജുകളെ രണ്ടു ലക്ഷം പേര്‍ മാത്രമാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ബിജെപിയെ അനുകൂലിച്ചിരുന്ന ഒരു പേജ്, 12 അക്കൗണ്ട്, ഒരു ഗ്രൂപ്പ്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവയ്ക്ക് 26 ലക്ഷം ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് അനുകൂല പേജുകള്‍ 2014 മുതല്‍ ഏതാണ്ട് 27 ലക്ഷം രൂപ ഫെയ്‌സ്ബുക് പരസ്യത്തിനായി ചെലവഴിച്ചപ്പോള്‍ ബിജെപി അനുകൂല പേജുകള്‍ 50 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്.

ഒരു ഐടി കമ്പനി അംഗീകാരമുള്ളതും വ്യാജവുമായ അക്കൗണ്ടുകള്‍ വഴി പ്രാദേശിക വാര്‍ത്തകളെക്കുറിച്ചും രാഷ്ട്രീയ പരിപാടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഫെയ്‌സ്ബുക് കണ്ടെത്തി. ഈ ഐടി കമ്പനിയെക്കുറിച്ച് അറിയില്ലെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. എന്നാല്‍ ഗുജറാത്തിലെ 17 സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ ഐടി കമ്പനിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 46 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നതും വിദേശകാര്യ മന്ത്രാലയത്തിനും രാഷ്ട്രപതിക്കും ആപ്പുകള്‍ തയാറാക്കുന്നതും ഈ ഐടി കമ്പനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പു കാലത്ത് തെറ്റായ വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനു തടയിടുന്നതിന്റെ ഭാഗമായിട്ടാണ് ഫെയ്‌സ്ബുക് ശുചിയാക്കല്‍ നടപടി സ്വീകരിച്ചത്. 

English Summary: In Facebook Clean-Up Act, BJP May Have Taken Bigger Hit Than Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com