ADVERTISEMENT

പ്രചാരണവേളയിൽ വാഗ്ദാനം കൊടുക്കുന്ന രീതിയല്ല തനിക്കുള്ളതെന്നും ജനഅഭിലാഷത്തിനൊത്ത് അത് ചെയ്യാൻ ശ്രമിക്കുന്നയാളാണ് താനെന്നും അൽഫോൻസ് കണ്ണന്താനം. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മനോരമ ഓൺലൈന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രത്യേക വിഡിയോ അഭിമുഖപരമ്പര ‘മാനിഫെസ്റ്റോ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിൽ നിന്ന്...

എംപി ആയാൽ എന്തിനാണ് പ്രഥമ പരിഗണന?

ഞാനൊരു വാഗ്ദാനവും കൊടുക്കുന്ന ആളല്ല. രാഷ്ട്രീയത്തിൽ ഞാൻ ഒരു ഓഫിസിൽ ഇരുന്നത് കാഞ്ഞിരപ്പള്ളി എംഎൽഎ ആയിട്ടാണ്. ഞാൻ ഐഎഎസ് രാജിവച്ച് കാഞ്ഞിരപ്പള്ളിയിൽ വന്നപ്പോൾ എല്ലാവരും ചോദിച്ചു എന്താണ് നിങ്ങളുടെ പ്ലാൻ ? ബാക്കിയുള്ള സ്ഥാനാർഥികൾക്കൊക്കെ വലിയ പ്ലാനുണ്ടല്ലോ. ‘ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും’ എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങള്‍ക്ക് എന്താണാവശ്യം, ഈ ഗ്രാമത്തിന് എന്താണാവശ്യം എന്ന് നിങ്ങൾ പറഞ്ഞാൽ അത് വിദഗ്ധരുമായി ചർച്ച ചെയ്ത് നമ്മളൊരു പ്രോജക്ട് ഉണ്ടാക്കി അതനുസരിച്ച് കാര്യങ്ങൾ ചെയ്യാം എന്ന് ഞാൻ അവരോട് പറഞ്ഞു. അല്ലാതെ ഞാനൊരിക്കലും ഒരു വാഗ്ദാനം കൊടുക്കില്ല. ജനങ്ങൾ പറയുന്നതു കേട്ട് അത് ചെയ്യാൻ ശ്രമിക്കുന്നയാളാണ് ഞാൻ. എന്റെ കാഴ്ചപ്പാടിൽ അതാണ് ജനാധിപത്യം. അല്ലാതെ ഞാനൊരു ഐഎഎസുകാരനാണ്, എനിക്കെല്ലാം അറിയാം, ഞാൻ ഇത് നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോവുകയാണ് എന്ന നിലപാടൊന്നും എനിക്കില്ല.

മാലിന്യ നിർമാർജനമൊക്കെ കൊച്ചിയെ സംബന്ധിച്ച് പ്രധാനമല്ലേ ?

കൊച്ചിയെപ്പോലെ ഇത്രയും മനോഹരമായ സ്ഥലം ലോകത്ത് വേറെവിടെയാണുള്ളത്. എറണാകുളത്ത് ടൂറിസത്തിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്. കാരണം ലോകത്തിലെ ഒരുപാട് ആളുകൾ കൊച്ചിയിൽ വരുന്നുണ്ട്. കൊച്ചിയെ ടൂറിസത്തിന്റെ ഒരു ഹബ്, ഒരു കേന്ദ്രം ആക്കണം. അതിനുള്ള എല്ലാ പോസിബിലിറ്റിയും ഉണ്ട്. കൊച്ചിയെ നമ്മൾ അന്തർദേശീയ നിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷൻ ആക്കണമെന്നുണ്ടെങ്കിലുള്ള ആദ്യത്തെ കണ്ടീഷന്‍ എന്താണ്? ഇവിടെ ഈ ചപ്പുചവറുകളും മറ്റും റോഡിലൊക്കെ ഇടാതെ ഇവിടം വൃത്തിയുള്ളതാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ആവശ്യം തന്നെ ഇന്ത്യ വൃത്തിയായിരിക്കണം എന്നതാണ്.

എന്താണ് ഇത്തവണത്തെ ബിജെപിയുടെ പ്രധാന പ്രചാരണവിഷയങ്ങൾ ?

ഞാൻ പ്രധാനമായി പറയുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് പ്രധാനമന്ത്രി മോദിക്ക് ഇനി ഒരു അഞ്ചു വർഷം കൂടി കൊടുക്കണം അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അദ്ദേഹം എങ്ങനെ പ്രവർത്തിച്ചു എന്നു നാം നോക്കണം. ഏറ്റവും പ്രധാനം മോദി സർക്കാർ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചിരിക്കുന്നത് പാവങ്ങൾക്കു വേണ്ടിയാണ്. ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ പല പല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. കണക്കു നോക്കിയാല്‍ ഈ നാലര വർഷം കൊണ്ട് ഇന്ത്യൻ ചരിത്രത്തിൽ 60 വർഷങ്ങൾ കൊണ്ടൊക്കെ നടക്കാത്ത കാര്യങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം. 34 കോടി പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറന്നു. അതുപോലെ ആറര കോടി എൽപിജി കണക്‌ഷൻ കൊടുത്തു. ഈ വർഷം അവസാനം ആകുമ്പോഴേക്കും എട്ടു കോടി കണക്‌ഷനുകൾ കൊടുത്തിരിക്കും. ഈ സർക്കാർ അധികാരത്തിൽ വന്ന സമയം വെറും 38 % ആൾക്കാർക്കാണ് ടോയ്‍ലറ്റ് ഉണ്ടായിരുന്നത്. ഒരു രാജ്യത്തെ 62% ആൾക്കാരും ‘വെളിയിലാണ്’ പ്രാഥമികാവശ്യങ്ങൾ നിര്‍വ്വഹിച്ചിരുന്നത് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണ് ? ഇന്ത്യ മൊത്തം ശരിക്കു പറഞ്ഞാൽ ഒരു ടോയ്‍ലറ്റായിരുന്നു എന്നാണ്. മോദി ആദ്യം പറഞ്ഞത് എല്ലാവർക്കും ടോയ്‍ലറ്റ് സൗകര്യം ഏർപ്പെടുത്തണം എന്നാണ്. ഇന്ന് പത്തരക്കോടി ടോയ്‍ലറ്റുകളാണ് ഈ സർക്കാർ നിർമ്മിച്ചു നൽകിയിരിക്കുന്നത്. 38% ആള്‍ക്കാരിൽ നിന്ന് 98% ആളുകള്‍ക്കും ടോയ്‍ലറ്റ് സൗകര്യം ഏർപ്പെടുത്തുവാൻ ഈ സർക്കാരിനു സാധിച്ചു. രണ്ടു കോടി അറുപത് ലക്ഷം ആൾക്കാർക്ക് ഫ്രീയായിട്ട് കറന്റ് കണക്‌ഷൻ കൊടുത്തു. ഇതൊരു അദ്ഭുതമല്ലേ. 2022 ആകുമ്പോഴേക്കും എല്ലാവർക്കും വീടുകൾ കൊടുക്കും. ഇതുവരെ ഏതാണ്ട് ഒന്നരക്കോടിയോളം വീടുകൾ ഉണ്ടാക്കി കൊടുത്തു കഴിഞ്ഞു. ആക്സിഡന്റുണ്ടായാൽ വെറും 12 രൂപയ്ക്ക് രണ്ടു ലക്ഷം രൂപ ഇൻഷുറൻസ്. 300 രൂപയ്ക്ക് രണ്ടു ലക്ഷം രൂപ ലൈഫ് ഇൻഷുറൻസ്. ലോകത്തിലെവിടെയെങ്കിലും നടക്കുന്നുണ്ടോ ഇങ്ങനെ? ഏത് പാവപ്പെട്ടവനും ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിൽ പോകാം. ഇതിന് അഞ്ചു ലക്ഷം രൂപ ഗവൺമെന്റ് നൽകും. ഇത്രയും കാര്യങ്ങളൊക്കെ മോദി ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് ഒരു അഞ്ചു വർഷം കൂടി കിട്ടണ്ടേ ?

kannanthanam

ഐഎഎസ് കാലത്തെ അനുഭവങ്ങൾ രാഷ്ട്രീയത്തിൽ ഗുണം ചെയ്തിട്ടുണ്ടോ ?

ഞാൻ 40 വർഷമായി പൊതുജീവിതത്തിൽ ഉണ്ട്. ഡൽഹി കമ്മീഷണറായിരുന്നപ്പോൾ ഞാൻ ഓഫിസിൽ മാത്രമിരുന്നുള്ള പ്രവർത്തനമല്ല ചെയ്തത്. 14,310 കൊട്ടാരങ്ങൾ ‍‍ഞങ്ങൾ ഇടിച്ചു പൊളിച്ചപ്പോൾ എല്ലാവരും പറ‍ഞ്ഞു ഇതൊരു അദ്ഭുതമാണല്ലോ എന്ന്. ഞാൻ പറ‍ഞ്ഞത് ഇത് അദ്ഭുതമല്ല ഇത് ഞാൻ ചെയ്യേണ്ട ജോലിയാണ്. അത് ഞാൻ ചെയ്തു. ഡൽഹിയിലെ വലിയ മാഫിയാ നേതാവായിരുന്ന എച്ച്.കെ.എൽ ഭഗത്തിന്റെ കെട്ടിടമാണ് ഞാനാദ്യം ഇടിച്ചു പൊളിച്ചത്. രണ്ടു ലക്ഷം സ്ക്വയർ ഫീറ്റ് വലുപ്പമുള്ള കെട്ടിടം ഇടിച്ചു പൊളിക്കാൻ 10,000 പൊലീസുകാരും 25 ബുൾഡോസറും ഒപ്പം ഞാനും എന്റെ നായയുമാണ് പോയത്. അതൊക്കെ ഒരു ‘ഷോ’ ആണ്. അങ്ങനെയുള്ള ചില ‘ഷോ’ കാണിച്ചാലെ കാര്യങ്ങൾ നടക്കൂ.

കോട്ടയം കലക്ടറായിരുന്നപ്പോൾ കോട്ടയത്തെ ആദ്യത്തെ സാക്ഷര നഗരമാക്കി, ഇന്ത്യയിലാദ്യമായി ഒരു ജനസമ്പർക്ക പരിപാടി നടത്തി. എൻട്രൻസ് പരീക്ഷയുടെ റിസൽറ്റ് സാധാരണ രണ്ടു മാസം കഴിഞ്ഞാണ് വരാറുള്ളത്. ഞാൻ എൻട്രൻസ് കമ്മീഷണറായ സമയത്ത് ഞങ്ങൾ ഏഴാം ദിവസം റിസൽട്ട് പുറത്തിറക്കി. ഇത് ഞാനല്ല ഞങ്ങളുടെ ഓഫിസ് ആണ് ചെയ്യുന്നത്. 82 ലക്ഷം ആൾക്കാരുടെ സഹകരണത്തോടെയാണ് കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ വാർഡ് ആശുപത്രി ഉണ്ടാക്കിയത് ഇതെല്ലാം ജനപങ്കാളിത്തത്തോടെയാണ് നടത്തിയത്. അതു കൊണ്ട് ജനങ്ങളോട് എങ്ങനെ ഇടപെടണം അവരുടെ ആവശ്യങ്ങൾ എങ്ങനെ നടത്തണം എന്നൊക്കെ എനിക്കറിയാം. അതു തന്നെയാണ് എംഎൽഎ ആയിരുന്ന കാലത്തും ഇപ്പോൾ മന്ത്രിയായ സമയത്തും എനിക്ക് മുതൽക്കൂട്ടാകുന്നത്.

രാഷ്ട്രീയക്കാർ അഴിമതിക്കാരാണെന്നും ഐഎഎസ് ഉദ്യോഗസ്ഥർ അങ്ങനെയല്ലെന്നും ചില സിനിമകളിലെങ്കിലും കണ്ടിട്ടുണ്ട്. താങ്കൾ ഐഎഎസ് വിട്ട് രാഷ്ട്രീയത്തിലെത്തിയ ആളാണ്. എന്തു തോന്നുന്നു ഇതേക്കുറിച്ച് ?

ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം എന്താണ് ? രാഷ്ട്രീയവും രാഷ്ട്രീയക്കാരുമാണ്. രാഷ്ട്രീയം ചീത്തയാണെന്ന് പലരും എന്നോട് പറഞ്ഞു. പക്ഷേ ഞാനങ്ങനെ കരുതുന്നില്ല. ഐഎഎസ് രാജിവച്ച് കാ‍ഞ്ഞിരപ്പള്ളിയിൽ വന്ന് 34–ാമത്തെ ദിവസം ജനങ്ങൾ എന്നെ തിരഞ്ഞെടുത്തു. രാവിലെ ആറു മണിക്ക് ഇറങ്ങി ഓരോ പഞ്ചായത്തിലും ചെന്ന് ഓരോ ആവശ്യങ്ങളും അറിഞ്ഞ് 350 കോടി രൂപ ഞങ്ങൾ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്ക് കൊടുത്തു. അവിടുത്തെ സിവിൽ സ്റ്റേഷൻ ആയിരം ദിവസങ്ങൾ കൊണ്ട് തീർക്കേണ്ടിയിരുന്നതാണ്, എന്നാൽ അത് 427 ദിവസങ്ങൾ കൊണ്ട് തീർത്തു. രാഷ്ട്രീയം മോശമല്ല എന്ന് തെളിയിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. നമ്മുടെ ഉദ്യോഗസ്ഥർ മിടുക്കന്മാരാണ്, കേരളത്തിൽ ജനങ്ങൾ സ്മാർട്ടുമാണ്. ഇവരുമായി ഒരുമിച്ച് പ്രവർത്തിച്ചാൽ നമുക്ക് അദ്ഭുതങ്ങൾ കാണിക്കാൻ പറ്റും.

alphons-kannanthanam-1

ബിജെപിയുടെ വർഗീയ പാർട്ടിയാണ്, അവരുടെ നിലപാട് ന്യൂനപക്ഷ വിരുദ്ധമാണ് എന്നൊക്കെ ഒരു ധാരണയുണ്ടല്ലോ. താങ്കളുടെ അഭിപ്രായം എന്താണ് ?

2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് വലിയ ക്യാംപെയിനായിരുന്നു. ബിജെപി ന്യൂനപക്ഷങ്ങളുടെ നട്ടെല്ലൊടിക്കും എല്ലാ പള്ളികളും കത്തിച്ചു കളയും എന്നായിരുന്നു അന്ന് എല്ലാവരും പറഞ്ഞിരുന്നത്. ഈ അഞ്ചു വർഷത്തിനിടെ ഒരൊറ്റ ക്രിസ്ത്യാനിക്ക് അടി കൊണ്ടിട്ടുണ്ടോ? എവിടെ എങ്കിലും ഒരു പള്ളി കത്തിച്ചു കളഞ്ഞിട്ടുണ്ടോ ? ന്യൂനപക്ഷങ്ങൾക്കു വേണ്ടി ഈ സർക്കാർ എന്താണ് ചെയ്തിരിക്കുന്നത് ? ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി എത്ര കോടികളാണ് സർക്കാർ മുടക്കിയത്. ഇറാഖിൽ നിന്ന് നഴ്സുമാരെ തിരിച്ചു കൊണ്ടു വന്നു. ഫാ. അലക്സിനെയും ഫാ. ടോം ഉഴുന്നാലിനെയും രക്ഷിച്ച് തിരികെയെത്തിച്ചത് ആരാണ് ? ഈ സർക്കാരല്ലേ ? ന്യൂനപക്ഷങ്ങളുടെ ഏറ്റവും സുരക്ഷിതമായ സമയമായിരുന്നു കഴിഞ്ഞ നാലരവർഷം. കോൺഗ്രസ് ഭരിച്ചു കൊണ്ടിരുന്നപ്പോൾ എല്ലാ ആഴ്ചയിലും ഇവിടെ വർഗീയലഹളകൾ നടന്നിരുന്നു. മതപരിവർത്തന നിയമം കൊണ്ടു വന്നതു തന്നെ കോൺഗ്രസുകാരാണ്. ഈ പ്രധാനമന്ത്രി പറഞ്ഞത് ഞാൻ നിങ്ങളുടെ കൂടെയുണ്ടെന്നാണ്. ഒരു എംപി പോലും അല്ലായിരുന്ന എന്നെ ഒരു സ്വതന്ത്ര ചുമതലയുള്ള ഏറ്റവും പ്രധാനപ്പെട്ട ടൂറിസം വകുപ്പിന്റെ മന്ത്രിയാക്കി. ഞാനും ഒരു ന്യൂനപക്ഷവിഭാഗക്കാരനല്ലേ ?

സമൂഹമാധ്യമങ്ങളിൽ താങ്കൾക്കെതിരെ ഒരുപാട് ട്രോളുകൾ വരാറുണ്ട്. അവയൊക്കെ ശ്രദ്ധിക്കാറുണ്ടോ ?

ഞാൻ ഇതൊന്നും കാണാറില്ല. ശ്രദ്ധിക്കാറുമില്ല. എന്റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നത് വേറെ ആളുകളാണ്. ഞാൻ ചാലക്കുടിയിൽ വോട്ട് ചോദിച്ചു എന്നു പറഞ്ഞ് ആരൊക്കെയോ കളിയാക്കി. ഞാൻ ഞങ്ങൾക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത്. അല്ലാതെ എനിക്കല്ല. ഞാൻ ഇന്ത്യയിലുടനീളം വോട്ട് ചോദിക്കുന്നത് ഈ സർക്കാരിനു വേണ്ടിയാണ്. തിരുവനന്തപുരത്തുപോയി കുമ്മനത്തിനു വേണ്ടിയും വോട്ട് ചോദിച്ചു. ഇതെന്റെ ഉത്തരവാദിത്തമാണ്. പ്രളയത്തിൽ എനിക്കെതിരെ വന്ന ഒരു ട്രോൾ ഞാൻ ക്യാംപിൽ കിടന്നു എന്നാണ്. വേറെ ഏതെങ്കിലും ഒരു മന്ത്രി ക്യാംപിൽ പോയി കിടന്നിട്ടുണ്ടോ ? ട്രോൾ വന്നപ്പോൾ ഞാനെന്താ ചെയ്തത് ഞാൻ അടുത്ത ക്യാംപിൽ പോയി കിടന്നു. ഞാൻ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരുടെ കൂടെ ഭക്ഷണം കഴിച്ച് അവരോടൊപ്പം ഉണ്ടായിരുന്നു. പിന്നെ ഇതൊക്കെ കണ്ട് ചിരിക്കുന്നവർ ചിരിക്കട്ടെ. കേരളത്തിൽ എന്തെങ്കിലും നല്ല വാർത്തകൾ നടക്കുന്നുണ്ടോ? ഇവിടുത്തെ നല്ല ആരോഗ്യവും വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ മുഴുവൻ വിദേശത്തേക്ക് പോവുകയാണ്. ഈ എൽഡിഎഫും യുഡിഎഫും കൂടി ഭരിച്ചിട്ട് കേരളം കുളമാക്കി കളഞ്ഞു. എന്നെക്കുറിച്ചുള്ള ട്രോൾ കണ്ട് ആരെങ്കിലും സന്തോഷിക്കുന്നെങ്കിൽ സന്തോഷിക്കട്ടെ. അത്രയെങ്കിലും എനിക്ക് കേരളത്തിനു വേണ്ടി ചെയ്യാൻ സാധിച്ചല്ലോ.

alphons-kannanthanam-2

എതിരാളികൾ ചെറുപ്പക്കാരാണ്. കൊച്ചിയിലെ താങ്കളുടെ വിജയപ്രതീക്ഷ എത്രത്തോളമാണ് ?

ഞാൻ ചെറിയൊരു ചലഞ്ച് വേണമെങ്കിൽ പറയാം. ഞാൻ ഡൽഹിയിലുള്ളപ്പോൾ അഞ്ചു കിലോമീറ്റർ ഓടുന്നയൊരാളാണ്. ഈ മൂന്നു സ്ഥാനാർത്ഥികളുമായി ഒന്ന് ഓടി നോക്കാം ആരാ ചെറുപ്പം എന്ന്. ഇവിടെ മത്സരിക്കുന്ന ബാക്കി രണ്ടു പേർ മോശക്കാരാണെന്ന് ഞാൻ പറയില്ല. എന്റെ സുഹൃത്തുക്കളാണ്. എനിക്ക് നല്ല പ്രതീക്ഷയാണ്. കാരണം ജനങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്തൊക്കെയോ അവർ പ്രതീക്ഷിക്കുന്നുണ്ട് എന്നറിയാം. എനിക്ക് എന്തൊക്കെയോ ചെയ്യാൻ പറ്റുമെന്ന പ്രതീക്ഷ അവരുടെ മനസ്സില്‍ ഞാൻ കാണുന്നുണ്ട്. ‌എല്ലായിടത്തും പോകാൻ സാധിച്ചിട്ടില്ല. പ്രധാനപ്പെട്ട കുറച്ച് ആളുകളെ കണ്ടു. പര്യടനം തുടങ്ങുന്നതേയുള്ളൂ. എന്നാലും പരമാവധി ആളുകളെ കണ്ട് വോട്ട് ചോദിച്ച് മുന്നോട്ടു പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com