ADVERTISEMENT

കൽപറ്റ∙ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന‌ു വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും എത്തിയേക്കും. നാമനിർദേശ പത്രിക നല്‍കാന്‍ രാഹുൽ എത്തുന്നതിനൊപ്പം പ്രിയങ്കയും എത്തുമെന്നാണു സൂചന. എഐസിസിയുടെ സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാല്‍ പ്രിയങ്കയെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനു കര്‍ശന സുരക്ഷാ വ്യവസ്ഥകളാണ് എസ്പിജി ഏർപ്പെടുത്തിയിരിക്കുന്നത്. രാഹുലിനൊപ്പം വരണാധികാരിയുടെ ഒാഫിസില്‍ കയറാനാവുക നാലു പേര്‍ക്കു മാത്രം. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ബുധനാഴ്ച കോഴിക്കോട്ട് എത്തുന്ന രാഹുല്‍ വ്യാഴാഴ്ചയാണ് പത്രിക നല്‍കുക. പത്രികാ സമര്‍പ്പണത്തിനുശേഷം മണ്ഡലത്തിലെ നേതാക്കളുമായി ചര്‍ച്ചയ്ക്കും സമയം നിശ്ചയിച്ചിട്ടുണ്ട്.

കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ നാളെ വൈകിട്ട് ട്രയല്‍ റണ്‍ നടക്കും. 400 മീറ്ററാണു നോമിനേഷന്‍ കൊടുക്കുന്ന വയനാട് കലക്റേറ്റിലേക്കുള്ള ദൂരം. റോഡിന് ഇരുവശത്തുമുള്ള പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നീങ്ങും. കലക്ടറേറ്റില്‍നിന്നു പുറത്തേക്കു പോകുന്ന ഗേറ്റിനു സമീപം ഇറങ്ങി ഹാളിലേക്കു നടന്നു പോകും. രാഹുല്‍ ഗാന്ധിയോടൊപ്പം നാലു പേര്‍ക്കു മാത്രമേ കലക്ടറുടെ ചേംബറിലേക്ക് കയറാന്‍ അനുമതിയുള്ളു.

പരമാവധി 10 മിനിറ്റിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണു നിര്‍േദശം. നോമിനേഷന്‍ കൊടുത്തതിനു ശേഷം രാഹുല്‍ സമീപത്തുള്ള ഓഡിറ്റോറിയത്തില്‍ വയനാട് മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തും. മുതിര്‍ന്ന നേതാക്കള്‍ക്കു മാത്രമേ ഇതില്‍ പങ്കെടുക്കാനാകൂ എന്നും പരമാവധി എണ്ണം കുറയ്ക്കണമെന്നും എസ്പിജി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട്ടിലെ നിലവിലെ സാഹചര്യങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളും രാഹുല്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യും.

ഇന്നലെ കലക്ടറുടെ ചേബറില്‍ നടന്ന യോഗത്തിൽ എസ്പിജി സംഘം ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയുമായും സുരക്ഷാസംഘം ചര്‍ച്ചനടത്തി. മാവോയിസ്റ്റ് ഭീഷണിക്കെതിരെയുള്ള ജാഗ്രതാ നടപടികള്‍ പൊലീസ് എസ്പിജി സംഘത്തെ ധരിപ്പിച്ചു.

നിലവിലെ ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തരാണ് എസ്പിജി സംഘം. നാമനിർദേശപത്രിക കൊടുക്കുന്ന ദിവസം പത്തുമണിക്കുശേഷം രാഹുലിന്റെ സംഘത്തിലെ ആൾക്കാരൊഴികെ വേറൊരാളെപ്പോലും കലക്ടറേറ്റ് വളപ്പിനുള്ളിലേക്ക് കടത്തിവിടില്ല.

English Summary: Priyanka Gandhi may accompany Rahul Gandhi to Wayanad, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com