ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി  ദക്ഷിണേന്ത്യന്‍ ജനതയോടു ശത്രുതാപരമായ സമീപനമാണു സ്വീകരിക്കുന്നതെന്നു കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. ദക്ഷിണേന്ത്യയില്‍ വര്‍ഗീയത പടര്‍ത്താനാണു ബിജെപി ശ്രമം. ഇക്കാരണത്താൽ  അവരോടൊപ്പം നില്‍ക്കുന്നുവെന്നു വ്യക്തമാക്കാനാണ് താന്‍ കേരളത്തില്‍ മത്സരിക്കുന്നതെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

ദേശീയ സുരക്ഷ, അഴിമതി. വിദേശകാര്യ നയം തുടങ്ങിയ വിഷയങ്ങളിൽ പരസ്യ സംവാദത്തിനു രാഹുൽ മോദിയെ വെല്ലുവിളിച്ചു. മോദി സര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിച്ചു, താന്‍ ദക്ഷിണേന്ത്യക്കൊപ്പമാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളില്‍ വീഴില്ല. ചൗക്കീദാര്‍ കള്ളനാണെന്നും പക്ഷേ ഒളിച്ചോടാനാവില്ലെന്നും പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടുള്ളതാണു പ്രകടനപത്രികയെന്നു രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. വ്യാജ ഉറപ്പുകളൊന്നും അതിലില്ല. ജനങ്ങളുടെ ശബ്ദമാണ് അതിലൂടെ പ്രചരിക്കുന്നത്. എല്‍ജിബിടി വിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കും. സ്ത്രീകളെ  മുന്‍നിരയിലേക്കു കൊണ്ടുവരും, ന്യായ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ പ്രകടനപത്രികയില്‍ യാതൊരു കള്ളത്തരവുമില്ല. കാരണം ദിവസേന ഒട്ടേറെ നുണകള്‍ കേള്‍ക്കുന്ന ഒരു സമൂഹത്തിലാണു നാം കഴിയുന്നതെന്നും രാഹുല്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ആദ്യദിനം തന്നെ റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്നും രാഹുല്‍ പറഞ്ഞു. 

വയനാടിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പു പരാജയം മുന്നിൽ കണ്ട് ഇന്ത്യയുടെ സംസ്‌കാരത്തെ അപമാനിക്കുന്ന നിലയിലേക്കു  ഇന്ത്യയുടെ പ്രധാനമന്ത്രി അധഃപതിച്ചുവെന്നതു സങ്കടകരമാണ്.

വെറുപ്പിന്റെ വിത്തുകള്‍ വിതച്ചു വിലകുറഞ്ഞ രാഷ്ട്രീയമാണു മോദി കളിക്കുന്നതെന്നും മതപരമായി ജനത്തെ വേര്‍തിരിച്ചതിലൂടെ മോദി ജനപ്രാതിനിധ്യ നിയമത്തിന്റെ 123-ാം വകുപ്പു ലംഘിച്ചെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ വർഗീയ പരമാർശം. ഹിന്ദു മേഖലകളിൽ മത്സരിക്കാതെ കോൺഗ്രസ് നേതാക്കൾ മറ്റിടങ്ങളിലേക്കു മത്സരിക്കാൻ പോവുകയാണെന്നു രാഹുൽ ഗാന്ധിയുടെ പേരു നേരിട്ടു പരാമർശിക്കാതെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ മോദി പരിഹസിച്ചിരുന്നു.

കോൺഗ്രസ് എന്നും ഹിന്ദുക്കൾക്ക് എതിരായിരുന്നു. ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ചിരുന്ന അവരിപ്പോൾ, അതിന്റെ ഫലം അനുഭവിക്കുകയാണ്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മണ്ഡലങ്ങളിലേക്കാണ് ചില നേതാക്കൾ അഭയാർഥികളെപ്പോലെ പോകുന്നതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

പ്രസ്താവന വൻ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു. രാജ്യത്തെ ജനങ്ങളെ മതപരമായി വേർതിരിച്ചുകാണുന്നതാണു മോദിയുടെ നയമെന്നു സിപിഎമ്മും കോൺഗ്രസും ആരോപിച്ചു.

English summary ;South Feels Hostility From Narendra Modi says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com