ADVERTISEMENT

മലപ്പുറം ∙ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ വിവാദ പരാമർശത്തെക്കുറിച്ച് പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. രമ്യ ആലത്തൂർ ഡിവൈഎസ്പിക്കു നൽകിയ പരാതിയിലാണു നടപടി. തിരൂർ ഡിവൈഎസ്പി ടി.ബിജു ഭാസ്കറിനാണ് അന്വേഷണച്ചുമതല. രമ്യ ഹരിദാസിന്റെ മൊഴി കൂടി ഉൾപ്പെടുത്തി രണ്ടു ദിവസത്തിനകം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. തിരൂർ പൊലീസ് സബ് ഡിവിഷനിലെ പൊന്നാനിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു വിജയരാഘവന്റെ സഭ്യേതര പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പൊന്നാനി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവൻ നടത്തിയ പരാമർശം അന്വേഷിക്കാൻ തൃശൂർ റേഞ്ച് ഐജിക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി ഡിജിപി ഐജിക്കു കൈമാറുകയായിരുന്നു. ഐജി ഇത് തിരൂർ ഡിവൈഎസ്പിക്കു നൽകി. ഇതിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ലൈംഗികച്ചുവയോടെ സംസാരിച്ചതിന് കേസെടുക്കണമെന്നാണ് ആവശ്യം.

രണ്ടു ദിവസത്തിനകം മലപ്പുറം എസ്പിക്ക് റിപ്പോര്‍ട്ട് നൽകുമെന്ന് ഡിവൈഎസ്പി അറിയിച്ചു. അതേസമയം, സംഭവത്തിൽ സ്ഥാനാർഥി രമ്യ ഹരിദാസിന്റെ മൊഴിയെടുക്കും. വനിത പൊലീസ് സംഘം ആലത്തൂരെത്തിയാകും മൊഴിയെടുക്കുക.

പൊന്നാനി എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് വിജയരാഘവൻ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചത്. ഇതിനിടെ വലിയ വിമർശനമാണ് ഉയർന്നത്. പരാമർശം തന്നെ വ്യക്തിപരമായി വിഷമിപ്പിച്ചുവെന്ന് രമ്യ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഡിവൈഎസ്പി ഓഫിസിലെത്തി പരാതി നൽകുകയും ചെയ്തു. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 354 എ (1) (4) അനുസരിച്ചും പട്ടികവിഭാഗക്കാർക്കെതിരെ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം അനുസരിച്ചും കേസെടുക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നത്.

രമ്യയ്ക്കെതിരായ വിവാദപരാമർശത്തിൽ വിശദീകരണവുമായി വിജയരാഘവൻ ഇന്നലെ രംഗത്തെത്തിയിരുന്നു. എന്നാൽ സഭ്യേതരവാക്കുകൾ പിൻവലിക്കാൻ തയാറായില്ല.

English Summary: DGP directed Thrissur IG to enquire about LDF convenor's comment against Alathur Congress candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com