ADVERTISEMENT

ബെയ്റൂട്ട്∙ യുഎസിലേക്കു മടങ്ങിവരാൻ അനുവദിച്ചാൽ താൻ എല്ലാവർക്കും മാതൃകയായ വ്യക്തിയായിരിക്കുമെന്ന് ഐഎസ് വധു ഹുദാ മുത്താന. എനിക്ക് നാട്ടിലേക്ക് തിരിച്ചുവരണം. എന്റെ മകൻ കുടുംബത്തെ കാണണമെന്ന് ആഗ്രഹമുണ്ട്. അവർക്കൊപ്പം അവൻ സുരക്ഷിതനായിരിക്കണം. സിറിയയിൽ അവൻ സുരക്ഷിതനല്ല. എന്നോട് സർക്കാർ എന്തു പറഞ്ഞാലും കുഴപ്പമില്ലെന്നും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ മുത്താന പറയുന്നു.

അമേരിക്കയെ ഞാനൊരിക്കലും വെറുത്തിട്ടില്ല. ഇനി അങ്ങനെയുണ്ടാകുകയുമില്ല. ഞാനൊരു കുറ്റകൃത്യവും ഇതുവരെ ചെയ്തിട്ടില്ല. ഭാവിയിൽ ഒന്നും ചെയ്യില്ലെന്നതിൽ എനിക്ക് ഉറപ്പുമുണ്ട്. ഞാൻ സിറിയയിലേക്ക് വന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഭീകരഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതിനാണെന്ന് എനിക്ക് അറിയാമെന്നും മുത്താന പറയുന്നു.

പത്തൊമ്പതാമത്തെ വയസിലാണ് മുത്താന സിറിയയിലേക്ക് ഒളിച്ചോടുന്നത്. കോളജ് ആവശ്യത്തിനെന്നു പറഞ്ഞ് വാങ്ങിയ പണം കൊണ്ട് തുർക്കി വരെ എത്തി. അവിടെ നിന്നും സിറിയയിലേക്ക് അതിർത്തി വഴി കടന്നു. സിറിയയിൽ എത്തിയ ശേഷം വീട്ടിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. ഇരുപത്തിനാല് വയസിനുള്ളിൽ മൂന്ന് ഐഎസ്ഐസുകാരെ വിവാഹം കഴിച്ചു. അതിൽ ആരും തന്നെ ജീവിച്ചിരിപ്പില്ല. എല്ലാവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്.

യുഎസിൽനിന്ന് റാഖയിലെത്തിയ തന്നെ ഒരു വീട്ടിൽ മറ്റു സ്ത്രീകൾക്കൊപ്പം പൂട്ടിയിട്ടുവെന്നും മുത്താന പറഞ്ഞു. ഓസ്ട്രേലിയക്കാരനായ ആദ്യ ഭർത്താവുമായുള്ള വിവാഹം വരെ ഇവിടെ തടവുകാരിയായിരുന്നു. ആദ്യ കാലങ്ങളിൽ ഐഎസിനൊപ്പമുള്ള ജീവിതം മെച്ചപ്പെട്ടതായിരുന്നു. കൃത്യസമയത്ത് ആഹാരം ലഭിക്കുമായിരുന്നു. ഖിലാഫത്തിനെക്കുറിച്ചുള്ള പഠിപ്പിക്കലുകളും ഉണ്ടായിരുന്നു. എന്നാൽ പോരാട്ടം കനത്തോടെ ജീവിതവും ദുസഹമായി.

ഓൺലൈൻ വഴിയാണ് മുത്താന ഐസ്ഐഎസിലേക്ക് ആകൃഷ്ടയാകുന്നത്. യുഎസിലേക്ക് തിരികെ പ്രവേശിപ്പിച്ചാൽ നല്ല പൗരയായി തുടരാമെന്നാണ് മുത്താന പറയുന്നത്. എന്നാൽ ട്രംപ് ഇത് അംഗീകരിച്ചിട്ടില്ല. മുത്താനയ്ക്കോ മകനോ അമേരിക്കൻ പൗരത്വം തിരികെ നൽകില്ലെന്ന് ട്രംപ് അറിയിച്ചു. ഷമീന എന്ന യുവതിയും ഇതേ ആവശ്യവുമായി എത്തിയിരുന്നു അതും അംഗീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com