ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേയുടെ ആദ്യ ഘട്ടം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് നേട്ടം. സര്‍വേ ഫലം പുറത്തുവന്ന പത്തു മണ്ഡലങ്ങളില്‍ ഏഴിലും യുഡിഎഫിനാണ് മുന്‍തൂക്കം. രണ്ടിടത്ത് ഇടതിനും. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. 20 മണ്ഡലങ്ങളിലെ  8616 വോട്ടര്‍മാരില്‍ നിന്ന്  ബൃഹത്തായ വിവരശേഖരണം നടത്തിയാണ് മനോരമ ന്യൂസ്–കാര്‍വി അഭിപ്രായസര്‍വേ ഫലം പുറത്തുവിടുന്നത്.  മുന്നണികള്‍ തമ്മില്‍ രണ്ടുശതമാനവും അതില്‍ താഴെയും വ്യത്യാസമുള്ള മണ്ഡലങ്ങളെ ഒരുമുന്നണിയുടെയും കണക്കില്‍ പെടുത്താതെ ഫോട്ടോഫിനിഷ് മണ്ഡലങ്ങളെന്നാണ് കണക്കാക്കിയത്. ആദ്യഘട്ടത്തില്‍ അക്ഷരമാലാക്രമത്തില്‍ പത്തുമണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിനാണ് മേല്‍ക്കൈ. 

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ നേരിയ വ്യത്യാസത്തില്‍ ഇടതുമുന്നണി മുന്നിലാണെന്നാണ് സര്‍വേ ഫലം. എല്‍ഡിഎഫിന് 47, യുഡിഎഫിന് 44, എന്‍ഡിഎയ്ക്ക് നാലുശതമാനം. ആറ്റിങ്ങലില്‍  44 ശതമാനവുമായി എല്‍ഡിഎഫ് മുന്നില്‍; യുഡിഎഫിന് 38, എന്‍ഡിഎയ്ക്ക്13. എല്‍ഡിഎഫ് സിറ്റിങ് മണ്ഡലമായ ആലത്തൂരില്‍ 45 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫ്  മുന്‍തൂക്കം നേടി.  എല്‍ഡിഎഫിന് 38%വും എന്‍ഡിഎയ്ക്ക് 13%വും ലഭിച്ചു. ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ചാലക്കുടിയില്‍ യുഡിഎഫ് 40, എല്‍ഡിഎഫ് 39, എന്‍ഡിഎ 13%. എറണാകുളത്ത്  41 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം; എല്‍ഡിഎഫിന് 33ഉം എന്‍ഡിഎയ്ക്ക് 11ഉം.  ഇടുക്കിയില്‍ സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനവും യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിന് 39ഉം എന്‍ഡിഎയ്ക്ക് ഒമ്പതുശതമാനവും  പിന്തുണ. 

എല്‍ഡിഎഫ് സിറ്റിങ് മണ്ഡലങ്ങളായ കണ്ണൂരില്‍ 49 ശതമാനവും കാസര്‍കോട് 43 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം. കണ്ണൂരില്‍ എല്‍ഡിഎഫിനെ 38 ശതമാനവും എന്‍ഡിഎയെ 9ശതമാനവും പിന്തുണച്ചു..  ബിജെപിക്ക് നേരത്തെ തന്നെ സ്വാധീനമുള്ള കാസര്‍കോട്ട് എല്‍ഡിഎഫിന് 35 ശതമാനവും എന്‍ഡിഎയ്ക്ക് 19 ശതമാനവും പിന്തുണ കിട്ടി. സിറ്റിങ് സീറ്റുകളായ കൊല്ലത്തും കോട്ടയത്തും യുഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. കൊല്ലത്ത് യുഡിഎഫിന് 48 എല്‍ഡിഎഫിന് 41 എന്‍ഡിഎയ്ക്ക് 7.  കോട്ടയത്ത് യുഡിഎഫ് 49, എല്‍ഡിഎഫ് 39, എന്‍ഡിഎ 10 ശതമാനം.  സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ്  ഫെബ്രുവരി   23 മുതല്‍ മാര്‍ച്ച്  7വരെ നടന്ന സര്‍വേയുടെ ഫലത്തെ പിന്നീട്  മാറിയ സാഹചര്യങ്ങള്‍ സ്വാധീനിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com