ADVERTISEMENT

നാലു മാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമി കരംകവർന്ന സന്തോഷത്തിനിടയിലും ഹൃദയത്തിന്റെ ‘വടക്കുകിഴക്കേ മൂലയ്ക്ക്’ ആഞ്ഞൊരു കുത്തു കിട്ടിയിരുന്നു കോൺഗ്രസിന്. രാജ്യത്തിന്റെ അതേ മൂലയ്ക്ക് ഒതുങ്ങിക്കിടന്ന മിസോറം നിഷ്കരുണം അവരെ കൈവിട്ടു- 10 വർഷത്തിനു ശേഷം; തൊട്ടുമുൻപത്തെ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച ശേഷം! അതു കേവലം മിസോറമിന്റെ ‘കൈ’വിടൽ മാത്രമായിരുന്നില്ല; ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന വടക്കുകിഴക്കൻ മേഖലയിൽ ഇന്ത്യൻ നാഷനല്‍ കോൺഗ്രസിന്റെ തകർച്ചയായിരുന്നു.

മി–മനുഷ്യർ, സോ–മല, മലമുകളിലെ മനുഷ്യർ എന്നാണ് ‘മിസോ’ എന്ന വാക്കിന്റെ അർഥം. ആകെയുള്ള 21,000 ചതുരശ്ര കിലോമീറ്ററിൽ വനഭൂമി ഒഴിവാക്കിയാൽ ഇടുക്കി ജില്ലയുടെ വലിപ്പം. ഒരേയൊരു ലോക്സഭാ മണ്ഡലം, ഏഴര ലക്ഷം വോട്ടർമാർ. ഇത്രയേയുള്ളൂ മിസോറം സംസ്ഥാനം. പക്ഷേ, നല്ല ഉശിരൻ പോരാട്ടമാണ്. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭ കൈവിട്ട കോൺഗ്രസിന് ഇനിയും തോറ്റാൽ താങ്ങാനാവാത്ത ആഘാതമാകും. മുഖ്യ എതിരാളിയായ എംഎൻഎഫിന് (മിസോ നാഷനൽ ഫ്രണ്ട്), 4 മാസം മുൻപു നേടിയ വിജയത്തിന് തുടർച്ച വേണം; 10 വർഷം മുൻപു കൈവിട്ട ലോക്സഭാ സീറ്റ്കൂടി അതുപോലെ തിരിച്ചുപിടിക്കണം.

തിരിഞ്ഞുനോട്ടം

സംസ്ഥാന രൂപീകരണത്തിനു ശേഷം 1972 മുതൽ ഇതുവരെ ലോക്സഭയിലേക്കു 11 തിരഞ്ഞെടുപ്പുകൾ നടന്നെങ്കിലും എംപിമാരുടെ കണക്കെടുത്താൽ ആറുപേരേയുള്ളൂ. സി.സിൽവേര മൂന്നുതവണയും ആർ.റോതുവാമ, വൻലൽസാവ്‌മ, സി.എൽ.റുവാല എന്നിവർ രണ്ടുതവണയും പാർലമെന്റിലെത്തി.

മാസങ്ങളുടെ ഇടവേളയിൽ നിയമസഭയിലേക്കും ലോക്സഭയിലേക്കും തിരഞ്ഞെടുപ്പു വരുന്ന മിസോറമിൽ, ആദ്യത്തെ ഫലം രണ്ടാമത്തേതിലും പ്രതിഫലിക്കുന്നതാണു ചരിത്രം. 2003ൽ സംസ്ഥാനത്ത് എംഎൻഎഫ് സർക്കാർ അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ ലോക്സഭാ സീറ്റും അവർ നേടി. 2009, 2014 പൊതുതിരഞ്ഞെടുപ്പുകളിൽ വിജയം കോൺഗ്രസിനൊപ്പം. രണ്ടിനും തൊട്ടുമുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അവർക്കായിരുന്നു വിജയം.

പ്രതീക്ഷയോടെ എംഎൻഎഫ്

2013ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 34 സീറ്റുകളുമായി തിളങ്ങിനിന്ന കോൺഗ്രസിനെതിരെ, തൊട്ടുപിന്നാലെ വന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താൻപോലും കരുത്തുണ്ടായിരുന്നില്ല എംഎൻഎഫിന്. ആകെ മൽസരിക്കാനുണ്ടായിരുന്നത് മൂന്നു പേർ. കോൺഗ്രസിന്റെ സി.എൽ.റുവാല സീറ്റ് നിലനിർത്തിയപ്പോൾ രണ്ടാമതെത്തിയത് യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിനുവേണ്ടി സ്വതന്ത്രനായി മൽസരിച്ച റോബർട്ട് റൊമാവിയ റോയ്ട്ട.

Mizoram-MAL-Loksabha-Constituency-seats-2014-map

അന്നു പതിനായിരത്തിലേറെ വോട്ടിനു പരാജപ്പെട്ട റോയ്ട്ട ഇപ്പോൾ എംഎൻഎഫ് സർക്കാരിൽ കായിക, ടൂറിസം വകുപ്പ് മന്ത്രിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐസോള്‍ ഈസ്റ്റ്-2 മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു അദ്ദേഹത്തിന്റെ വിജയം.

ചരിത്രം ആവർത്തിക്കുമെന്നാണ് എംഎൻഎഫ് പ്രതീക്ഷ. നവംബറിൽ കോൺഗ്രസിൽനിന്ന് സംസ്ഥാന ഭരണം പിടിച്ചെടുത്തു. ചരിത്രത്തിന്റെ കണക്കനുസരിച്ച്, ഇക്കുറി ലോക്സഭയിലും വിജയം എംഎൻഎഫിനാകണം. നാലു മാസം കൊണ്ടു സൃഷ്ടിച്ചെടുത്ത ‘ജനകീയ സർക്കാർ’ പ്രതിച്ഛായ തുണയ്ക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന സമ്പൂർണ മദ്യനിരോധനം അധികാരത്തിലെത്തി ആഴ്ചകൾക്കകം സോറംതൻഗ സർക്കാർ നടപ്പാക്കി.

ലോക്സഭ കൂടി മുന്നിൽകണ്ടു നടപ്പാക്കിയ ക്ഷേമ പദ്ധതികൾ വേറെ. പൗരത്വബില്ലിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധമുണ്ടായതു മിസോറമിലായിരുന്നു. ബില്ലിനെച്ചൊല്ലിയുള്ള ആശങ്കകൾ ഇനിയും തീർന്നിട്ടില്ലെന്നിരിക്കെ, ലോക്സഭയിൽ ഒരു പ്രാദേശിക പാർട്ടിയുടെ പ്രാതിനിധ്യത്തിനു പ്രസക്തി വർധിക്കുന്നു.

എന്നാൽ, ചരിത്രത്തെ അപ്രസക്തമാക്കിക്കൊണ്ട് ‘കണക്ക്’ എംഎൻഎഫിനെ വെല്ലുവിളിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയും കോൺഗ്രസിന്റേതു ‘കടന്നുകൂടൽ’ അല്ല, തൂത്തുവാരൽ ആയിരുന്നു. 40 സീറ്റുള്ള മിസോറം നിയമസഭയിൽ 2008ൽ 32, 2013ൽ 34 സീറ്റുകൾ നേടിയാണു കോൺഗ്രസ് അധികാരത്തിലെത്തിയത്. എംഎൻഎഫിന് ഇത്തവണ കിട്ടിയത് 26 സീറ്റ്.

പൊരുതാൻ കോണ്‍ഗ്രസ്

അഞ്ചു സീറ്റിലൊതുങ്ങി പ്രതിപക്ഷ നേതൃസ്ഥാനംപോലും കൈവിടേണ്ടിവന്ന കോൺഗ്രസിന് നിയമസഭയിലെ തിരിച്ചടിക്ക് കണക്കുതീർത്തേ മതിയാകൂ. അതിനവർ കൂട്ടുപിടിച്ചിരിക്കുന്നത്, സംസ്ഥാന ഭരണത്തിൽനിന്നു തങ്ങളെ പുറത്താക്കുന്നതിൽ നിർണായക പങ്കുവഹിച്ച സോറം പീപ്പിൾസ് മൂവ്മെന്റിനെയാണ്.

7 പ്രാദേശിക സംഘടനകളുടെ സഖ്യമാണു സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം). സോറം നാഷനലിസ്റ്റ് പാർട്ടി, മിസോറം പീപ്പിൾസ് കോണ്‍ഫറൻസ്, സോറം എക്സോഡസ് മൂവ്മെന്റ്, സോറം ഡീസെൻട്രലൈസേഷൻ ഫ്രണ്ട്, സോറം റിഫർമേഷൻ ഫ്രണ്ട്, മിസോറം പീപ്പിൾസ് പാർട്ടി, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവയാണ് സഖ്യാംഗങ്ങൾ. രൂപീകരിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്; ലക്ഷ്യം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കൽ.

എട്ടു സീറ്റ് നേടിയ സോറം പീപ്പിൾസ് മൂവ്മെന്റാണ് ഇപ്പോൾ നിയമസഭയിലെ മുഖ്യപ്രതിപക്ഷം (കോൺഗ്രസ് 5, ബിജെപി 1). എതിരാളികളെ സോറം-കോൺഗ്രസ് സഖ്യം ഭയപ്പെടുത്തുന്നത് കണക്കുകളിലൂടെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനം ഇങ്ങനെ:

ആകെ വോട്ടിന്റെ 53% പങ്കിടുന്ന രണ്ടു കക്ഷികളാണ് എംഎൻഎഫിനെതിരെ ഒന്നിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയെ സെഡ്പിഎം പിന്തുണയ്ക്കാനായിരുന്നു ധാരണ. ലോക്സഭയ്ക്കൊപ്പം ഒരു നിയമസഭാ സീറ്റിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തിരിച്ചും. സ്പോർട്സ് ജേണലിസ്റ്റും മിസോറം ഫുട്ബോൾ അസോസിയേഷൻ ഓണററി സെക്രട്ടറിയുമായ ലാൽഖിൻഗ്ലോവ ഹമർ ആണു കോൺഗ്രസ് കണ്ടെത്തിയ സ്ഥാനാർഥി. എന്നാൽ, സജീവ രാഷ്ട്രീയ പ്രവർത്തകനല്ലാത്തതിനാൽ ഏതെങ്കിലും പാർട്ടിയുടെ ചിഹ്നത്തിൽ മൽസരിക്കാൻ അദ്ദേഹം താൽപര്യപ്പെട്ടില്ല. സ്വതന്ത്രനായി ഹമർ മൽസരിക്കും; സോറം-കോൺഗ്രസ് പിന്തുണയ്ക്കും.

ശക്തി തെളിയിക്കാൻ ബിജെപി

8.04% വോട്ടും ഒരു സീറ്റും നേടി ചരിത്രത്തിലെ മികച്ച പ്രകടനമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കാഴ്ചവച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ നേട്ടം ആവർത്തിക്കാനാകും ശ്രമിക്കുക. ഹൈന്ദവ, ബുദ്ധമത വിശ്വാസികളായ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ഏകീകരിക്കാനായതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു നേട്ടമായത്. ന്യൂനപക്ഷ കുടിയേറ്റ സമൂഹമായ ചാക്മ വിഭാഗമാണ് ബിജെപിയുടെ പ്രധാന വോട്ട്ബാങ്ക്.

അതേസമയം, ഈ ന്യൂനപക്ഷത്തിൽ ഒതുങ്ങുന്നു എന്നതും എടുത്തുകാട്ടാൻ ശക്തനായ നേതാവ് ഇല്ലാത്തതും അവർക്കു വെല്ലുവിളിയാണ്. ചാക്മകൾക്കിടയിൽനിന്നുള്ള പ്രധാന നേതാവും കോൺഗ്രസ് എംഎൽഎയുമായിരുന്ന ബുദ്ധധൻ ചാക്മയെ, തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം സ്വന്തം പാളയത്തിലെത്തിച്ച ബിജെപി അദ്ദേഹത്തിലൂടെയാണ് തുയിസോങ് മണ്ഡലം പിടിച്ചെടുത്തത്. 1598 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ആകെ 36 മണ്ഡലങ്ങളിൽ മൽസരിച്ച ബിജെപിക്ക് 19 മണ്ഡലങ്ങളില്‍ അഞ്ഞൂറിൽ താഴെ വോട്ട് മാത്രമാണു കിട്ടിയത്.

അന്നു നേർക്കുനേർ; ഇന്ന് കൈകോർത്ത്

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒരു നിയമസഭാ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ഇവിടെയും സോറം-കോൺഗ്രസ് സഖ്യമാണു മൽസരിക്കുക. സോറം പീപ്പിൾസ് മൂവ്മെന്റിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന ലാൽഡുഹോമ രണ്ടു സീറ്റുകളിൽ വിജയിച്ചതിനെ തുടർന്നാണ് ഐസോൾ വെസ്റ്റ്-1 മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ്.

ലാൽഡുഹോമ നിലനിർത്തുന്ന സെർച്ചിപ് സീറ്റിൽ അദ്ദേഹം തോൽപിച്ചത് കഴി‍ഞ്ഞ രണ്ടു വട്ടവും മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസിന്റെ അനിഷേധ്യ നേതാവ് ലാൽതൻ‌ഹാവ്‌ലയെ. ഉപതിരഞ്ഞെടുപ്പിൽ സെഡ്പിഎം സ്ഥാനാർഥി ലാൽബുവാൻഗ സെയ്‌ലോയെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. എംഎൻഎഫിന്റെ സോതൻലുവാൻഗയാണ് എതിരാളി.

ആദ്യ വനിത; ചരിത്രം

1972 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു വനിത സ്ഥാനാർഥിയാകുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന ലാൽത്‌ലമുവാനി സംസ്ഥാനത്തെ ജൂത സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ചിൻലുങ് ഇസ്രയേൽ പീപ്പിൾ കൺവൻഷൻ എന്ന സന്നദ്ധ സംഘടനയുടെ നേതാവാണ്.

മിസോറമിൽ ഇരുപതിനായിരത്തോളം ജൂതരുണ്ട്. സംസ്ഥാനത്തുള്ള മൂന്നു സിനഗോഗുകളിൽ ഒന്നിന്റെ മേൽനോട്ടം വഹിക്കുന്നതും ലാൽത്‌ലമുവാനിയാണ്.

English Summary: Mizoram Election Analysis Lok Sabha Polls 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com