ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തെ മുക്കിയ പ്രളയത്തിനു കാരണമായത് അണക്കെട്ടുകള്‍ തുറക്കുന്നതിലെ പാളിച്ചയാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ആയുധമാക്കി പ്രതിപക്ഷം. പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷനേതാക്കള്‍ അഴിച്ചുവിട്ടത്.

പ്രളയത്തിൽ മരിച്ച 450 പേരുടെ ജീവന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ കാരണത്തെക്കുറിച്ച് കോണ്‍ഗ്രസ് പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉടൻ‌ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രളയത്തിനു കാരണക്കാരായവർക്ക് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും നരഹത്യയ്ക്ക് കേസെടുക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ പറഞ്ഞു.

പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷം ആഞ്ഞടിച്ച് രംഗത്തെത്തിയത്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് പ്രളയകാരണമായെന്ന് വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നതില്‍ മാനദണ്ഡം പാലിച്ചല്ലെന്നും വിമര്‍ശനമുണ്ട്. വിശദമായ അന്വേഷണം വേണമെന്നതിനാൽ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

ഡാമുകൾ തുറക്കുമെന്ന മുന്നറിയിപ്പ് നൽകിയതിന്റെ തെളിവ് അമിക്കസ്ക്യൂറിക്കു കൈമാറിയിരുന്നതായും എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നിരീക്ഷണമെന്ന് അറിയില്ലെന്നും കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിനെ കുറിച്ചു പഠിച്ച ശേഷം പ്രതികരിക്കാമെന്നും കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. സര്‍ക്കാര്‍ വിശദീകരിച്ചശേഷം പ്രതികരിക്കാമെന്ന് മുൻ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. എന്നാല്‍ അമിക്കസ്ക്യൂറി റിപ്പോർട്ടിനെ സംബന്ധിച്ചു പ്രതികരിക്കാന്‍ വൈദ്യുതി മന്ത്രി എം.എം. മണി തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com