ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിൽ. സെൻസെക്സ് ഇന്നു രാവിലെ വ്യാപാരം തുടങ്ങുമ്പോൾ തന്നെ അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കിനെ കടത്തിവെട്ടി 39,167.05ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് വ്യാപാരം ഒരുവേള 39,266.85 വരെ ഉയർച്ച രേഖപ്പെടുത്തി. നിഫ്റ്റിയും അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ 11,713.20ന് ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 11,735.30നാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി വ്യാപാരം ഒരുവേള 11,761 വരെ എത്തിയിരുന്നു.

റിയൽറ്റി, ബാങ്ക്, ഓട്ടോ, മെറ്റൽ സെക്ടറുകളിലുണ്ടാക്കിയ നേട്ടമാണ് ഇന്ത്യൻ വിപണിക്ക് പുതിയ ഉയരങ്ങൾ സമ്മാനിച്ചത്. നിഫ്റ്റിയിൽ ഏതാണ്ട് എല്ലാ സെക്ടറുകളിലും പോസിറ്റീവ് പ്രവണതയാണുള്ളത്. ഇന്ത്യാ ബാങ്ക് ഹൗസിങ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ സ്റ്റോക്കുകളാണ് ഇന്ന് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. അതേ സമയം ഇന്ധന വില വർധിച്ചതിനെ തുടർന്ന് ഓയിൽ കമ്പനികളായ ബിപിസിഎൽ, ഐഒസി സ്റ്റോക്കുകൾ നഷ്ടത്തിലാണ്. ഐഷർ സ്റ്റോക്കുകളിലും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അടുത്ത ദിവസം ആർബിഐ വായ്പാനയം പ്രഖ്യാപിക്കാനിരിക്കെ പലിശനിരക്കിൽ കുറവു വന്നേക്കുമെന്ന പ്രതീക്ഷകളും രാജ്യാന്തര വിപണിയിൽ നിന്നുള്ള പണത്തിന്റെ ഒഴുക്കും ഇന്ത്യൻ ബാങ്ക് ഓഹരികൾക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ഇന്ന് സെൻസെക്സിന് 11,760ന് മുകളിൽ ക്ലോസിങ് ലഭിച്ചാൽ വരും ദിവസങ്ങളിലും വിപണിയിൽ പോസിറ്റീവ് പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. ഇന്ന് നിഫ്റ്റിക്ക് 11,725ൽ സപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകളിലേയ്ക്ക് 11,760 ആയിരിക്കും ആദ്യ റെസിസ്റ്റൻസ്. അതിനു മുകളിലേയ്ക്ക് നേട്ടമുണ്ടാക്കാനായാൽ 1800 ആയിരിക്കും അടുത്ത റെസിസ്റ്റൻസ് ലവൽ എന്നാണ് വിലയിരുത്തൽ.  

English Summary: Stock Market - Sensex and Nifty set new record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com