ADVERTISEMENT

വാഷിങ്ടന്‍∙ ഇന്ത്യക്ക് 24 മള്‍ട്ടിറോള്‍ എംഎച്ച്-60 റോമിയോ സീഹോക്ക് ഹെലികോപ്ടറുകള്‍ വില്‍ക്കാനുള്ള 2.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിന് ട്രംപ് ഭരണകൂടം അനുമതി നല്‍കി. അന്തര്‍വാഹനികളെ തകര്‍ക്കാന്‍ കഴിയുന്ന ഹെലികോപ്ടറുകള്‍ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ പത്തുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. 

ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടിയാണ് യുഎസിൽനിന്ന് 200 കോടി ഡോളർ വില വരുന്ന 24 എംഎച്ച്–60 റോമിയോ സീഹോക്ക് മുങ്ങിക്കപ്പൽ വേധ ഹെലികോപ്റ്ററുകൾ ഇന്ത്യ അടിയന്തരമായി വാങ്ങുന്നത്. 123 സീഹോക്ക് കോപ്റ്ററുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന വ്യവസ്ഥയിലാണ് ഇടപാടെന്നാണു സൂചന. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും തമ്മിൽ സിംഗപ്പൂരിൽ ചർച്ച നടത്തിയിരുന്നു. ലോകത്തെ ഏറ്റവും ആധുനിക കോപ്റ്ററുകളിലൊന്നായ സീഹോക്ക് കോപ്റ്റർ ഇന്ത്യ വാങ്ങുന്നത് ഇന്ത്യാ സമുദ്രത്തിലെ ചൈനയുടെ ഭീഷണി കൂടി കണക്കിലെടുത്താണ്. 

അന്തര്‍വാഹിനികളെ വേട്ടയാടാനും യുദ്ധക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്താനും കടലില്‍ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും പാകത്തിനു രൂപകല്‍പന ചെയ്തതാണ് ലോക്കീദ് മാര്‍ട്ടിന്‍ നിര്‍മിത എംഎച്ച്-60 സീഹോക്ക് ഹെലികോപ്ടറുകള്‍. ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള ഏറെ പഴക്കം ചെന്ന ബ്രിട്ടീഷ് നിര്‍മിത സീകിങ് ഹെലികോപ്ടറുകള്‍ക്കു പകരമായി സീഹോക്ക് ഹെലികോപ്ടറുകള്‍ എത്തുന്നത് സേനയ്ക്കു കരുത്തു പകരും. 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ ഇടപാട് സഹായിക്കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യ-പസഫിക്, ദക്ഷിണേഷ്യന്‍ മേഖലകളിലെ രാഷ്ട്രീയ സുസ്ഥിരതയ്ക്കും സമാധാനത്തിനും ഇടപാട് ഗുണകരമാകുമെന്നും യുഎസ് വ്യക്തമാക്കുന്നു. സമുദ്രാതിര്‍ത്തിയില്‍ ചൈനയില്‍നിന്ന് നേരിടുന്ന ഭീഷണി നേരിടാന്‍ ഇന്ത്യക്ക് ഇതോടെ കഴിയുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധക്കപ്പലില്‍നിന്നും വിമാനവാഹിനികളില്‍നിന്നും പറന്നുയരാന്‍ കഴിയുന്ന ഏറ്റവും കരുത്തുറ്റ സൈനിക ഹെലികോപ്ടറാണ് എംഎച്ച് 60 റോമിയോ സീഹോക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com