ADVERTISEMENT

കൊച്ചി∙ കളമശ്ശേരിയിൽ 3 വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. തലയ്ക്ക് അതീവ ഗുരുതരമായി പരുക്കേറ്റ കുട്ടി രാജഗിരി ആശുപത്രിയിൽ 5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 48 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്നു ഡോക്ടർമാർ. 

ഏണിപ്പടിയിൽ നിന്നു വീണു പരുക്കേറ്റുവെന്നാണ് ആശുപത്രിയിൽ ആദ്യം രക്ഷിതാക്കൾ പറഞ്ഞിരുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ, പറഞ്ഞതു കേൾക്കാത്തപ്പോൾ തല്ലിയെന്നാണ് അമ്മ പറയുന്നത്. ശരീരത്തിന്റെ പല ഭാഗത്തും മർദനമേറ്റ പാടുകളുണ്ട്. തലയ്ക്കകത്തു രക്തസ്രാവമുണ്ടായി. പിൻഭാഗത്ത് ചട്ടുകമോ മറ്റോ വച്ച് പൊള്ളിച്ചിട്ടുണ്ട്. 

കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നു ഫൊറന്‍സിക് മെഡിസിന്‍ മേധാവി ഡോ.എന്‍. ജയദേവ് പറഞ്ഞു. ജീവനു ഭീഷണിയായിരുന്ന രക്തസ്രാവം നിയന്ത്രിച്ചു. തലച്ചോറിന്റെ വലതുഭാഗത്തെ പരുക്ക് ഗുരുതരമാണെന്നും വരുന്ന 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ ജയദേവ് അറിയിച്ചു.

ശസ്ത്രക്രിയയ്ക്കുശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. അനുസരണക്കേടിന് കുട്ടിയെ ശിക്ഷിച്ചെന്നാണ് അമ്മ മൊഴി നല്‍കിയിരിക്കുന്നത്.

കുട്ടിയും അമ്മയും ജാർഖണ്ഡിൽനിന്നു കേരളത്തിൽ എത്തിയതു രണ്ടാഴ്ച മുൻപു മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി സ്വകാര്യ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്. കുട്ടിയെ മർദിച്ചതിൽ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com