ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമായി സഖ്യമില്ല. കോൺഗ്രസുമായുള്ള സഖ്യചർച്ചകളിൽ നിന്നു എഎപി പിൻവാങ്ങിയതായി ഡൽഹിയുടെ ചുമതലയുള്ള പ്രവർത്തകസമിതിയംഗം പി.സി.ചാക്കോ പറഞ്ഞു. ഡൽഹിയിലെ സീറ്റ് വിഭജനത്തെ സംബന്ധിച്ചു ഏകദേശ ധാരണയായതിനു പിന്നാലെയാണ് സഖ്യമില്ലെന്ന വാർത്ത പുറത്തുവരുന്നത്. ഡൽഹിയിലെ ഏഴു സീറ്റുകളിലും കോൺഗ്രസ് മൽസരിക്കുമെന്നും വെള്ളിയാഴ്ചയോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും പി.സി.ചാക്കോ പറഞ്ഞു. നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

എഎപി നേതാവ് സഞ്ജയ് സിങ്ങുമായുള്ള ചർച്ചയിൽ കോൺഗ്രസിന് 3, എഎപിക്ക് 4 എന്നിങ്ങനെ സീറ്റുകൾ സംബന്ധിച്ച ധാരണയിലെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും സഖ്യം വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അറിയിച്ചു. എന്നാൽ വ്യാഴാഴ്ച രാവിലെ ഒരു കാരണവും കൂടാതെ എഎപി ചർച്ചകളിൽ നിന്നു പിൻവാങ്ങുകയായിരുന്നു. ഇതിന് എഎപി നേതൃത്വം ഡൽഹിയിലെ ജനങ്ങളോടു മറുപടി പറയേണ്ടി വരും.– പി.സി.ചാക്കോ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി സഖ്യത്തിന് അവർ താൽപര്യം പ്രകടിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെ ഇതിന് അനുകൂലവുമായിരുന്നു. എന്നാൽ സമയമായപ്പോൾ എഎപി കാലുമാറി– പി.സി.ചാക്കോ പറഞ്ഞു.

എഎപിയുമാ‌യി സഖ്യം വേണ്ടെന്നു കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചശേഷം സഖ്യത്തിനായി കോൺഗ്രസ് വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് വീണ്ടും ചർച്ചകൾക്ക് ജീവൻവച്ചത്. ഡൽഹിയിൽ എഎപിയും കോൺഗ്രസും ഒന്നിക്കുകയെന്നാൽ ബിജെപിയുടെ തോൽവിയാണെന്നും എഎപിക്ക് നാല് സീറ്റുകൾ നൽകാൻ കോൺഗ്രസ് തയാറാണെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

English Summary: AAP Backtracked On Alliance, Congress Will Fight On All Seats In Delhi: PC Chacko

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com