ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ കലാ, സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ സ്ത്രീകൾ പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധ പ്രസ്താവനകള്‍കൊണ്ട് പല രാഷ്ട്രീയ നേതാക്കളും വിവാദങ്ങളുണ്ടാക്കുകയാണ്. തെറ്റുകൾ തിരുത്തി മാപ്പു പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥിയും മുൻ മന്ത്രിയും എംപി, എംഎല്‍എ എന്നീ നിലകളില്‍ പല തവണ നിയമനിര്‍മാണ സഭകളില്‍ അംഗമായിരുന്നിട്ടുള്ള വ്യക്തിയുമായ കെ. സുധാകരന്‍ എല്ലാ പ്രതിഷേധങ്ങളെയും നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് തന്റെ സ്ത്രീവിരുദ്ധ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തി.

ഇത്തരം മനോഭാവമുള്ള ഒരു വ്യക്തിയെ ലോക്സഭയിലേക്ക് അയയ്ക്കണമോയെന്ന കാര്യം കണ്ണൂര്‍ മണ്ഡലത്തിലെ സമ്മതിദായകരില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ. ഇത്തരത്തില്‍ അദ്ദേഹം നിരന്തരം പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്ന സ്ത്രീ വിരുദ്ധതയെ ശക്തമായി അപലപിക്കുന്നു. നിർദ്ദേശം പാലിക്കാതിരുന്ന സുധാകരനെതിരെ വരണാധികാരി തുടർനടപടി എടുത്തിട്ടില്ല. വിഡിയോ നീക്കം ചെയ്യാൻ മാധ്യമങ്ങളോട് അദ്ദേഹത്തിനു നിർദ്ദേശിക്കാവുന്നതാണ്. സുധാകരനെതിരെ ഐപിസി വകുപ്പുകൾ ചുമത്തി കേസെടുക്കണം. ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോടും ഇവർ ആവശ്യപ്പെട്ടു.

സിപിഐ നേതാവ് ആനി രാജ, സാഹിത്യകാരി എസ്. ശാരദക്കുട്ടി, റിമ കല്ലിങ്കൽ, സജിത മഠത്തിൽ, ദീദി ദാമോദരൻ, കെ അജിത അന്വേഷി, വിധു വിന്‍സന്റ്‌, തനുജ ഭട്ടതിരി, സീന ഭാസ്കർ, ധന്യ രാമൻ, കനി കുസൃതി, സുജ സൂസന്‍ ജോര്‍ജ് തുടങ്ങി 70തോളം വരുന്ന കലാ, സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com