ADVERTISEMENT

ശ്രീനഗര്‍∙ കശ്മീരിലെ ഭീകരവാദ സംഘങ്ങള്‍ക്കു പാക്കിസ്ഥാന്‍ വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വിതരണം ചെയ്തുവരുന്ന ചൈനീസ് നിര്‍മ്മിത ഗ്രനേഡുകളാണ് കശ്‌മീരിൽ  തീവ്രവാദികള്‍ ഇന്ത്യയ്ക്കു നേരെ ഉപയോഗിക്കുന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

ജനുവരിയില്‍ മാത്രം 70 ചൈനീസ് ഗ്രനേഡുകള്‍ കശ്മീരില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി  റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള എപിഐകളാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. 15 മാസത്തിനിടെ ഇന്ത്യയ്‌ക്കെതിരെ നിരവധി ആക്രമണങ്ങള്‍ തീവ്രവാദികള്‍ നടത്തിയിരുന്നു.

പ്രത്യേക പരിശീലനം ആവശ്യമില്ലാത്തതിനാലാണ് ഗ്രനേഡ് ആക്രമണങ്ങൾ കൂടുതലായി തീവ്രവാദികൾ ആസൂത്രണം ചെയ്യുന്നതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആയിരങ്ങളോ പതിനായിരങ്ങളോ നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികളെ തീവ്രവാദികള്‍ ഇത്തരം ആക്രമണം നടത്താന്‍ വിലയ്ക്കുവാങ്ങുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ആക്രമണങ്ങള്‍ക്കു പിന്നിലെ തീവ്രവാദബന്ധം കണ്ടെത്താന്‍ എളുപ്പമല്ല എന്നുളളതും ഇത്തരം ആക്രമണങ്ങൾ വ്യാപകമാകാൻ കാരണമാകുന്നു. 

പാക്കിസ്ഥാന്‍ വഴിയോ നേപ്പാള്‍ വഴിയോ മാത്രമാണ് ഇത്തരം ആയുധങ്ങള്‍ കടത്താന്‍ കഴിയുകയുള്ളൂ. നേപ്പാള്‍ അതിര്‍ത്തിയും ജമ്മുകശ്മീരും തമ്മില്‍ ബന്ധമില്ല. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ വഴി ആയുധക്കടത്ത് നടത്താനാണു സാധ്യതയേറെയെന്ന് റിട്ട. കേണല്‍ സഞ്ജീവ് കുമാര്‍ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെ തവണയാണു വിവിധ തീവ്രവാദ സംഘങ്ങള്‍ കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്കു നേരെ ഗ്രനേഡ് ആക്രമണം നടത്തിയത്. മാര്‍ച്ച് 7- ന് ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. 32 പേര്‍ക്കു പരുക്കേറ്റിരുന്നു.

English Summary: Terrorists using Chinese grenades sent by Pak; Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com