ADVERTISEMENT

ഭോപാൽ ∙ മുംബൈ ഭീകരാക്രമണത്തിനി‌ടെ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) തലവന്‍ േഹമന്ദ് കര്‍ക്കറെയ്ക്കെതിരെ ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാസിങ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. കര്‍ക്കറെ കൊല്ലപ്പെട്ടത് തന്‍റെ ശാപം മൂലമാണെന്നാണു പ്രജ്ഞ പറഞ്ഞത്. മലേഗാവ് സ്ഫോടനക്കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചതിനാണു ശപിച്ചതെന്നും പ്രജ്ഞ പറഞ്ഞു. 

പാക്ക് ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയ്ക്കെതിരെയാണു പ്രജ്ഞയുടെ വിവാദ പരാമര്‍ശം. ശപിച്ച് 15 ദിവസത്തിനകം കര്‍ക്കറെ കൊല്ലപ്പെട്ടു. കള്ളത്തെളിവുണ്ടാക്കി മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്തതിനു കര്‍ക്കറെയുടെ കുലംമുടിയുമെന്നു താന്‍ ശപിച്ചു. കര്‍ക്കറെ മരിച്ചതു കര്‍മഫലം കൊണ്ടാണ്– പ്രജ്ഞാസിങ് പറഞ്ഞു.

ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ചതു കോണ്‍ഗ്രസാണെന്നും കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്നും പ്രജ്ഞ ആരോപിച്ചു. കർക്കറെയ്ക്കെതിരായ പ്രസ്താവനയെ അനുകൂലിക്കാൻ ബിജെപി തയാറായില്ല. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവരെ രക്തസാക്ഷികളായാണു കാണുന്നതെന്നു ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവനയെ ഐപിഎസ് അസോസിയേഷൻ അപലപിച്ചു. പ്രജ്ഞയ്ക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി ലഭിച്ചു.

2008 െസപ്റ്റംബറില്‍ മാലേഗാവില്‍ നടന്ന സ്ഫോടനം അന്വേഷിച്ചതു മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയായിരുന്നു. സ്ഫോടനത്തിനു ഉപയോഗിച്ച ബൈക്ക് സാധ്വി പ്രജ്ഞയുടേതാണെന്നു കണ്ടെത്തി അറസ്റ്റ് ചെയ്തു. നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനിടെ കര്‍ക്കറെ കൊല്ലപ്പെട്ടു.

2016ല്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രജ്ഞയ്ക്കു ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും വെറുതെവിടാന്‍ മുംബൈയിലെ കോടതി തയാറായിട്ടില്ല. പ്രജ്ഞ ഭോപാലില്‍ മല്‍സരിക്കുന്നതു വിലക്കണമെന്ന ഹര്‍ജിയില്‍ മുംബൈയിലെ പ്രത്യേക കോടതി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എൻഐഎ) നോട്ടിസ് അയച്ചു.

English Summary: Hemant Karkare treated me badly, died of his karma: Sadhvi Pragya on 26/11 hero

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com