ADVERTISEMENT

തിരുവനന്തപുരം∙ വേനലിനെ തണുപ്പിച്ചെത്തിയ മഴ കേരളത്തിൽ തുടരും. ഏപ്രിൽ 23നു സംസ്ഥാനത്തു വോട്ടെടുപ്പു നടക്കുമ്പോൾ പലയിടത്തും കാത്തിരിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴയും കാറ്റും. 19, 21, 23 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കാറ്റിന്റെ വേഗം മണിക്കൂറിൽ 30–40 കി.മീ ആയിരിക്കും. 20നും 22നും സംസ്ഥാനത്തു പലയിടത്തും ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40-50 കി.മീ. ആയിരിക്കും. ചില സ്ഥലങ്ങളിൽ 19, 20 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

20നു പാലക്കാട് ശക്തമായ മഴയ്ക്കുള്ള സാഹചര്യമുള്ളതിനാല്‍ ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കു കാരണമാകാൻ സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുണ്ട്.

ഉരുൾപൊട്ടലിനു സാധ്യതയുള്ള സാഹചര്യത്തിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോരമേഖലകളിലെ യാത്ര പരമാവധി ഒഴിവാക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം. മരങ്ങൾക്കു താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

വേനൽമഴയ്ക്കൊപ്പം ഉച്ചയ്ക്കു രണ്ടിനും രാത്രി എട്ടിനും ഇടയ്ക്കു ലഭിക്കുന്ന മിന്നൽ ശക്തമാകാനുള്ള സാധ്യതയുണ്ട്. ഇത്തരം മിന്നലുകൾ അപകടകാരികളാണ്. ദുരന്ത നിവാരണ അതോറിറ്റി നിലവിൽ ഈ ഇടിമിന്നലിനെ സംസ്ഥാന ‘സവിശേഷ’ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മിന്നലിനെ പ്രതിരോധിക്കാൻ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ: 

∙ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 8 വരെയുള്ള സമയത്ത് കുട്ടികളെ തുറസ്സായ സ്ഥലത്തു കളിക്കുന്നതിൽ നിന്നു വിലക്കുക.

∙ മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക

∙ തുറസ്സായ സ്ഥലത്തു കെട്ടിയിട്ടിരിക്കുന്ന വളർത്തു മൃഗങ്ങളെ മാറ്റിക്കെട്ടാനും പോകരുത്. 

∙ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

∙ ഗൃഹോപകരണങളുടെ വൈദ്യുത ബന്ധം വിഛേദിക്കുക

∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

∙ ജനലും വാതിലും അടച്ചിടുക.

∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

∙ ഫോൺ ഉപയോഗിക്കരുത്‌.

∙ ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

∙ കഴിയുന്നത്ര വീടിനകത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

∙ ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

∙ വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

∙ വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്തു നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

∙ പട്ടം പറത്തരുത്.

∙  തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

∙ ഇടിമിന്നലിൽ നിന്നു സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്റ്റർ ഘടിപ്പിക്കാം.

∙ മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്നു മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിനു പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ 30 സെക്കൻഡ് സുരക്ഷയ്ക്കായിട്ടുള്ള സുവർണ നിമിഷങ്ങളാണ്‌.

സംസാരശേഷി പരിമിതര്‍ക്കുള്ള അതോറിറ്റിയുടെ ആംഗ്യ സന്ദേശം കാണാം:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com