ADVERTISEMENT

ന്യൂഡല്‍ഹി∙ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കടുത്ത രാഷ്ട്രീയവൈരം പഴങ്കഥയാക്കി മുലായം സിങ് യാദവും മായാവതിയും ഒരേ വേദിയില്‍ ഒന്നിച്ചെത്തി. മെയിന്‍പുരിയില്‍നിന്ന് ലോക്‌സഭയിലേക്കു മല്‍സരിക്കുന്ന മുലായത്തിനു വേണ്ടി വോട്ടഭ്യര്‍ഥിക്കാനാണു മായാവതി എത്തിയത്. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും മുന്നണിയായാണ് യുപിയില്‍ മത്സരിക്കുന്നത്. മുമ്പു നടന്ന മൂന്ന് സംയുക്ത റാലികളിലും 'അനാരോഗ്യം' പറഞ്ഞ് മുലായം പങ്കെടുത്തിരുന്നില്ല. 

മുലായം സിങ്, മോദിയെപ്പോലെ ഒരു വ്യാജ പിന്നാക്ക നേതാവല്ലെന്ന് മായാവതി പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ യഥാര്‍ഥ നേതാവ് മുലായമാണ്. മോദി പിന്നാക്കക്കാരനെന്ന പ്രതിച്ഛായയില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു. രാജ്യത്തിന്റെ വിശാല താല്‍പര്യം പരിഗണിച്ച് വിഷമകരമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഇക്കാലയളവിനുള്ളില്‍ മുലായം സിങ് ഏറെ മാറി. സമാജ്‌വാദി ഭരണത്തില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി ഏറെ കാര്യങ്ങള്‍ ചെയ്തുവെന്നും മായാവതി പറഞ്ഞു. മായാവതി വന്നതില്‍ സന്തോഷമുണ്ടെന്നും അവരെ എക്കാലവും ബഹുമാനിച്ചിട്ടുണ്ടെന്ന് മുലായം സിങ് പറഞ്ഞു. ഏറെ നാളത്തെ ശത്രുത മറന്ന് തൊട്ടടുത്താണ് ഇരുവരും ഇരുന്നത്. മായാവതിയുടെ കാല്‍ തൊട്ടു വന്ദിക്കാന്‍ മുലായം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഏതുവിധേനയും ബിജെപിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാസഖ്യം മുന്നോട്ടുപോകുന്നത്. 

1995-ല്‍ ഭരണമുന്നണി പൊളിഞ്ഞതോടെയാണ് മുലായവും മായാവതിയും തമ്മില്‍ അകന്നത്. അന്ന് ബിജെപിയെ ഭരണത്തില്‍നിന്നകറ്റാന്‍ രൂപം കൊണ്ട മുന്നണി രണ്ടു വര്‍ഷത്തിനുള്ളില്‍ തകരുകയായിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേരാന്‍ മായാവതി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് അവര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ അതിക്രമിച്ചു കയറിയ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരെ കയ്യേറ്റം ചെയ്തതു വന്‍വിവാദമായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് അഖിലേഷ് യാദവ് പാര്‍ട്ടി തലപ്പത്തെത്തിയ ശേഷമാണ് മായാവതിയുമായി വീണ്ടും കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. ഇതോടെ ബിജെപി ശക്തികേന്ദ്രങ്ങളായിരുന്ന കൈറാന, ഗൊരഖ്പുര്‍, പുല്‍പുര്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്നണിക്കു വിജയം നേടാനും കഴിഞ്ഞു. സഖ്യത്തെക്കുറിച്ച് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്ന് മുലായം കഴിഞ്ഞ ദിവസമാണ് മായാവതിയുമായി വേദി പങ്കിടാന്‍ സമ്മതിച്ചത്.

English Summary: Mayawati Roots For Old Rival Mulayam Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com