ADVERTISEMENT

ടോക്കിയോ∙ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കൃത്രിമ അസ്ഥികൂടങ്ങൾ നിർമിക്കുന്ന കമ്പനി. അവിടെ ഒരു ഉദ്യോഗസ്ഥൻ അന്തരിക്കുന്നു. അസുഖം ബാധിച്ചായിരുന്നു മരണം. സ്വാഭാവിക പരിശോധനകൾക്കായി ഇദ്ദേഹത്തിന്റെ വീട്ടിൽ പൊലീസെത്തി. അവിടെ കണ്ടതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചയും. വീട്ടിലും പൂന്തോട്ടത്തിലുമെല്ലാം ചിതറിക്കിടക്കുന്ന അസ്ഥികൂടങ്ങൾ. അസ്ഥികൂട നിർമാണക്കമ്പനിയുടെ ഓഫിസായും ആ വീട് പ്രവർത്തിച്ചിരുന്നുവെന്ന് അങ്ങനെയാണ് പൊലീസിനു മനസ്സിലാകുന്നത്. അതോടെ അന്വേഷണം കമ്പനിയുടെ പ്രസിഡന്റിനു നേരെയായി... കേൾക്കുമ്പോൾ സിനിമാക്കഥ പോലെ തോന്നുമെങ്കിലും സംഭവം സത്യമാണ്.

ജപ്പാനിലെ ഹബാറ സ്കെലിറ്റൺ സ്പെസിമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റാണു പിടിയിലായത്. എന്നാല്‍ വാർത്തയിലെ വഴിത്തിരിവ് ഇതൊന്നുമായിരുന്നില്ല. ഈ അസ്ഥികൂടങ്ങളെല്ലാം എത്തിച്ചത് ഇന്ത്യയിൽ നിന്നാണ്. ആരുടേതെന്നു പോലുമറിയാതെ, ഇന്ത്യയിലെ പല കുഴിമാടങ്ങളും കുത്തിത്തുറന്ന് ജപ്പാനിലേക്ക് കടത്തിയതാണ് എല്ലാ അസ്ഥികൂടങ്ങളുമെന്ന സംശയത്തിലാണിപ്പോൾ മെട്രോപൊളിറ്റൻ പൊലീസ്. കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ് ടെലഗ്രാഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2018 നവംബറിലാണ് അനാട്ടമിക്കൽ സ്കെലിറ്റൺ നിർമിക്കുന്ന കമ്പനിയെ സംശയത്തിന്റെ നിഴലിലാക്കിയ സംഭവം നടക്കുന്നത്. സ്കൂളുകൾക്കും ലാബറട്ടറികൾക്കുമാണ് കമ്പനി അസ്ഥികൂടങ്ങൾ വിതരണം ചെയ്തിരുന്നത്. ഇവിടത്തെ ഉദ്യോഗസ്ഥന്റെ മരണത്തെത്തുടർന്ന് റിപ്പോർട്ട് തയാറാക്കാനായാണ് പൊലീസ് ടോക്കിയോവിലെ വീട്ടിലെത്തിയത്. തുടക്കത്തിൽ ഏതാനും അസ്ഥികൂടങ്ങൾ മാത്രമായിരുന്നു ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ പൂന്തോട്ടത്തിൽ അസ്ഥികൂടം കൂട്ടിയിട്ടിരിക്കുന്നതു പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അഞ്ഞൂറോളം പേരുടെ അസ്ഥികൾ. തുടക്കത്തിൽ മൃഗങ്ങളുടേതാണെന്നാണു കരുതിയത്. എന്നാൽ വിശദമായ പരിശോധന കഴിഞ്ഞതോടെ വ്യക്തമായി–എല്ലാ അസ്ഥികളും മനുഷ്യരുടേതാണ്. ഇക്കാര്യം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജപ്പാനിലെ ഒരു പത്രം റിപ്പോർട്ട് ചെയ്തതോടെ പുറംലോകവുമറിഞ്ഞു. അതിനോടകം പൊലീസ് നടപടിയും ആരംഭിച്ചു കഴിഞ്ഞിരുന്നു. 

കമ്പനി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർക്ക് കേസ് റിപ്പോർട്ടും ചെയ്തു. എന്നാൽ പ്രസിഡന്റിനെതിരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പേര് പുറത്തുവിട്ടിട്ടില്ല. നിലവിൽ ജപ്പാന്റെ വേസ്റ്റ് മാനേജ്മെന്റ് ആന്റ് പബ്ലിക് ക്ലെൻസിങ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീട്ടുപരിസരത്ത് അലക്ഷ്യമായി അസ്ഥികൂടങ്ങൾ വലിച്ചെറിഞ്ഞു എന്നതാണ് കുറ്റം. ഇക്കാര്യം കമ്പനി തലവൻ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ ഇവിടം കൊണ്ടു തീർന്നില്ല. അസ്ഥികൂടങ്ങളുടെ ഉറവിടവും പൊലീസ് അന്വേഷിച്ചു. വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കടത്തിയതാണ് ഇവയെന്നായിരുന്നു ഒരു ഉദ്യോഗസ്ഥൻ മൊഴി നൽകിയത്. 

ജപ്പാനിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ലാബറട്ടറികളിലും 1970 വരെ അനാട്ടമിക്കൽ സ്കെലിട്ടൺസ് നിർമിക്കാൻ ഉപയോഗിച്ചിരുന്നത് യഥാർഥ അസ്ഥികൂടങ്ങളായിരുന്നു. ഇക്കാര്യത്തിൽ രാജ്യത്തെ കമ്പനികളെ സഹായിച്ചിരുന്നതാകട്ടെ ഇന്ത്യയും. അക്കാലത്ത് മെഡിക്കൽ പഠന ആവശ്യങ്ങൾക്കായി ലോകത്ത് ഏറ്റവുമധികം മനുഷ്യ അസ്ഥികൂടങ്ങള്‍ കയറ്റി അയച്ചിരുന്നത് ഇന്ത്യയായിരുന്നു. 150 വർഷത്തോളം തുടര്‍ന്ന ഈ കയറ്റുമതി 1985ൽ നിയമം മൂലം നിരോധിച്ചു. മനുഷ്യാവകാശ സംഘടനകളുടെ നിരന്തര ആവശ്യം മാനിച്ചായിരുന്നു ഇത്. അസ്ഥികൂടങ്ങളുടെ പേരിൽ ശ്മശാനങ്ങളിൽ മോഷണം പെരുകുകയും കൊലപാതകങ്ങള്‍ വരെ സംഭവിക്കാനും തുടങ്ങിയതോടെയാണ് സർക്കാരും ഇടപെട്ടത്. 

ബംഗാളായിരുന്നു ഇക്കാര്യത്തിൽ കുപ്രസിദ്ധം. അവിടത്തെ അസ്ഥികൂട ‘നിർമാണ’ കമ്പനികൾ പ്രതിവർഷം 6.5 കോടിയിലേറെ രൂപയാണു കച്ചവടത്തിലൂടെ നേടിയിരുന്നത്. 1985 മാർച്ചിൽ ബംഗാളിലെ ഒരു വ്യാപാരി അറസ്റ്റിലായതോടെ നിരോധനത്തിനു വേണ്ടിയുള്ള ശ്രമം ശക്തമായി–അന്ന് 1500ലേറെ കുട്ടികളുടെ അസ്ഥികൂടം കടത്തിയതിനായിരുന്നു അറസ്റ്റ്. നിരോധനത്തിനു തൊട്ടു മുൻപത്തെ വർഷം മാത്രം ഏകദേശം 60,000 തലയോട്ടികളും അസ്ഥികളുമാണ് ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കു കയറ്റി അയച്ചതെന്ന് ന്യൂയോർക്ക് ടൈംസ് ലേഖകൻ സ്കോട്ട് കാർണിയുടെ ‘ദ് റെഡ് മാർക്കറ്റ്’ എന്ന പുസ്തകത്തിൽ പറയുന്നു. നിരോധനം വന്നെങ്കിലും മനുഷ്യന്റെ അസ്ഥികൂടം കയറ്റി അയയ്ക്കുന്നതു മാത്രം കുറഞ്ഞില്ല. ഇന്ത്യയിലെ ഒട്ടേറെ കുഴിമാടങ്ങളിൽ നിന്ന് അസ്ഥികൂടങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. 1985നു ശേഷവും ഇതു വ്യാപകമായി തുടർന്നു. 

ഓരോ വർഷവുമുണ്ടാകുന്ന അജ്ഞാത മൃതദേഹങ്ങളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും മുന്നിലാണ്. ഈ മൃതദേഹങ്ങൾ മൂന്നാഴ്ച വരെ മോര്‍ച്ചറിയിൽ സൂക്ഷിക്കും. അവകാശികൾ ആരും വന്നില്ലെങ്കിൽ മജിസ്ട്രേറ്റിന്റെയോ മറ്റ് അംഗീകൃത സർക്കാർ ഉദ്യോഗസ്ഥരുടെയോ അനുവാദത്തോടെ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിട്ടുകൊടുക്കും. മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നിയമപരമായി ലഭിക്കാനുള്ള വഴി ഇതാണ്. എന്നാൽ പഠനാവശ്യങ്ങൾക്കു വേണ്ടത്ര മൃതദേഹങ്ങൾ ലഭിക്കാതെ വന്നതോടെ ഇന്ത്യയിൽ വീണ്ടും ‘അസ്ഥികൂട മാഫിയ’ സജീവമായി. ഇന്നും കരിഞ്ചന്തയിൽ ഇത്തരത്തിൽ അനധികൃത മനുഷ്യ അസ്ഥികൂട വിൽപന തകൃതിയാണ്. ബംഗാളിൽ എട്ടു പേരെ മനുഷ്യരുടെ അസ്ഥികൂടങ്ങൾ ശ്മശാനങ്ങളിൽ നിന്നു മോഷ്ടിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പിടികൂടിയത് 2017ലാണ്. 

ശ്മശാനങ്ങളിലെ ജീവനക്കാരെ സ്വാധീനിച്ചാണ് മാഫിയ സംഘത്തിന്റെ ഇടനിലക്കാർ പ്രധാനമായും പ്രവർത്തിച്ചിക്കുന്നത്. മൃതദേഹം അഴുകാതിരിക്കാനുള്ള രാസവസ്തുക്കളോടെയായിരിക്കും ഇവർ ബന്ധുക്കൾക്കു മുന്നിൽ ശവസംസ്കാരം നടത്തുക. പിന്നീട് ഇവ പുറത്തെടുത്ത് ഇടനിലക്കാരനു കൈമാറും. ശ്മശാനങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവരെ സ്വാധീനിച്ചും മൃതദേഹ മോഷണം തുടർന്നു.

ഒരു തലയോട്ടിക്ക് 1000–2000 രൂപയും എല്ലുകൾക്ക് 500–800 രൂപയും നൽകിയായിരുന്നു വാങ്ങിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇടനിലക്കാരൻ ഇതു കയറ്റുമതിക്കാർക്കു നൽകുന്നതോടെ വില 10,000 മുതൽ 20,000 രൂപ വരെയായി ഉയരും. ബംഗാളിലെ സിലിഗുരി വഴിയായിരുന്നു രാജ്യാന്തര അതിർത്തി കടത്തിയിരുന്നത്. വിദേശ രാജ്യങ്ങളിലേക്കു കടക്കുന്നതോടെ വില 40,000 രൂപ മുതൽ 50,000 വരെയാകും. ഈ സാഹചര്യത്തിൽ, ഏതു വർഷമാണ് ഇത്രയേറെ അസ്ഥികൂടങ്ങൾ ഇന്ത്യയിൽ നിന്ന് കമ്പനി വാങ്ങിയതെന്ന അന്വേഷണത്തിലാണ് ജാപ്പനീസ് പൊലീസ്. മറ്റു കമ്പനികളും ഇത്തരത്തില്‍ അനധികൃതമായി മനുഷ്യ അസ്ഥികൂടങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന ആരംഭിച്ചു കഴിഞ്ഞു. 

ഇന്ത്യയിലാകട്ടെ 2000–2001 വരെ മൃതദേഹ–അസ്ഥികൂട കയറ്റുമതി ശക്തവുമായിരുന്നു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിച്ച ‘യങ്ങർ ബ്രദേഴ്സ്’ എന്ന കമ്പനിയാണ് ഏറ്റവുമൊടുവിൽ ഈ പ്രശ്നത്തിൽ കുടുങ്ങിയ വമ്പൻ. കമ്പനിയുടെ കെട്ടിടത്തിനു സമീപം താമസിക്കുന്നവരുടെ ഒരു സംശയമാണ് അസ്ഥികൂട മാഫിയയെ കുടുക്കിയത്. ‘മരണം മണക്കുന്നു’ എന്നായിരുന്നു പരാതി. പരിസരത്തെ രാസവസ്തുക്കളുടെയും മറ്റും രൂക്ഷഗന്ധമായിരുന്നു പരാതിക്കു പിന്നില്‍. ഒടുവിൽ ആരോഗ്യവകുപ്പും പൊലീസും പരിശോധനയ്ക്കെത്തി. കണ്ടെത്തിയത് രണ്ടു മുറി നിറയെ അസ്ഥികൂടങ്ങൾ. അഞ്ച് ട്രക്കുകളിലായാണ് ഇവ അവിടെ നിന്നു മാറ്റിയത്. ഒട്ടേറെ രേഖകളും അന്നു പിടിച്ചെടുത്തു. തായ്‌ലൻഡ്, ബ്രസീൽ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നിന്ന് അസ്ഥികൂടങ്ങൾക്കായുള്ള ഓർഡറുകളായിരുന്നു രേഖകളിലേറെയും!

രണ്ടു ദശാബ്ദക്കാലത്തോളമായി അത്ര ശക്തമല്ലെങ്കിലും ഇന്നും അസ്ഥികൂട–മൃതദേഹ മോഷണത്തിന്റെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതൊരു മാഫിയയാണോയെന്നു വ്യക്തമാക്കുന്ന തരം അന്വേഷണത്തിലേക്കും ജപ്പാനിൽ നിന്നുള്ള വാർത്ത നയിക്കുമോ? ഉത്തരം തേടുകയാണ് അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com