ADVERTISEMENT

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിനിെട കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) തലവന്‍ േഹമന്ദ് കര്‍ക്കറെയെ അപമാനിച്ച പ്രസ്താവന പിൻവലിക്കുന്നതായി ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാസിങ് ഠാക്കൂർ. കര്‍ക്കറെയെപ്പറ്റി പ്രജ്ഞ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമെന്നു ബിജെപി വിശദീകരിച്ചതിനു പിന്നാലെയാണു നിലപാടുമാറ്റം.

‘എന്റെ പരാമർശം ശത്രുക്കളെ സന്തോഷിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാനെന്റെ വാക്കുകൾ പിൻവലിക്കുന്നു, മാപ്പു ചോദിക്കുന്നു. നമ്മുടെ പരാമർശം ഒരിക്കലും ശത്രുക്കളെ സന്തോഷിപ്പിക്കുന്നതാകരുത്. ഞാൻ അനുഭവിച്ച വേദന ഒരിക്കലും മറക്കാനാവില്ല. ഭീകരർ വധിച്ച ഹേമന്ത് കർക്കറെ തീർച്ചയായും രക്തസാക്ഷിയാണ്. പാർട്ടി ശരിയായ നിലപാടാണ് എടുത്തത്. വ്യക്തിപരമായ പരാമർശമായിരുന്നു എന്റേത്’– പ്രജ്ഞ പറഞ്ഞു.

‘ഭീകരരെ എതിരിട്ടാണു കർക്കറെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്പോഴും രക്തസാക്ഷിയായാണു പാർട്ടി കാണുന്നത്. പ്രജ്ഞയുടെ പരാമർശങ്ങൾ വ്യക്തിപരമാണ്. വർഷങ്ങളായി അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനം കാരണമാകാം അവരുടെ പ്രസ്താവന’– ഇതായിരുന്നു ബിജെപിയുടെ വിശദീകരണം.

പ്രജ്ഞയുടെ പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം തുടങ്ങി. കര്‍ക്കറെ കൊല്ലപ്പെട്ടത് താന്‍ ശപിച്ചിട്ടാണെന്ന പ്രജ്ഞയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ്. പ്രജ്ഞയ്ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രസ്താവനയെ ഐപിഎസ് അസോസിയേഷന്‍ അപലപിച്ചു.

പാക്ക് ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയ്ക്കെതിരെയാണു പ്രജ്ഞയുടെ വിവാദ പരാമര്‍ശം. ശപിച്ച് 15 ദിവസത്തിനകം കര്‍ക്കറെ കൊല്ലപ്പെട്ടു. കള്ളത്തെളിവുണ്ടാക്കി മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്തതിനു കര്‍ക്കറെയുടെ കുലം മുടിയുമെന്നു താന്‍ ശപിച്ചു. കര്‍ക്കറെ മരിച്ചതു കര്‍മഫലം കൊണ്ടാണ്– പ്രജ്ഞാ സിങ് പറഞ്ഞു.

ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ചതു കോണ്‍ഗ്രസാണെന്നും അവർ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്നും പ്രജ്ഞ ആരോപിച്ചു. പ്രജ്ഞയ്ക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി ലഭിച്ചു. 2008 െസപ്റ്റംബറില്‍ മലേഗാവില്‍ നടന്ന സ്ഫോടനം അന്വേഷിച്ചതു ഹേമന്ദ് കര്‍ക്കറെയായിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് സാധ്വി പ്രജ്ഞയുടേതാണെന്നു കണ്ടെത്തി അറസ്റ്റ് ചെയ്തു. നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിനിടെ കര്‍ക്കറെ കൊല്ലപ്പെട്ടു.

English Summary: "Take Back My Words": Sadhvi Pragya After Backlash Over 26/11 Hero Remark

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com