ADVERTISEMENT

തിരുവനന്തപുരം ∙ ഇതര സംസ്ഥാനങ്ങളിലേക്ക് കെഎസ്ആര്‍ടിസി കൃത്യമായി സര്‍വീസ് നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ദീർഘദൂര സ്വകാര്യ ബസ് വിവാദങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നല്ലോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടിയില്ലാതെ സര്‍ക്കാര്‍. 548 അന്തര്‍സംസ്ഥാന സര്‍വീസുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ മിക്ക സര്‍വീസുകളും ശരിയായി നടത്താന്‍ കഴിയാറില്ല.

സ്വകാര്യബസ് കമ്പനികളുമായി കെഎസ്ആര്‍ടിസിയിലെയും ഗതാഗതവകുപ്പിലെയും ചില ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധമാണ് ഇതിനു കാരണം. കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു നല്‍കുന്നതായി നേരത്തേ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ക്രിസ്മസ്, ഓണം തുടങ്ങി തിരക്കുള്ള സമയങ്ങളില്‍ റിസര്‍വേഷന്‍ സംവിധാനം തകരാറിലാക്കി സ്വകാര്യ കമ്പനികളെ സഹായിക്കുന്ന സംഭവങ്ങളുമുണ്ടായി. ടോമിൻ ജെ.തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായതോടെയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടിയായത്.

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി ബസുകള്‍ വാടകയ്ക്കെടുത്ത കമ്പനികളുമായി ചേര്‍ന്ന് സര്‍വീസുകള്‍ അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ രീതി. 10 സ്കാനിയ ബസുകളാണ് ബോംബെ ആസ്ഥാനമായ കമ്പനിയില്‍നിന്നു പാട്ടത്തിനെടുത്തിരിക്കുന്നത്. ഇപ്പോള്‍ നിരത്തിലുള്ളത് 8 എണ്ണം. 2 എണ്ണം അപകടത്തെത്തുടര്‍ന്ന് അറ്റകുറ്റപ്പണിയിലാണെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. 400 കിലോമീറ്ററിനപ്പുറം കിലോമീറ്ററിന് 23 രൂപയാണ് കെഎസ്ആര്‍ടിസി കമ്പനിക്കു നല്‍കേണ്ടത്. തകരാറിലായാല്‍ 48 മണിക്കൂറിനകം പകരം ബസ് എത്തിക്കണം. അല്ലെങ്കില്‍ നഷ്ടപ്പെടുന്ന ഓരോ കിലോമീറ്ററിനും 15 രൂപ അധികം തരണം.

തകരാറിലായ ബസുകള്‍ക്കു പകരം ബസ്സെത്തിക്കാന്‍ സ്വകാര്യ കമ്പനി തയാറായിട്ടില്ല. ഇവരോട് ബസ്സെത്തിക്കാന്‍ കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുമില്ല. സ്വകാര്യ കമ്പനിക്ക് കെഎസ്ആര്‍ടിസിയിലുള്ള ഉന്നത ബന്ധങ്ങളാണു കാരണം. പലപ്പോഴും സര്‍വീസുകള്‍ ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് ബസ് ഇല്ലെന്ന കാര്യം കമ്പനി കെഎസ്ആര്‍ടിസിയെ അറിയിക്കുന്നത്. നിയമ നടപടി സ്വീകരിക്കേണ്ട കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ അനങ്ങാറില്ല. ബസ് സര്‍വീസ് മുടങ്ങുന്നതോടെ യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസ് സ്ന്റാഡുകള്‍ക്ക് അടുത്തുള്ള സ്വകാര്യ ബസ് കേന്ദ്രങ്ങളെ ആശ്രയിക്കും. മുടക്കം പതിവാകുന്നതോടെ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കും.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 20 സ്കാനിയ ബസുകള്‍ വാങ്ങിയിരുന്നു. മുംബൈ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ബസ് വാങ്ങിയത്. മറ്റു സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താത്തതിനാല്‍ ബസുകള്‍ ഏറെക്കാലം ഡിപ്പോകളില്‍ കിടന്നു. പിന്നീട് പല ജില്ലകളിലായി കൈമാറി. ഈ ശബരിമല സീസണില്‍ ചെന്നൈയിലേക്ക് സര്‍വീസ് നടത്താന്‍ 45 ദിവസത്തെ പെര്‍മിറ്റാണ് ലഭിച്ചത്. അന്തര്‍സംസ്ഥാന ബസുകള്‍ക്ക് പെര്‍മിറ്റ് തരാന്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു താല്‍പര്യമാണെങ്കിലും കെഎസ്ആര്‍ടിസിയിലെ ചില ഉന്നതര്‍ക്കു താല്‍പര്യമില്ല.

എല്ലാം തീരുമാനിക്കുന്ന ഉദ്യോഗസ്ഥർ

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിട്ട് മൂന്നു വര്‍ഷമായപ്പോഴാണോ സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന ചോദ്യം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉയര്‍ന്നു. ഈ സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരുകളുടെയും കാലത്തെല്ലാം സ്വകാര്യ ബസ് കമ്പനികള്‍ ഉദ്യോഗസ്ഥര്‍ക്കു പ്രിയപ്പെട്ടവരാണ്. നിയമലംഘനങ്ങള്‍ക്കു കൃത്യമായ വിഹിതം എത്തേണ്ടിടങ്ങളിലെത്തും.

യാത്രക്കാരെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തെത്തിക്കാനുള്ള കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് മാത്രമാണ് ‘കല്ലട’ പോലുള്ള സ്വകാര്യ ബസുകള്‍ക്കുള്ളത്. ഒരു കൂട്ടം ആളുകള്‍ പ്രത്യേക ആവശ്യത്തിനു വാടക നല്‍കി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന സര്‍വീസാണിത്. എന്നാല്‍ ഓരോ യാത്രക്കാരനില്‍നിന്നും ടിക്കറ്റ് ചാര്‍ജ് ഈടാക്കി പ്രധാന സ്ഥലങ്ങളില്‍നിന്നെല്ലാം ആളെ കയറ്റിയാണ് സര്‍വീസ്. പരസ്യമായ നിയമലംഘനത്തിനെതിരെ നേരത്തേതന്നെ നടപടിയെടുക്കാമായിരുന്നിട്ടും ഇപ്പോഴാണ് പിഴ ഈടാക്കാന്‍ ഗതാഗതവകുപ്പിനു തോന്നിയത്.

English Summary: How KSRTC lost its business in inter state services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com