ADVERTISEMENT

കൊച്ചി∙ െബംഗളൂരു യാത്രയ്ക്കിടെ വൈറ്റിലയിൽ ബസിനുള്ളിൽ യുവാക്കൾ ആക്രമിക്കപ്പെട്ട സംഭവം പുറത്തായതോടെ നിലമ്പൂർ – നഞ്ചൻഗുഡ് റെയിൽപാത അട്ടിമറിക്കപ്പെട്ട വിഷയവും വീണ്ടും ചർച്ചയാകുന്നു. മധ്യ കേരളത്തിൽനിന്ന് 6 മണിക്കൂർ കൊണ്ടു ബെംഗളൂരുവിൽ എത്താൻ കഴിയുമായിരുന്ന നിലമ്പൂർ – നഞ്ചൻഗുഡ് റെയിൽപാത സ്വകാര്യ ബസ് ലോബിയുടെ സ്വാധീനത്താൽ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. താരതമ്യേനെ അപ്രായോഗികമായ തലശേരി – മൈസൂർ പാത എന്ന ആശയം മുന്നോട്ടുവച്ച് സമയലാഭം ഏറെയുള്ള പാതയ്ക്കു സ്വകാര്യബസ് ലോബി തുരങ്കം വയ്ക്കുകയായിരുന്നുവെന്ന് ആക്‌ഷൻ കൗൺസില്‍ ആരോപിക്കുന്നു.

നിലമ്പൂർ – നഞ്ചൻഗുഡ് റെയിൽ‍പാതയ്ക്ക് ഡിപിആർ തയാറാക്കുന്നതിനു ഡിഎംആർസിയെ ചുമതലപ്പെടുത്തിയെങ്കിലും പണം നൽകാതിരുന്നതോടെ ഡിഎംആർസി പദ്ധതിയിൽനിന്നു പിൻമാറുകയായിരുന്നു. 5 വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് ഡിഎംആർസിയും ഇ. ശ്രീധരനും ഉറപ്പു നൽകിയെങ്കിലും അതിന് അവസരം നൽകിയില്ല. പകരം ബജറ്റിൽ ആദ്യ പരിഗണനയോടെ തലശേരി – മൈസൂർ പാതയ്ക്ക് തുക വകയിരുത്തുകയായിരുന്നു. പട്ടികയിൽ നിലമ്പൂർ – നഞ്ചൻഗുഡ് ലിങ്ക് റെയിൽപാതയ്ക്ക് ഏഴാം സ്ഥാനം മാത്രമാണു നൽകിയത്. ഇതോടെ പദ്ധതി അട്ടിമറിക്കുകയാണ് ലക്ഷ്യമെന്നു വ്യക്തമായിരുന്നു.

കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ അട്ടിമറിക്കുന്നതു ദീർഘദൂര സ്വകാര്യ ബസ് ലോബിയാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. 2014ൽ തിരുവനന്തപുരം – ബെംഗളൂരു ട്രെയിൻ റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കുകയും തുടർന്നു ടൈംടേബിളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ നാലു വർഷത്തോളം ട്രെയിൻ യാഥാർഥ്യമായില്ല. ശക്തമായ പ്രക്ഷോഭത്തെ തുടർന്നു സർവീസ് കഴിഞ്ഞ വർഷം ആരംഭിച്ചെങ്കിലും ബസുകാരുടെ സമ്മർദത്തിനു വഴങ്ങി ഇതിന്റെ സമയക്രമം അവരുടെ സൗകര്യത്തിനാണു നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 10.45നുശേഷം ബെംഗളൂരുവിൽ എത്തുന്നതിനാൽ യാത്രക്കാർ കയറില്ലെന്ന കണക്കുകൂട്ടലിലാണു മോശം സമയക്രമം നൽകിയിരിക്കുന്നത്. ഇതിനുപുറമെ, ആളുകൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ബാനസവാടിയിലേക്കു സർവീസ് മാറ്റുകയും ചെയ്തു. ഫലത്തിൽ ഇൗ രണ്ടു തീരുമാനവും സ്വകാര്യബസ് ലോബിക്കു ഗുണം ചെയ്യുന്നതായിരുന്നു.

ഞായറാഴ്ച തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്ക് ആവശ്യത്തിനു ട്രെയിനോടിക്കാത്തതിനു പിന്നിലും സ്വകാര്യ ബസ് ലോബിയാണെന്ന ആരോപണം ശക്തമാണ്. ഏറ്റവും തിരക്കുളള ഞായറാഴ്ച 2 ട്രെയിൻ മാത്രമാണു തിരുവനന്തപുരത്തുനിന്നുളളത്. ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കു വെള്ളി, ശനി ദിവസങ്ങളിലും കേരളത്തിൽനിന്നു ബെംഗളൂരുവിലേക്കു ശനി, ഞായർ ദിവസങ്ങളിലുമാണു ഏറ്റവും കൂടുതൽ ഡിമാൻഡുളളത്. ഹംസഫർ ട്രെയിൻ വന്നപ്പോൾ വെള്ളിയാഴ്ച കേരളത്തിലേക്ക് ഒരു സർവീസ് കൂടി ലഭിച്ചതു ബസ് ലോബിക്കു തിരിച്ചടിയായി. ഈ ട്രെയിൻ ഞായറാഴ്ച ബെംഗളൂരുവിലേക്കു തിരികെ ഓടിക്കാമെങ്കിലും റെയിൽവേ അതിനു തയാറല്ല.

സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പാസഞ്ചർ ട്രാഫിക് മാനേജർ, ചീഫ് ഒാപ്പറേഷൻസ് മാനേജർ എന്നിവരാണു ട്രെയിനോടിക്കാൻ അനുമതി നൽകേണ്ടത്. എന്നാൽ എല്ലാ റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗങ്ങളിലും കേരളത്തിൽനിന്നുളള ട്രെയിനുകൾ ബെംഗളൂരുവിലേക്കു വേണ്ടെന്ന നിലപാടാണു ഇവർ സ്വീകരിക്കുന്നത്. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ആളുകൾ ബെംഗളൂരുവിലേക്കു യാത്ര ചെയ്യുന്ന ഞായറാഴ്ചകളിലും യാത്രക്കാർ ഏറ്റവും കുറവുളള വ്യാഴാഴ്ചകളിലും 4 ട്രെയിൻ വീതമാണു ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കുളളത്.

എന്തിനാണ് ഈ തലതിരിഞ്ഞ അഭ്യാസമെന്നു യാത്രക്കാർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. അതേസമയം, തിരക്കുളള ശനിയാഴ്ചകളിൽ തിരുവനന്തപുരത്തേക്കു 2 ട്രെയിൻ മാത്രമേയുളളൂ. ബസുകാരെ സഹായിക്കാനായി വാരാന്ത്യ സർവീസുകൾ പരമാവധി ഒഴിവാക്കുക എന്നതാണു സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ പ്രഖ്യാപിത നയം. ബെംഗളൂരുവിലേക്കു യാത്രക്കാർ കുറവുളള വ്യാഴം, വെളളി ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നു 4 ട്രെയിനുകളാണു ബെംഗളൂരുവിനുളളത്. ആവശ്യമില്ലാത്ത ദിവസങ്ങളിൽ മൂന്നും നാലും ട്രെയിനോടിക്കുന്നതിനു പകരം അവയുടെ സർവീസ് ഏറ്റവും തിരക്കുളള വാരാന്ത്യങ്ങളിലേക്കു മാറ്റിയാൽ യാത്രക്കാർക്കു ഏറെ സഹായമാകുമെന്നു കേരള – ബെംഗളൂരു ട്രെയിൻ യൂസേഴ്സ് ഫോറം പ്രസിഡന്റ് കെ.എസ്. ശ്രീജിത്ത് പറഞ്ഞു.

ബുധനാഴ്ചയുളള ഹുബ്ബാലി – കൊച്ചുവേളി എക്സ്പ്രസിനു കൃഷ്ണരാജപുരത്ത് അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും ഫോറം ആവശ്യപ്പെടുന്നു. ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്തും ബസ് ലോബിയുടെ സ്വാധീനം ശക്തമാണ്. ബസുടമകൾ പിരിവെടുത്താണു റെയിൽവേ ആസ്ഥാനങ്ങളിൽ പണമിറക്കുന്നതെന്നു ആക്‌ഷൻ കൗൺസിൽ പ്രതിനിധികൾ പറയുന്നു. പണത്തിനു മീതേ ട്രെയിനും പറക്കില്ലെന്നതാണു സ്ഥിതി. സംസ്ഥാന സർക്കാർ നേരിട്ടു റെയിൽവേ ബോർഡിൽ സമ്മർദം ചെലുത്തിയാൽ മാത്രമേ പുതിയ പ്രതിദിന ട്രെയിൻ എന്ന കേരളത്തിന്റെ ആവശ്യം യാഥാർത്ഥ്യമാകൂ.

∙തിരുവനന്തപുരത്തുനിന്നുളള ബെംഗളൂരു ട്രെയിനുകൾ
തിങ്കൾ–3
ചൊവ്വ–2
ബുധൻ–3
വ്യാഴം–4 (തിരക്കില്ലാത്ത ദിവസം)
വെളളി–4 (തിരക്കില്ലാത്ത ദിവസം)
ശനി–3 (തിരക്കുളള ദിവസം)
ഞായർ–2 (ഏറ്റവും തിരക്കുളള ദിവസം)

∙ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കുളള ട്രെയിനുകളുടെ എണ്ണം
തിങ്കൾ–2
ചൊവ്വ–3
ബുധൻ–3
വ്യാഴം–4 (തിരക്കില്ലാത്ത ദിവസം)
വെളളി–3 (തിരക്കുളള ദിവസം)
ശനി–2 (തിരക്കുളള ദിവസം)
ഞായർ–4 (തിരക്കില്ലാത്ത ദിവസം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com