ADVERTISEMENT

ന്യൂഡൽഹി∙ രോഹിത് ശേഖർ തിവാരിയെ കൊലപ്പെടുത്താൻ ഭാര്യ അപൂർവയെ പ്രേരിപ്പിച്ചത് ബന്ധുവായ സ്ത്രീക്കൊപ്പമുള്ള മദ്യപാനമെന്ന് പൊലീസ്. രോഹിത് തിവാരി, അമ്മ ഉജ്വല, ബന്ധുവായ സ്ത്രീ, അവരുടെ ഭർത്താവ്, ജീവനക്കാർ എന്നിവർക്കൊപ്പം മൂന്നു കാറുകളിലായിട്ടാണ് ഉത്തരാഖണ്ഡിലേക്ക് വോട്ടു ചെയ്യാൻ പോയത്. രോഹിതും ബന്ധുവായ സ്ത്രീയും ഒരു കാറിൽ അടുത്തടുത്താണ് ഇരുന്നത്. ഇരുവരും കാറിലിരുന്ന മദ്യപിക്കുകയും ചെയ്തു.

യാത്രയിലുടനീളം മദ്യപിച്ച ഇരുവരും ഒരു ബോട്ടിൽ മദ്യം തീർത്തിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അഡീഷനൽ കമ്മിഷണർ രാജ് രഞ്ജൻ പറഞ്ഞു. ബന്ധുവായ സ്ത്രീയോട് രോഹിത്തിന് വഴിവിട്ട ബന്ധം ഇല്ലായിരുന്നുവെന്നും സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താനും രോഹിത്തും തമ്മിലുള്ള പ്രശ്നങ്ങൾ‌ക്ക് കാരണമായി അപൂർവ  കണ്ടിരുന്നത് ഈ സ്ത്രീയെ ആയിരുന്നു. ഇവർക്കൊപ്പം പോകുന്നത് അപൂർവ വിലക്കുകയും ചെയ്തു.

വൈകിട്ട് 5.30ഓടെ രാത്രി ഭക്ഷണത്തെക്കുറിച്ച് തിരക്കുന്നതിന് അപൂർവ രോഹിത്തിനെ വിളിച്ചു. വിഡിയോയിൽ ഒപ്പമുള്ള സ്ത്രീയെ കാണാതിരിക്കാൻ രോഹിത് ശ്രമിച്ചെങ്കിലും അപൂർവയ്ക്ക് അവർ ഒപ്പമുള്ളതു മനസിലായി. വളയുടെ കിലുക്കവും സ്ത്രീയുടെ വസ്ത്രത്തിന്റെ ഭാഗവും കണ്ടതുമാണ് അപൂർവയ്ക്ക് കാര്യങ്ങൾ മനസിലാകാൻ കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

രാത്രി പത്തോടെ വീട്ടിൽ തിരിച്ചെത്തിയ രോഹിത്തിനു ഭക്ഷണം നൽകിയ ശേഷം അവർ ഉറങ്ങാനായി പോയി. 12.45 വരെ അപൂർവ ടെലിവിഷൻ കാണുകയും പിന്നീട് മുറിയിലെത്തി രോഹിത്തുമായി വഴക്കുണ്ടാക്കുകയുമായിരുന്നു. വഴക്കിനിടെ തങ്ങൾ ഒരേ ഗ്ലാസിൽനിന്നാണ് മദ്യപിച്ചതെന്നു പറഞ്ഞ് രോഹിത് അപൂർവയെ പ്രകോപിപ്പിച്ചു. ഇതോടെ തലയിണയെടുത്ത് രോഹിത്തിന്റെ മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു.

അമിതമായി മദ്യപിച്ചതിനാൽ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രോഹിത്. അതിനാൽ കൊലയെക്കുറിച്ച് ആരും പുറത്തറിഞ്ഞിരുന്നില്ല. കൊലയ്ക്കുശേഷം എന്തുചെയ്യണമെന്ന് അറിയാതെ അപൂർവ അവിടെ കറങ്ങി നടക്കുകയും ചെയ്തു. രണ്ടു മണിയോടെ സ്വന്തം മുറിയിലേക്ക് അപൂർവ മടങ്ങി. രാവിലെ ജോലിക്കാരനാണ് രോഹിത്തിനെ വിളിക്കാനെത്തിയത്. ചില ദിവസങ്ങളിൽ ഉണരാന്‍ താമസിക്കാറുള്ളതിനാൽ വിളിക്കാതെ അയാൾ തിരിച്ചുപോയി. മാതാവ് ഉജ്വല പലതവണ രോഹിത്തിനെ ഫോണിൽ വിളിച്ചിരുന്നു. അപൂർവ അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞ് ഓരോ തവണയും ഫോൺ വയ്പ്പിച്ചു.

പിന്നീട് വൈകിട്ട് 3.30 ആയതോടെ അപൂർവ ജീവനക്കാരനെ രോഹിത്തിനെ വിളിക്കാൻ അയച്ചു. എന്നാൽ മൂക്കിൽനിന്ന് രക്തം വരുന്ന അവസ്ഥയിൽ രോഹിത്തിനെ ഇവിടെ കണ്ടെത്തി. ഉടൻ രോഹിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com