ADVERTISEMENT

കൊളംബോ ∙ ഈസ്റ്റർ ദിനത്തിൽ സ്ഫോടനപരമ്പരയ്ക്ക് മുൻപുതന്നെ ചാവേറുകളായ പലരും ഇന്റലിജൻ‌സ് നിരീക്ഷണത്തിലായിരുന്നെന്നും മതിയായ തെളിവുകൾ ഇല്ലാതിരുന്നതിനാലാണ് മുൻകൂർ കസ്റ്റഡിയിൽ എടുക്കാതിരുന്നതെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. ചാവേറുകളായവരിൽ ഭൂരിഭാഗവും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണെന്നത് അതിശയിപ്പിക്കുന്നതാണെന്നും വിക്രമസിംഗെ പറഞ്ഞു.

359–ൽ ഏറെ പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനപരമ്പര സംബന്ധിച്ച അന്വേഷണത്തിൽ ലോകത്തെ ആറു രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുടെ സഹായമുണ്ടാകുമെന്നു ശ്രീലങ്കൻ പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. യുകെയിലെ സ്കോട്‌ലൻഡ് യാർഡ്, യുഎസിലെ എഫ്ബിഐ, ന്യൂസീലൻഡ് പൊലീസ്, ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ്, ഡാനിഷ് പൊലീസ്, ഡച്ച് പൊലീസ് എന്നിവരാണ് അന്വേഷണത്തിൽ ശ്രീലങ്കയെ സഹായിക്കുക. ഇന്റർപോളിന്റെ സഹായവും ഉണ്ടായിരിക്കും.

സംഭവത്തിൽ ഇതുവരെ നാലു സ്ത്രീകൾ ഉൾപ്പെടെ 70 പേരെ അറസ്റ്റ് ചെയ്തതായി റുവാൻ ഗുണശേഖര പറഞ്ഞു. ഭീകരവാദം, ഗൂഢാലോചന എന്നീ സംശയങ്ങളുടെ പേരിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും ചാവേറായവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. കൊളംബോയിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള പുഗോഡയിൽ വീണ്ടും സ്ഫോടനമുണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു.

പുഗോഡയിലെ മജിസ്‌ട്രേറ്റ് കോടതിയുടെ സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും റുവാൻ ഗുണശേഖര മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയങ്ങൾ താൽക്കാലികമായി അടച്ചു. വ്യാഴാഴ്ച മുതൽ പള്ളികളിൽ ആരാധന ഉണ്ടായിരിക്കില്ലെന്നു സഭാ അധ്യക്ഷന്മാർ അറിയിച്ചു. സുരക്ഷ കാരണങ്ങളാലാണ് നടപടിയെന്നു സർക്കാർ വിശദീകരിച്ചു. ആർച്ച് ബിഷപ് കർദിനാൾ മാൽകം രഞ്ജിത്തിന്റെയും കൊളംബോയിലെ ബിഷപ് ഹൗസിന്റെയും സുരക്ഷ വർധിപ്പിച്ചു.

ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ ഭീകരവിരുദ്ധ സേന ശ്രീലങ്കയിലേക്കു പോകുന്നവർക്കു യാത്രാ മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലുള്ള ഇസ്രയേൽ പൗരന്മാർ എത്രയും വേഗം മടങ്ങിവരാനും സമീപഭാവിയിൽ അവിടം സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. സുരക്ഷാ, വിദേശകാര്യ മന്ത്രാലയങ്ങളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഭീകരവിരുദ്ധ സേന ലെവൽ–2 മുന്നറിയിപ്പ് നൽകിയത്.

English Summary: Some terrorists were under surveillance before Easter Sunday attacks says Sri Lanka PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com