ADVERTISEMENT

തിരുവനന്തപുരം∙ അന്തര്‍സംസ്ഥാന ബസുകളിലെ അമിത ചാര്‍ജ് നിയന്ത്രിക്കുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. നിരക്ക് ഏകീകരണം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ലൈസന്‍സില്ലാത്ത ബുക്കിങ് ഏജന്‍സികള്‍ പൂട്ടിക്കും. ജൂണ്‍ ഒന്നു മുതല്‍ ബസുകള്‍ക്കു ജിപിഎസ് നിര്‍ബന്ധമാണ്. കെഎസ്ആര്‍ടിസി കഴിയുന്നതും അന്തര്‍സംസ്ഥാന ബസുകള്‍ റദ്ദാക്കില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നുവെന്ന് ഗതാഗത കമ്മിഷണര്‍ സുദേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 30ന് മുന്‍പ് ജിപിഎസ് ഘടിപ്പിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മിഷണര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അമിതവേഗത്തില്‍ ഒാടുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി കര്‍ശനമാക്കും.

കൊച്ചിയില്‍ മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന പന്ത്രണ്ട് ബസുകള്‍ക്കെതിരെ കേസെടുത്തു. സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായായിരുന്നു പരിശോധന. യാത്രക്കാരുടെ ലഗേജ് കൂടാതെ അനധികൃതമായി ചരക്ക് കടത്തി, കെഎസ്ആര്‍ടിസി ബസുകളെപ്പോലെ വിവിധ ഇടങ്ങളില്‍നിന്ന് യാത്രക്കാരെ കയറ്റി തുടങ്ങിയ നിയമലംഘനങ്ങളാണു കണ്ടെത്തിയത്.

കൂനംതൈയില്‍ വച്ചായിരുന്നു പരിശോധന. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച നടപടികളില്‍ അന്‍പതിലേറെ ബസുകളാണ് പരിശോധിച്ചത്. നിയമലംഘനം നടത്തിയവരില്‍നിന്ന് പിഴയും ഈടാക്കി. ജില്ലയിലെ ടിക്കറ്റ് ബുക്കിങ് ഓഫിസുകളില്‍ പലതും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കകം ലൈസന്‍സ് നേടിയില്ലെങ്കില്‍ ഈ ഓഫിസുകള്‍ അടപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

മതിയായ പെർമിറ്റില്ലാതെ സർവീസ് നടത്തിയ അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ പാലക്കാട്ടും നടപടിയെടുത്തു. വിവിധ നിയമലംഘനങ്ങൾക്ക് കല്ലട ഉൾപ്പെടെ 119 ബസുകൾക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ ഈടാക്കി. പാലക്കാട് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കാണു പിടി വീണത്. വിവിധയിടങ്ങളിലായി ആർടിഒ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഓരോ സ്ഥലങ്ങളിലും നിർത്തി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നതിന് സ്റ്റേജ് കാര്യേജ് പെർമിറ്റാണ് ആവശ്യം. എന്നാലിത് ഒരു ബസിലും ഉണ്ടായിരുന്നില്ല. കല്ലട ബസിലെ ചില ഡ്രൈവർമാരിൽ നിന്ന് ലഹരി പായ്ക്കറ്റുകളും കണ്ടെത്തി.

രാത്രി കാലത്ത് ഉൾപ്പെടെ പരിശോധന നടത്താൻ നാലു സ്ക്വാഡുകൾ രൂപീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബസുകളിൽ യാത്രക്കാരുടെ ബാഗുകൾക്ക് പുറമേ ഇരുചക്രവാഹനങ്ങൾ വരെ കടത്താറുണ്ട്. ഇതിന് അധിക നിരക്ക് ഈടാക്കും. നികുതി വെട്ടിപ്പിന് കാരണമാകുന്ന ചരക്കു കടത്തലും നിയമലംഘനമാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com