ADVERTISEMENT

കൽപ്പറ്റ ∙ ബത്തേരിക്കു സമീപം നായ്ക്കട്ടിയിൽ വീടിനുള്ളിലെ സ്ഫോടനത്തിൽ വീട്ടമ്മയും സുഹൃത്തും മരിച്ചു. നായ്ക്കട്ടി ഇളവന നസീറിന്റെ ഭാര്യ അമൽ, നായ്ക്കട്ടി എളറോട്ട് സ്വദേശി ബെന്നി എന്നിവരാണു മരിച്ചത്. ശരീരത്തിൽ സ്ഫോടകവസ്തു കെട്ടിവച്ചു പൊട്ടിച്ചാണു മരണമെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ബെന്നിയുടെ ഫർണീച്ചർ വർക്‌ഷോപ്പിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഡിറ്റണേറ്ററും പൊലീസ് കണ്ടെത്തി.

പൊലീസ് പറയുന്നത്: ബെന്നിയും അമലും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ 6 മാസമായി അമൽ സൗഹൃദം ഉപേക്ഷിച്ചിരുന്നു. എന്നാൽ രാവിലെ ബെന്നി അമലിന്റെ വീട്ടിൽ വന്നു. ഇനി വീട്ടിൽ വരരുതെന്ന് പറഞ്ഞ് നാസർ താക്കീത് ചെയ്തുവിട്ടു. എന്നാൽ നാസർ ഉച്ചയ്ക്ക് പള്ളിയിൽ പോയ സമയത്ത് ബെന്നി വീണ്ടുമെത്തി.

ഈ സമയം മുറ്റത്തു കർണാടകക്കാരനായ തൊഴിലാളി വിറക് കീറുന്നുണ്ടായിരുന്നു. ബെന്നി എത്തുന്നതിന് അൽപം മുൻപ് അടുത്ത വീട്ടിൽനിന്ന് വെള്ളവുമെടുത്ത് അമൽ വീട്ടിലേക്ക് കയറിയിരുന്നു. സ്ഥലത്തെത്തിയ ബെന്നിയും വീട്ടിലേക്ക് കയറി. ഉടനെയായിരുന്നു സ്ഫോടനം.

ആത്മഹത്യ ചെയ്യാനൊരുങ്ങിയ ബെന്നി തിരഞ്ഞെടുത്ത വഴി അതിക്രൂരമായിരുന്നെന്നു നാട്ടുകാർ പറയുന്നു. ബെന്നിയും അമലിന്റെ കുടുംബവും അടുപ്പത്തിലായിരുന്നു. നായ്ക്കട്ടിയിൽ കഴിഞ്ഞ 10 വർഷമായി അക്ഷയകേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അമലയും.

മൂലങ്കാവ് സ്വദേശിയാണു ബെന്നി. ഫർണിച്ചർ നിർമ്മിച്ച് വിൽ‌പന നടത്തുന്നതിനിടെ നായ്ക്കട്ടിയിൽ അക്ഷയകേന്ദ്രത്തിലും അമലയുടെ വീട്ടിലും സന്ദർശകനായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അമലിന്റെ വീട്ടിൽ ബെന്നി എത്തുമ്പോൾ ദേഹത്ത് സ്ഫോടകവസ്തു കെട്ടിയിരുന്നു.

Bathery Blast
സ്ഫോടനമുണ്ടായ വീടിനുമുന്നിൽ കൂടിയവർ

മൂന്ന് പെൺകുട്ടികളാണ് നാസർ– അമൽ ദമ്പതികൾക്ക്. മൂത്ത രണ്ടു കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഒന്നാം ക്ലാസ് വിദ്യാർഥിയായ ഇളയ മകളുടെ കൺമുന്നിലാണ് സ്ഫോടനമുണ്ടായത്. കുട്ടിയുടെ ദേഹത്ത് ഉമ്മയുടെ ശരീരം ചിന്നിച്ചിതറിയ മാംസക്കഷണങ്ങളും രക്തവും തെറിച്ചു.

മൃതദേഹങ്ങൾ പല കഷണങ്ങളായി മുറിയിലാകെ ചിതറിയിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് ഏറെ പ്രയാസപ്പെട്ടാണു ശരീരാവശിഷ്ടങ്ങൾ നീക്കിയത്. ദുരന്ത വാർത്തയുടെ നടുക്കം മാറാതെ അമ്പരപ്പിലാണു വയനാട്.

English Summary: 2 killed in explosion near Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com