ADVERTISEMENT

പത്തനംതിട്ട ∙ ഫാനി ചുഴലി എങ്ങോട്ടു വീശും? തമിഴ്നാട്ടിൽ നല്ല മഴ ലഭിക്കുമോ? നാശനഷ്ടം വിതച്ചാലും ദാഹിച്ചു വലയുന്ന ചെന്നൈയുടെ ചൂടിനു മേൽ കുടീർതണ്ണിയായി പെയ്തിറങ്ങുമോ? കേരളത്തിന് ഇതിൽനിന്ന് എത്രത്തോളം മഴ എവിടെയെല്ലാം കിട്ടും? ചോദ്യങ്ങൾക്കെല്ലാം ഉത്തരംതേടി കാലാവസ്ഥയുമായി ബന്ധപ്പെട്ട ശാസ്ത്രലോകം അതീവജാഗ്രതയിൽ. ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച വൈകുന്നേരത്തോടെയോ രാത്രിയോടെയോ തമിഴ്നാട് തീരത്ത് കാറ്റും മഴയും എത്തിക്കാനാണു സാധ്യത. ഈ സമയത്ത് കേരളത്തിന്റെ വടക്കൻ ജില്ലകളിലും മഴ ലഭിച്ചേക്കാം.

എന്നു വച്ചാൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും ഞായറാഴ്ച ഉച്ചകഴിഞ്ഞും കേരളത്തിന്റെ മലയോര മേഖലയിൽ ഇടിയോടു കൂടിയ മഴ പ്രതീക്ഷിക്കാം. എല്ലായിടത്തുമായി പെയ്യുന്ന വ്യാപക മഴയല്ല, പെട്ടെന്നു വന്ന് വീശിയടിച്ച് പെയ്തിട്ട് ഓടിയകലുന്ന ഒറ്റപ്പെട്ട മഴ. ന്യൂനമർദമായി രൂപപ്പെട്ട് തീവ്ര ന്യൂനമർദമായി (ഡിപ്രഷൻ) മാറാൻ പോകുന്ന ചുഴലി ഇപ്പോൾ ശ്രീലങ്കൻ തീരത്തോടു ചേർന്ന് ശക്തിപ്രാപിക്കുകയാണ്. വെള്ളി രാത്രിയിലേ തീവ്രന്യൂനമർദമായി മാറുകയുള്ളൂ. ഉച്ചകഴിഞ്ഞ് ദ്വീപിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി ശ്രീലങ്കൻ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറുമ്പോൾ ഇതിന്റെ ദിശ എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി ഇപ്പോഴും അനിശ്ചിതത്വമുണ്ട്. സാധാരണ ഏപ്രിൽ മാസങ്ങളിൽ രൂപമെടുക്കുന്ന ചുഴലികൾ തമിഴ്നാട് തീരത്ത് നേരിട്ട് അടിക്കാറില്ല. ബംഗാൾ ഉൾക്കടലിലൂടെ തിരിഞ്ഞു കറങ്ങി മ്യാൻമറിലേക്കോ ഒഡീഷ– കൊൽക്കത്ത തീരത്തേക്കോ നീങ്ങുകയാണു പതിവ്. ഫാനി ഏതു വഴി സ്വീകരിക്കുമെന്ന് അറിയണമെങ്കിൽ 24 മണിക്കൂറെങ്കിലും കഴിയണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വിഭാഗം (ഐഎംഡി) വിശദീകരിക്കുന്നു.

Valiyathura
വലിയതുറയിൽ കടൽക്ഷോഭത്തിൽ തകർന്ന സിംസൺ വീട്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയില്‍

ഈ സീസണിലെ ആദ്യ ചുഴലി തമിഴ്നാട് തീരത്തെ തൊട്ട് ചെന്നൈയിലും മഴ പെയ്യിച്ച് 30–ാം തീയതിയോടെ ഒഡീഷയിലേക്കു കയറുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രാഥമിക നിഗമനം. തുലാമഴയിലെ കുറവുമൂലം ജലക്ഷാമത്തിന്റെ വക്കിലെത്തി നിൽക്കുന്ന തമിഴ്നാടിന് ഫാനി അനുഗ്രഹമാകുമെന്നാണ് വിലയിരുത്തൽ. എല്ലാ ചുഴലികളും നാശനഷ്ടങ്ങൾ കൊണ്ടുവരുമെങ്കിലും ഒപ്പം ലഭിക്കുന്ന കനത്ത മഴയിൽ അണക്കെട്ടുകൾ നിറയുന്നത് പതിവാണ്. ന്യൂനമർദം ശക്തിപ്പെടുന്നതിനാൽ കേരളം ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമാകാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിന്റെ മലയോര മേഖലയിൽ ചിലയിടത്ത് ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Valiyathura
സന്തോഷ് ട്രോഫി മുൻ ക്യാപ്റ്റൻ ബി.എഡിസന്റെ പിതാവ് ബേബി വറീദ് ജോസഫ് വലിയതുറയിൽ കടൽക്ഷോഭത്തിൽ തകർന്ന വീടിനു മുന്നിൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയില്‍
Valiyathura
വലിയതുറയിൽ കടൽക്ഷോഭത്തിൽ തകർന്ന സിംസൺ വീട്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയില്‍

English Summary: Cyclone Fani to hit Tamil Nadu, heavy rain expected in Kerala also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com