ADVERTISEMENT

തിരുവനന്തപുരം∙ കല്ലട ബസിലെ മോശം അനുഭവങ്ങളുടെ വാർത്തകൾ ഒന്നൊന്നായി പുറത്തു വരികയാണ്, അപമര്യാദയായി പെരുമാറിയ കല്ലട സുരേഷ് ബസ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹണി ഭാസ്‌കരന്‍ എന്ന യുവതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ജീവനക്കാരൻ അപമര്യാദയായി പെരുമാറിയത് യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴുന്നതായി അഭിനയിച്ച്‌ തന്റെ ശരീരത്തില്‍ ജീവനക്കാരൻ സ്പർശിച്ചു. ശരീരത്തില്‍ പുഴു കേറിയ പോലെ അറപ്പ് തോന്നിയെന്നാണ് ഹണി പറയുന്നത്. അവസാനം സുഹൃത്തുക്കളെത്തി. കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിർത്തി. ‘തല്ലെടീ…’ എന്നൊരു അലർച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. ഹണി പറയുന്നു. 

ഹണി ഭാസ്കരന്റെ കുറിപ്പ് വായിക്കാം:

ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല.ആറു വർഷം ജോലി ചെയ്ത നഗരമാണ് ബാംഗ്ലൂർ. നാട്ടിൽ നിന്ന് അങ്ങോട്ടേക്കുള്ള കല്ലട ബസ്സിലെ രാത്രി യാത്രക്കിടയിൽ ബാലൻസ് തെറ്റി വീഴാൻ പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വെച്ച കിളിക്കിട്ട് ഒരു പൊട്ടീരു കൊടുത്തിട്ടുണ്ട്.മനപ്പൂർവ്വം അയാളത് ചെയ്തതാന്ന് ഉറപ്പായിരുന്നു. മേത്ത് പുഴു കേറിയ പോലെ വന്ന അറപ്പ്. കലാശിപ്പാളയം എത്തണ വരെ ആ അറപ്പും കൊണ്ടിരുന്നു. ബാങ്കിൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. പരപരാ വെളുപ്പിന് കലാശിപ്പാളയത്ത് ബസ് നിർത്തിയതും സഖാക്കൾ മിത്രങ്ങൾ കാത്തു നിന്നിരുന്നു.

എന്റെ ബാഗെടുത്ത് റോഡിലേക്ക് വച്ച് പത്തനംതിട്ടക്കാരൻ സഖാവ് സനൽ, കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിർത്തി.”തല്ലെടീ… ” എന്നൊരു അലർച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. പിന്നവർ എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആരുന്നു. പിടിച്ചു മാറ്റാൻ വന്ന ഡ്രൈവർക്കിട്ടും കിട്ടി. ഈ ഇലക്ഷൻ കാലത്ത് കല്ലട ബസിലെ ഗുണ്ടകളെ പോലീസ് പിടിച്ച വാർത്ത വായിക്കുമ്പോ പഴേ ആ തല്ലിന്റെ കഥ ഓർത്ത് വല്ലാത്തൊരു സന്തോഷം…!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com