ADVERTISEMENT

കണ്ണൂർ∙ ഉദ്യോഗസ്ഥരെ ഉറക്കിക്കിടത്തി ജയിൽ ചാടാൻ തടവുകാരുടെ ശ്രമം. കണ്ണൂർ ജില്ലാ ജയിലിലാണു സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കു ചായയിൽ ഉറക്കഗുളിക ചേർത്തുനൽകിയശേഷം തടവുചാടാൻ മൂന്നു റിമാൻഡ് തടവുകാരാണു ശ്രമിച്ചത്. 24നു പുലർച്ചെ നടന്ന സംഭവം പുറത്തുവന്നത് ഇന്നലെ രാത്രി അടുക്കളയിലെ സിസിടിവി പരിശോധനയിലാണ്.

കാസർകോട്ടെ ഒരു കൊലക്കേസിലെ പ്രതിയടക്കം മൂന്നുപേരാണു തടവുചാടാൻ നോക്കിയത്. 24നു പുലർച്ചെ മൂന്നു പേരെയും അടുക്കള ഡ്യൂട്ടിക്ക് ഇറക്കി. ഇവർ ചായ തിളപ്പിച്ചശേഷം ഉറക്കഗുളിക ചേർത്ത് ഉദ്യോഗസ്ഥർക്കു നൽകുകയായിരുന്നു. നാല് ഉദ്യോഗസ്ഥരായിരുന്നു ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഒരാൾ ഉറക്കത്തിലായിരുന്നു. മറ്റു മൂന്നു പേർ ചായ കുടിച്ചതോടെ ഉറക്കം തുടങ്ങി. ഈ സമയത്ത് താക്കോൽ ഉപയോഗിച്ചു പ്രധാന ഗേറ്റ് വഴി പുറത്തുകടക്കാനായിരുന്നു തടവുകാരുടെ ശ്രമം. എന്നാൽ, ഉറക്കത്തിലായിരുന്ന നാലാമത്തെ ഉദ്യോഗസ്ഥൻ ഈ സമയം ഉണർന്നു ഗേറ്റിനു സമീപത്തേക്കു വന്നതിനാൽ ശ്രമം പാളി.

ഉറക്കഗുളിക കഴിച്ച ഉദ്യോഗസ്ഥരിൽ ഒരാൾക്കു രാവിലെ ഛർദിയുണ്ടായി. ഭക്ഷ്യവിഷബാധയാണെന്നായിരുന്നു പരിശോധനക്കെത്തിയ ഡോക്ടറുടെ നിഗമനം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിലെത്തി സാംപിളെടുത്തു പരിശോധിച്ചെങ്കിലും ഭക്ഷ്യവിഷബാധയുടെ സൂചന ലഭിച്ചില്ല. സംശയം തോന്നിയ സൂപ്രണ്ട് ജയിൽ അടുക്കളയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ചായയുണ്ടാക്കിയശേഷം തടവുകാരിലൊരാൾ പൊതി തുറന്ന് ഒരു പൊടി ഉദ്യോഗസ്ഥർക്കുള്ള ചായയിൽ ചേർക്കുന്നതായി ദൃശ്യത്തിൽ കണ്ടതോടെ ഇവരെ ചോദ്യം ചെയ്തു. ഇതോടെയാണു തടവുചാട്ടശ്രമം പുറത്തായത്. ഉദ്യോഗസ്ഥരെ ആക്രമിച്ചുള്ള ജയിൽ ചാട്ടം സംസ്ഥാനത്തു നടന്നിട്ടുണ്ടെങ്കിലും ഉറക്കിക്കിടത്തിയശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നത് ആദ്യമാണ്. തടവുകാർക്കെതിരെ പൊലീസ് കേസെടുത്തു.

ഉറക്കമില്ലെന്നു തടവുകാർ പരാതിപ്പെടുമ്പോൾ ജയിൽ ആശുപത്രിയിൽനിന്ന് ഉറക്കഗുളിക ഡോക്ടർ കുറിച്ചുനൽകാറുണ്ട്. ഇങ്ങനെ ലഭിച്ച ഉറക്കഗുളികയാണ് ഉദ്യോഗസ്ഥരെ ഉറക്കാൻ ഉപയോഗിച്ചതെന്നാണു വിവരം.

English Summary: Jail Break Attempt In Kannur Prison, Sleeping Pills In Tea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com