ADVERTISEMENT

കൊച്ചി∙ ഫോൺവിളികൾ അർധരാത്രിയിലേക്കു നീണ്ടതോടെ കലിപൂണ്ട ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. എറണാകുളം ജില്ലയിൽ കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)ആണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് സേവിയർ(67) പൊലീസ് പിടിയിലായി.

ഭാര്യയോടുള്ള സംശയവും അർധരാത്രിയിലും ഫോണിൽ പലരുമായും ഫോൺ സംസാരിക്കുന്നതിലുള്ള അസ്വസ്ഥതയുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. ഇന്നു പുലര്‍ച്ചെയാണ് മാസങ്ങളായി നീണ്ട കുടുംബവഴക്കു കൊലപാതകത്തില്‍ കലാശിച്ചത്. 

ഷേർളി ഫോണില്‍ സംസാരിക്കുന്നതിനെ സേവ്യര്‍ പലവട്ടം വിലക്കിയിരുന്നതാണ്. കഴിഞ്ഞ രാത്രിയിലും ഇതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയുമായി. തുടര്‍ന്ന് തോര്‍ത്തു കൊണ്ടു ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു സേവ്യർ പൊലീസിനു മൊഴി നൽകി. കൊലപാതകവിവരം സേവ്യര്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. 

ഷേര്‍ളി തൊഴിലുറപ്പ് തൊഴിലാളിയാണ്. കണ്ണമാലിയില്‍ ചെമ്മീന്‍ കെട്ടിലാണു സേവ്യറിനു ജോലി. ഏതാനും ദിവസങ്ങൾക്കു മുൻപ് പാലക്കാട് ജോലിയുടെ ആവശ്യത്തിനെന്നു പറഞ്ഞു പോയ ഷേർളിയെ കാണാനില്ലെന്നു കാണിച്ചു  സേവ്യർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ഇടപെട്ടു ഷേർളിയെ  സ്ഥലത്തെത്തിച്ചു.തുടർന്ന് പാലക്കാട്  ജോലിക്കു പോകണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് സമ്മതിച്ചിരുന്നില്ല.

ജോലിക്കു വരാനാവശ്യപ്പെട്ടു കോൾ വരുന്നതായാണ് ഇവർ ഭർത്താവിനോട് പറഞ്ഞിരുന്നത്. ഇന്നലെ രാത്രി രണ്ടു മണിക്കും ഫോൺ കോൾ വന്നതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തത്. 

ഇയാളുടെ പേരിൽ നേരത്തെ തമിഴ്നാട്ടിൽ കൊലക്കേസ് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മുൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സമീപ വാസികൾ പറയുന്നത്. തുടർന്നാണ് അയൽവാസിയും ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയ്ക്ക് കൂട്ടു കിടക്കാൻ വരികയും ചെയ്തിരുന്ന ഷേർളിയുമായി അടുപ്പത്തിലാകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും. സ്വതവേ ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്നു സേവ്യറെന്നും നാട്ടുകാർ പറയുന്നു. 

English Summary: Kochi Man kills wife for using mobile phone 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com