ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി  ജൂൺ ഒന്നിനു നിലവിൽ വരും. മെഡിക്കൽ ഇൻഷുറൻസ് സ്കീം ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് (മെഡിസെപ്) എന്നാണു പദ്ധതിയുടെ പേര്.

കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണു മെഡിസെപ്പ്. ഇ-ടെൻഡറിൽ  ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) ക്വോട്ട് ചെയ്ത റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്കു പദ്ധതിയുടെ ചുമതല നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 

5 കമ്പനികളാണു ടെൻഡറിൽ പങ്കെടുത്തത്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി  9438.82 രൂപയും ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 17700 രൂപയും ഒറിയന്റൽ ഇൻഷുറൻസ് കമ്പനി 6772 രൂപയും നാഷനൽ ഇൻഷുറൻസ് കമ്പനി 7298.30 രൂപയുമാണു വാർഷിക പ്രീമിയം ആവശ്യപ്പെട്ടത്. ടെൻഡറുകൾ പരിശോധിച്ചശേഷം റിലയൻസിനെ ധനവകുപ്പ് ശുപാർശ ചെയ്തു.

ഹൈക്കോടതിയിലേതുൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ, പാർടൈം കണ്ടിജന്റ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേതടക്കമുള്ള അധ്യാപകരും അനധ്യാപകരും, പാർടൈം അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ ജീവനക്കാർ, പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും ഈ വിഭാഗങ്ങളിലെ പെൻഷൻകാരും കുടുംബ പെൻഷൻകാരുമാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കൾ. ഇവരുടെ ആശ്രിതർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി മൂന്നു വർഷമാണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു മാസം 250 രൂപ വീതം ഇൻഷുറൻസ് പ്രീമിയമായി പിടിക്കും. പെൻഷൻകാർക്കു മെഡിക്കൽ അലവൻസായി നൽകിവരുന്ന 300 രൂപയിൽ നിന്നു പ്രീമിയം തുക കുറവു ചെയ്യും.

ഇൻഷുറൻസ് പ്രീമിയം മൂന്നു ഗഡുക്കളായി ഇൻഷുറൻസ് കമ്പനിക്കു സർക്കാർ മുൻകൂറായി നൽകും. ഔട്ട് പേഷ്യന്റ് ചികിത്സകൾക്ക് നിലവിലുള്ള മെഡിക്കൽ റീ-ഇംമ്പേഴ്സ്മെന്റ് പദ്ധതി തുടരും.

∙മൂന്നു വിഭാഗത്തിൽപ്പെടുന്ന പരിരക്ഷയാണു ലഭിക്കുക.

1 ഓരോ കുടുംബത്തിനും ഇൻഷുറൻസ് കാലയളവിൽ വർഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും.

2 അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സയ്ക്കു മൂന്നു വർഷം ഒരു കുടുംബത്തിനു പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. വർഷം രണ്ടുലക്ഷം രൂപ നിരക്കിൽ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമേയാണിത്. 

3 ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ഗുരുതരരോഗ ചികിത്സാച്ചെലവിനു തികയുന്നില്ലെങ്കിൽ, പുറമേ പോളിസി കാലയളവിൽ പരമാവധി ഒരു കുടുംബത്തിനു  മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനി വർഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും. ഇതിൽ നിന്നാണ് ഈ അധിക സഹായം നൽകുക.

English Summary: Medisep medical insurance for state employees and pensioners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com