ADVERTISEMENT

സിദ്ധി (മധ്യപ്രദേശ്) ∙ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തന്റെ വസതിയിലും ആദായനികുതി റെയ്ഡ് നടത്താമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയ്ഡുകൾ രാഷ്ട്രീയവൈരാഗ്യം തീർക്കാൻ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കു മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ രാഷ്ട്രീയക്കാരാണ്, എന്തിനാണ് നിങ്ങൾ ഞങ്ങളെ പരിശോധിക്കുന്നത് എന്നാണ് ആദായനികുതി റെയ്ഡുകൾക്കു ശേഷം കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ഈ രാജ്യത്തെ നിയമം എല്ലാവർക്കും തുല്യമാണ്. മോദി എന്തെങ്കിലും തെറ്റ് ചെയ്തെന്നിരിക്കട്ടെ, മോദിയുടെ വീട്ടിലും തീർച്ചയായും ആദായനികുതി റെയ്ഡ് നടത്തണം’– മോദി വ്യക്തമാക്കി.

ഭോപാലിൽനിന്ന് 570 കിലോമീറ്റർ ദൂരെയാണു സിദ്ധി. വാരാണസിയിൽ നാമനിർദേശപത്രിക നൽകിയശേഷമായിരുന്നു ഇവിടെ റാലി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിക്കാനും മോദി മറന്നില്ല. തുഗ്ലക് റോഡിലെ തിരഞ്ഞെടുപ്പ് അഴിമതിപ്പണം കുടുംബാധിപത്യത്തിന്റെ പ്രചാരണത്തിനാണ് ഉപയോഗിച്ചത്. നിങ്ങളുടെ കാവൽക്കാരൻ ജാഗ്രതയുള്ളവനാണ്. എതെങ്കിലും പ്രമുഖപേരുകാരോ അവരുടെ വിശ്വസ്തരോ രക്ഷപ്പെടില്ല– മോദി പറഞ്ഞു.

അതേസമയം, എൻഡിഎ സഖ്യകക്ഷി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലിന്റെ കാൽതൊട്ട് മോദി അനുഗ്രഹം വാങ്ങിയതു സമൂഹമാധ്യമങ്ങളിൽ തരംഗമായി. വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണു മോദി, 93–കാരനായ പ്രകാശ് സിങ് ബാദലിന്റെ കാൽ പിടിച്ചത്. 

Narendra-Modi-Prakash-Singh-Badal
അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലിന്റെ കാൽതൊട്ട് മോദി അനുഗ്രഹം വാങ്ങുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ

‘ഈ വർഷത്തെ ചിത്രം’ എന്നാണു ബിജെപി നേതാവ് അമിത് രക്ഷിത് ഇതിനെ വിശേഷിപ്പിച്ചത്. പത്രികയിൽ നിർദേശകരിൽ ഒരാളായി പേരുള്ള 92–കാരിയായ മുൻ അധ്യാപിക അന്നപൂർണ ശുക്ളയുടെ കാലിലും മോദി തൊട്ടു. മോദിയുടെ ചിത്രത്തോടൊപ്പം, മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കാലി‍ൽ തൊടുന്നതിന്റെ ചിത്രങ്ങളും ബിജെപി അനുഭാവികൾ പങ്കുവയ്ക്കുന്നുണ്ട്.

English Summary: "Raid Modi's Home Too If He Does Wrong," Says PM Narendra Modi On Opposition Criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com