ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തിനു പിന്നാലെ ഇങ്ങനെ സംഭവിച്ചാൽ എന്താണു ശിക്ഷാനടപടി എന്നതിനെപ്പറ്റി ചർച്ചകൾ നടക്കുകയാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ക്ക് ഐപിസി 171 എ മുതല്‍ ഐ വരെയുള്ള വകുപ്പുകളനുസരിച്ചാണ് കേസ് എടുക്കുന്നത്.

ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച്, കുറ്റകൃത്യം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷനു ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാം. തിരഞ്ഞെടുപ്പില്‍ മറ്റൊരാളുടെ വോട്ട് ആള്‍മാറാട്ടം നടത്തി രേഖപ്പെടുത്തുന്നതിന് ഐപിസി 171 ഡി ആണ് ചുമത്തുന്നതെന്നു നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു. പരമാവധി ഒരുവര്‍ഷം ശിക്ഷയും പിഴയും ചുമത്താം. പിഴ മാത്രമായും ശിക്ഷ വിധിക്കാം. ജാമ്യം കിട്ടുന്ന വകുപ്പാണ്. 

ഇക്കഴിഞ്ഞ ഏപ്രിൽ 23ന് വോട്ടിങ് യന്ത്രത്തിൽ വോട്ട് മാറി പതിഞ്ഞെന്നു പരാതിപ്പെട്ട യുവാവിനെതിരെ കേസെടുത്തതു കള്ളവോട്ട് ചെയ്തതിന്റെ പേരിലാണ്. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ചവറ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട പന്മന ചിറ്റൂർ ഗവ. യുപി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത പന്മന പോരൂക്കര സ്വദേശി ഷംനാദിനെതിരെയാണു പ്രിസൈഡിങ് ഓഫിസറുടെ റിപ്പോർട്ട് പ്രകാരം കേസെടുത്തത്.

താൻ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് യന്ത്രത്തിൽ കണ്ടതെന്ന ഷംനാദിന്റെ പരാതിയെത്തുടർന്നു വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകിയിരുന്നു. രണ്ടാമത്തെ വോട്ട് കൃത്യമായി തന്നെ രേഖപ്പെടുത്തിയതായി തെളിഞ്ഞതോടെ പരാതി വ്യാജമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. ചവറ പൊലീസ് കസ്റ്റഡിയിലെടുത്ത ഷംനാദിനെ പിന്നീടു ജാമ്യത്തിൽ വിട്ടു.

എന്നാൽ, ബൂത്തിലെ പ്രിസൈസിങ് ഓഫിസർ പൊലീസിനു നൽകിയ റിപ്പോർട്ടിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 എഫ് പ്രകാരമുള്ള കുറ്റകൃത്യം (ആളുമാറി വോട്ട് ചെയ്യൽ, കള്ളവോട്ട് ചെയ്യാൻ പ്രേരണ തുടങ്ങിയവ) ചെയ്തതായാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു പ്രകാരം ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം..

2014ൽ സിപിഎം മൂലമറ്റം ഏരിയാ സെക്രട്ടറി കെ.എൽ.ജോസഫ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ കാഞ്ഞാർ പൊലീസ് കേസെടുത്തിരുന്നു. 171 (ഡി) വകുപ്പു പ്രകാരമാണു കേസെടുത്തത്. വോട്ടെടുപ്പു ദിവസം രാവിലെ മൂലമറ്റം ഐഎച്ച്‌ഇപി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്‌തശേഷം മൂലമറ്റം ഗവ. വിഎച്ച്‌എസ്‌എസിലെ ബൂത്തിൽ വോട്ടുചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്‌ഥർ പിടികൂടിയത്. തുടർന്ന് ഓടി രക്ഷപ്പെട്ടു.

English Summary: Electoral offences and punishments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com