ADVERTISEMENT

കൊച്ചി ∙ വിവാദം കത്തി നിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ കിഫ്ബിയുടെ മസാല ബോണ്ട് പുറത്തിറക്കൽ ചടങ്ങിൽ പങ്കെടുക്കാൻ യുകെയിലേക്ക്. മേയ് 18ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ധനന്ത്രി ടി.എം.തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ ഡോ. കെ.എം.ഏബ്രഹാം എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

മുഖ്യമന്ത്രിയും സംഘവും ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക പുനർനിർമാണ കോൺഗ്രസ് ഉൾപ്പടെയുള്ള വിവിധ പരിപാടികൾക്കായി വരുന്ന ഒൻപതാം തീയതി മുതൽ 17 വരെ വിദേശയാത്രകളിലായിരിക്കും. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഔദ്യോഗിക യാത്ര.

എസ്എൻസി ലാവ്‌ലിന്റെ ഏറ്റവും വലിയ ഓഹരി പങ്കാളിയായ കാനഡയിലെ സർക്കാർ പെൻഷൻ ഫണ്ട് സ്ഥാപനമായ സിഡിപിക്യു കമ്പനിക്കു കിഫ്ബിയുടെ മസാലബോണ്ടുകൾ വിറ്റഴിച്ചതിൽ ക്രമക്കേടുണ്ടെന്നാണു പ്രതിപക്ഷ ആരോപണം. സി‍ഡിപിക്യുവും ലാവ്‌ലിൻ കമ്പനിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ആദ്യം ന്യായീകരിച്ച മന്ത്രി തോമസ് ഐസക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതു തിരുത്തിയിരുന്നു.

ഇക്കാര്യം ഇന്റർനെറ്റിൽ ലഭ്യമായ വിവരമായിട്ടും ഇരു സ്ഥാപനങ്ങളും തമ്മിൽ ബന്ധമില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം. മസാലബോണ്ടിനെതിരായ വിവാദങ്ങൾ നാടിന് വിരുദ്ധമായ വിവാദങ്ങളാണെന്നാണ് മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. ഇതിനിടെ, മസാല ബോണ്ടില്‍ സിപിഎം കേന്ദ്ര കമ്മിറ്റി നിലപാട് ആരാഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു കത്തയച്ചു.

സിപിഎം എതിര്‍ത്തുപോന്ന നവബിലറല്‍ സാമ്പത്തിക നയത്തിന് അനുസൃതമാണ് മസാല ബോണ്ട് എന്നാണ് മുഖ്യ ആരോപണം. ഇടതു സര്‍ക്കാരിന്റെ കീഴിലുള്ള കിഫ്ബി അവ പുറപ്പെടുവിക്കുന്നതില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെയും ജനറല്‍ സെക്രട്ടറിയുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഇക്കാര്യം പാര്‍ട്ടിക്കുള്ളിലോ പൊളിറ്റ്ബ്യൂറോയിലോ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ യുകെ യാത്രയിൽ മാത്രമായിരിക്കും തോമസ് ഐസക് ഒപ്പമുണ്ടാകുക. മറ്റു രാജ്യങ്ങളിൽ ചീഫ് സെക്രട്ടറിയും അനുബന്ധ വകുപ്പുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാരുമാണ് ഒപ്പമുള്ളത്. ഫ്രാൻസിൽ മലയാളി അസോസിയേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ യാത്ര.

യുകെയിൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് മുഖ്യമന്ത്രിയും സംഘവും സന്ദർശിക്കും. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും യാത്രാ ചെലവുകൾ സംസ്ഥാന സർക്കാരായിരിക്കും വഹിക്കുക. മറ്റ് ഉദ്യോഗസ്ഥരുടെ ചെലവുകൾ അനുബന്ധ വകുപ്പുകൾക്കു കീഴിലെ നിശ്ചിത സ്ഥാപനങ്ങൾ വഹിക്കും.

English Summary: CM Pinarayi Vijayan tours to London for KIIFB Masala Bond celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com