ADVERTISEMENT

2019 പിഡിസി: ഇക്കഴിഞ്ഞ മാർച്ച് 26നാണ് ഈ പടുകൂറ്റൻ ഛിന്നഗ്രഹത്തെ നാസയും യൂറോപ്യൻ സ്പെയ്സ് ഏജൻസിയും (ഇഎസ്എ) ബഹിരാകാശത്തു കണ്ടെത്തുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിനു തൊട്ടടുത്തെത്തുന്ന നിയർ എർത്ത് ഓബ്ജക്ട്സിനെ (എൻഇഒ) കണ്ടെത്താൻ വേണ്ടി സ്ഥാപിച്ച സംവിധാനങ്ങളിലൂടെയാണ് ഇതിനെയും തിരിച്ചറിഞ്ഞത്. ഒൻപതു വർഷത്തിനപ്പുറം, 2027ൽ, ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്നാണു ഗവേഷകർ പറയുന്നത്. ഇതിനു നൂറിലൊന്നാണു സാധ്യത.

2019 പിഡിസി ഭൂമിക്കു നേരെ വരുമ്പോൾ എങ്ങനെ പ്രതിരോധിക്കുമെന്നറിയാൻ ലോകമെമ്പാടുമുള്ള വാനശാസ്ത്ര ഗവേഷകർ അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുകയാണ്. വാഷിങ്ടനിൽ നടക്കുന്ന ഈ വർഷത്തെ പ്ലാനറ്ററി ഡിഫൻസ് കോൺഫറൻസിന്റെ ഭാഗമായാണു കൂടിക്കാഴ്ച. വിവിധ ഏജൻസികൾ ഈ ഛിന്നഗ്രഹത്തെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന നടപടികൾ ഇഎസ്എ ഓപറേഷൻസ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായും ഏതാനും നാളുകളായി നൽകിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായാണ് ഇഎസ്എയുടെ നേതൃത്വത്തിൽ ഛിന്നഗ്രഹത്തെ നേരിടുന്നത് ലൈവായി നൽകുന്നത്. ഇത്രയും നാളും തികച്ചും രഹസ്യമായിരുന്നു എല്ലാം.

nasa asteroid practice drill esa
ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിടാനുള്ള വഴികളും നാസ തേടുന്നുണ്ട്. ചിത്രം: ഇഎസ്എ

ഇത്രയും വായിച്ചപ്പോഴുണ്ടായ ഒരു ആശങ്കയില്ലേ? അതു തന്നെയാണ് നാസയും ഇഎസ്എയും ആഗ്രഹിച്ചതും. ഇത്തരം ഘട്ടങ്ങളിൽ പൊതുസമൂഹം എങ്ങനെ പ്രതികരിക്കും എന്നറിയാനായിരുന്നു സമൂഹമാധ്യമങ്ങളിലെ പരീക്ഷണം. ഈ റിപ്പോർട്ടും ഛിന്നഗ്രഹത്തിന്റെ പേരും എല്ലാം നാസ തയാറാക്കിയ ഒരു മോക് ഡ്രില്ലിന്റെ ഭാഗമായിരുന്നു. ഭൂമിക്കു നേരെ ഛിന്നഗ്രഹങ്ങളൊന്നും പാഞ്ഞു വരുന്നില്ലെങ്കിലും, ഒരു കൂറ്റൻ ബഹിരാകാശവസ്തു വന്നു കഴിഞ്ഞാൽ ഏതൊക്കെ വിഭാഗം, എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച എല്ലാ കാര്യങ്ങളും നാസയുടെ നേതൃത്വത്തിൽ പരീക്ഷിക്കുകയാണ്.

വിവിധ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളുടെയും പ്രതിരോധ– എമർജൻസി മാനേജ്മെന്റ് വകുപ്പിന്റെയുമെല്ലാം പിന്തുണയോടെയാണ് ഈ മോക് ഡ്രിൽ. പ്ലാനറ്ററി ഡിഫൻസ് കോ–ഓർഡിനേഷൻ ഓഫിസ്, യുഎസ് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി, ഇഎസ്എയുടെ കീഴിലെ സ്പെയ്സ് സിറ്റ്വേഷനൽ അവെയർനെസ്– എൻഇഒ സെഗ്‌മെന്റ്, ഇന്റർനാഷനൽ ആസ്റ്ററോയ്ഡ് വാണിങ് നെറ്റ്‍‌വർക്ക് എന്നിവയും പിന്തുണയുമായുണ്ട്.

ഓരോ രണ്ടു വർഷം കൂടുമ്പോഴും ഇതു ചെയ്യാറുണ്ടെങ്കിലും പൊതുജന പങ്കാളിത്തത്തോടെ ഇതാദ്യം. 2019 പിഡിസി എന്ന ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥവും ഭൂമിയിൽ ഇതു വന്നിടിക്കാൻ സാധ്യതയുള്ള മേഖലകളുടെ മാപ്പും വരെ നാസ തയാറാക്കി ട്വീറ്റ് ചെയ്തിരുന്നു. എല്ലാം സാങ്കൽപികമായിരുന്നെന്നു മാത്രം.

ഇങ്ങനെയൊക്കെയാണെങ്കിലും ഛിന്നഗ്രഹങ്ങളുടെ വരവിനെ നിസ്സാരമായി തള്ളിക്കളയരുതെന്നു പറയുന്നു നാസ. സൂര്യനു ചുറ്റും കറങ്ങുന്ന, ലോഹങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ ബഹിരാകാശ വസ്തുക്കളാണ് ആസ്റ്ററോയ്ഡുകൾ അഥവാ ഛിന്നഗ്രഹങ്ങള്‍. ഭൂമിയിൽ ഇവയിലൊന്നു വന്നിടിച്ചാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രവചനാതീതമാണ്.

ഭൂമിക്ക് അടുത്ത കാലത്തോ ഈ നൂറ്റാണ്ടിലോ പോലും ഒരു ഛിന്നഗ്രഹത്തിന്റെ ഭീഷണി ഉണ്ടാകില്ലെന്നായിരുന്നു ഇതുവരെ ഗവേഷകർ കരുതിയിരുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിനോടു ചേർന്നുള്ള ഇരുപതിനായിരത്തോളം ഛിന്നഗ്രഹങ്ങളെ ഇക്കഴിഞ്ഞ 20 വർഷം കൊണ്ടു നാസയുടെ നേതൃത്വത്തിൽ തിരിച്ചറിഞ്ഞു പട്ടിക തിരിച്ചിട്ടുമുണ്ട്. ഇവ കൂടാതെ നൂറ്റി അൻപതോളം എൻഇഒകളെ ഓരോ മാസവും പുതുതായി കണ്ടെത്തുന്നു‌.

പുതുതായി പട്ടികയിലേക്കു വരുന്നവരാണ് ഗവേഷകരുടെ ആശങ്കയ്ക്കു കാരണം. അപ്രതീക്ഷിതമായി ഒരു ഛിന്നഗ്രഹം ഭൂമിക്കു നേരെ വന്നാൽ എന്തു ചെയ്യണം എന്നതിന്റെ മോക് ഡ്രിൽ അതിനാലാണ് നാസ ഏറെ പ്രാധാന്യത്തോടെ നടപ്പാക്കുന്നതും. ഇതിന്റെ ഭാഗമായാണ് ‘വ്യാജ’ ഛിന്നഗ്രഹത്തെ സൃഷ്ടിച്ചതും നേരിടാനുള്ള വഴികൾ ആലോചിച്ചതും.

nasa asteroid practice drill esa
പ്രതീകാത്മക ചിത്രം: ഇഎസ്എ

ശാസ്ത്രജ്ഞർ, ബഹിരാകാശ ഗവേഷകർ, സുരക്ഷാ വിഭാഗം, സിവിൽ പ്രൊട്ടക്‌ഷൻ ഏജൻസി, പ്രതിരോധ വകുപ്പ് തുടങ്ങിയവയെല്ലാം ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ പക്ഷേ ഒന്നും വ്യജമായിരുന്നില്ല. എല്ലാവരും വളരെ ഗൗരവത്തോടെയാണ് സംഭവത്തിനോടു പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. #FICTIONALEVENT എന്ന ഹാഷ്ടാഗോടെ ഇവർ ട്വിറ്ററിൽ നൽകുന്ന കാര്യങ്ങൾ തന്നെയായിരിക്കും യഥാർഥത്തിൽ ഛിന്നഗ്രഹം ഭൂമിക്കു നേരെ വന്നാലും ഉണ്ടാവുക.

രാജ്യങ്ങളുടെ പ്രതിനിധി, സ്പെയ്സ് ഏജന്‍സികളുടെ പ്രതിനിധി, ബഹിരാകാശ ശാസ്ത്രജ്‍ഞൻ, സിവിൽ പ്രൊട്ടക്‌ഷൻ ഓഫിസർ എന്നിങ്ങനെ മോക് ഡ്രില്ലില്‍ പങ്കെടുക്കുന്ന ഓരോരുത്തർക്കും ഓരോ ‘ടാസ്ക്’ ഉണ്ട്. ഇതിന്റെ അപ്ഡേഷനുകളാണ് @esaoperations എന്ന ട്വിറ്റർ ഹാൻഡിൽ വഴി ലഭ്യമാക്കുന്നത്. ഭൂമിക്കു നേരെ വരുന്ന ഛിന്നഗ്രഹത്തെ നേരിടുന്നതിന്റെ വിശദവിവരങ്ങൾ ഏപ്രിൽ 29 മുതൽ മേയ് മൂന്നു വരെ ലൈവായും ലഭ്യമാക്കുന്നുണ്ട്.

‘പുറത്തു നിന്നുള്ള ഒരു വസ്തുവിന്റെ ആഘാതത്തിൽനിന്നു ഭൂമിയെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ആ വസ്തുവിനെപ്പറ്റി പഠിക്കുക എന്നതാണ്. എന്നാൽ മാത്രമേ എത്രമാത്രം മുന്നറിയിപ്പ് ഏതെല്ലാം രാജ്യങ്ങൾക്കു നൽകണം എന്നു മനസ്സിലാക്കാനാവുക. അതുവഴി നാശനഷ്ടങ്ങളുടെ തോത് ഏറെ കുറയ്ക്കാനും...’– ഇഎസ്എയിലെ പ്ലാനറ്ററി ഡിഫൻസ് വിഭാഗം തലവൻ റൂഡിഗർ ജെൻ പറയുന്നു.

nasa asteroid practice drill esa asteroid corridor
ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിക്കാൻ സാധ്യതയുള്ള ആസ്റ്ററോയ്ഡ് കോറിഡോർ. ഇഎസ്എ തയാറാക്കിയ ചിത്രം.

ഛിന്നഗ്രഹം അപ്രതീക്ഷിതമായി വന്നു കഴിഞ്ഞാലുണ്ടാകുന്ന പ്രതികരണവും എത്രയും പെട്ടെന്നുള്ളതും ഫലപ്രദമായിരിക്കുമെന്നും ഉറപ്പാക്കാൻ വേണ്ടി കൂടിയാണ് ഗവേഷകരുടെ ഈ ശ്രമം. ഡിസാസ്റ്റർ മാനേജ്മെന്റിലെ പരിമിതികളും ഇതിലൂടെ മനസ്സിലാക്കാൻ സഹായിക്കും. വിവിധ രാജ്യങ്ങളുടെ സർക്കാരുകളും ഗവേഷകരുടെ കൂട്ടായ്മകളും തമ്മിൽ അടിയന്തര ഘട്ടത്തിലുണ്ടാകേണ്ട ആശയവിനിമയം ഫലപ്രദമാക്കാനും മോക് ഡ്രിൽ സഹായിക്കുമെന്നും നാസയുടെ പ്ലാനറ്ററി ഡിഫൻസ് ഓഫിസർ ലിൻഡ്‌ലി ജോൺസൺ പറയുന്നു.

സാധാരണ മോക് ഡ്രില്ലുകളെപ്പോലെയല്ല ഇത്. കൃത്യമായ തിരക്കഥ പോലുമില്ല. പകരം സംഭവത്തെ അവതരിപ്പിക്കുക മാത്രം ചെയ്യും. എൻഇഒ നിരീക്ഷകരും സ്പെയ്സ് ഏജൻസി ഉദ്യോഗസ്ഥരും എമർജൻസി മാനേജ്മെന്റ് വിഭാഗവും രാഷ്ട്രതലവന്മാരും ജനങ്ങളും എങ്ങനെ പ്രതികരിക്കുന്നു എന്നതിനാണു പ്രധാന്യം. ഏറെ പരിഭ്രാന്തി നിറഞ്ഞ ഒരു ഘട്ടത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് എത്രമാത്രം വ്യക്തമായി ചെയ്യാനാകുന്നുവെന്നും മനസ്സിലാക്കണം.

ഭൂമിയിലേക്ക് ഇടിച്ചിറങ്ങും മുൻപു ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ എന്തെല്ലാം ചെയ്യണം, അതിന്റെ ഘടന എങ്ങനെ മനസ്സിലാക്കാനാകും, ഭ്രമണപഥം മാറ്റി വിടാൻ എന്തെല്ലാം ചെയ്യാനാകും, പാതിവഴിയിൽ അതിനെ തകർക്കാനാകുമോ തുടങ്ങി വന്നിടിച്ചാൽ എന്തെല്ലാം ചെയ്യേണ്ടി വരും എന്നതിൽ ഉൾപ്പെടെ തീരുമാനമെടുക്കാനാകണം.

യുഎസ് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുമായി (ഫെമ) മുൻവർഷങ്ങളിൽ നാസ ഏതാനും ഡ്രില്ലുകൾ നടത്തിയിരുന്നു. എന്നാൽ അന്ന് ശാസ്ത്രം എന്നതിൽനിന്നു മാറി തികച്ചും സുരക്ഷാപരമായി മാത്രമായിരുന്നു സമീപനം. എപ്പോൾ, എവിടെ ഛിന്നഗ്രഹം വന്നിടിക്കും, എന്ത് അത്യാഹിതങ്ങളുണ്ടാക്കും തുടങ്ങിയ കാര്യങ്ങളിൽ മാത്രമായിരുന്നു ശ്രദ്ധ.

എന്നാൽ ഇക്കാര്യങ്ങളെല്ലാം ശാസ്ത്രീയമായിത്തന്നെ നേരത്തേ കണ്ടെത്താനുള്ളതിന്റെ സാധ്യതകൾ ഉൾപ്പെടെയാണ് ഇത്തവണ പരിശോധിക്കുന്നത്. ഭൂമിക്കു നേരെ വരുന്ന ബഹിരാകാശ വസ്തുക്കളെ നേരിടാൻ ഭരണ തലത്തിൽ തന്നെ വൈറ്റ് ഹൗസ് നാഷനൽ എൻഇഒ പ്രിപ്പയേഡ്നസ് ആക്‌ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്.

English Summary: NASA gear up for simulation of responding asteroids to a direct hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com