ADVERTISEMENT

വാരാണസി∙ വാരാണസിയില്‍ രണ്ടാമങ്കത്തിന് ഇറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഏറെ ശ്രദ്ധാകേന്ദ്രമായത്‌ അദ്ദേഹത്തെ പിന്താങ്ങാന്‍ എത്തിയ നാലുപേര്‍ തന്നെ. ബനാർസ് ഹിന്ദു സർവകലാശാലയിലെ വനിതാ കോളജ് മുൻ പ്രിൻസിപ്പൽ അന്നപൂർണ ശുക്ല, വാരാണസി ഘട്ട്‌ ശ്മശാനത്തിലെ മുഖ്യ കർമി ജദീഷ് പ്രകശ് ചൗധരി, കാർഷിക ഗവേഷകനായ രാമകാന്ത് ശുക്ല, ആർഎസ്എസ് പ്രവർത്തകനായ സുഭാഷ് ഗുപ്ത എന്നിവരാണ് ഇത്തവണ നരേന്ദ്ര മോദി ഇതിനായി തിരഞ്ഞെടുത്തത്.

ചൗകിദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ്) എന്നു മോദിയെ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ പത്രികാ സമർപ്പണത്തിനു സാക്ഷിയായി ഒപ്പിടാൻ മണ്ഡലത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ റാം ശങ്കർ പട്ടേലിനെ കൊണ്ടുവന്നതും ശ്രദ്ധേയമായിരുന്നു. 

1969 മുതൽ 1972 വരെ യുകെയിൽ ബേബി ഫുഡ്കൾക്കെതിരെ പ്രവർത്തിച്ചാണ് അന്നപൂർണ ശുക്ല ശ്രദ്ധ നേടുന്നത്. ബനാർസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകനായ മദൻമോഹൻ മാളവ്യയാണ് മറ്റു പ്രൊഫസർമാരോടൊപ്പം അന്നപൂർണയെ യുകെയിലേക്ക് അയയ്ക്കുന്നത്. ഇവരുടെ ശ്രമഫലമായാണ് ബേബി ഫുഡ്കൾക്കൊപ്പം, ‘മുലപ്പാലിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല’ എന്ന ടാഗ്‌ലൈൻ നൽകാൻ ആരംഭിച്ചത്.

‘മോദിജി വന്നപ്പോൾ, ഒരു അമ്മയെപോലെ ഞാൻ അദ്ദേഹത്തെ അനുഗ്രഹിച്ചു. എന്റെ കാലിൽ തൊട്ടുവന്ദിച്ചപ്പോൾ, ഇനിയും ഉയരങ്ങളിലെത്തുമെന്ന് ആശിർവദിച്ചു.’– നരേന്ദ്ര മോദിയുടെ പത്രിക പിന്താങ്ങിയതിനെ കുറിച്ചു ചോദിച്ചപ്പോൾ തൊണ്ണൂറ്റിയൊന്നുകാരിയായ അന്നപൂർണ ശുക്ല പറഞ്ഞു. ശിവ നോവൽത്രയത്തിന്റെ രചയിതാവ് അമിഷ് ത്രിപാഠിയുടെ അടുത്തബന്ധു കൂടിയാണ് അന്നപൂർണ ശുക്ല.

ചിതയ്ക്കു തീ കൊളുത്തുന്നവരെ രാജ്യം അംഗീകരിക്കുന്നത് ആദ്യമായാണെന്നു മോദിയുടെ പത്രികയെ പിന്തുണച്ച മറ്റൊരാളായ ജദീശ് പ്രകാശ് ചൗധരി പറഞ്ഞു. യഥാര്‍ഥ ജീവിതത്തിലെ ചൗക്കിദാറിനെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനസംഘ നാൾ പാർട്ടിക്കൊപ്പമുള്ള മുതിർന്ന നേതാവാണ് സുഭാഷ് ഗുപ്ത .കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കാർഷിക ശാസ്ത്രജ്ഞനാണ് പത്രിക പിന്തുണച്ച മറ്റൊരാളായ രാമകാന്ത് ശുക്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com