ADVERTISEMENT

ഒപ്പം നിൽക്കണമെന്നു വിചാരിച്ചാൽ പൂർണ പിന്തുണ നൽകും, കൈവിട്ടാൽ പുറംതിരിഞ്ഞൊരു നിൽപ്പാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഈ മരുഭൂമി സംസ്ഥാനത്തിന്റെ സ്വഭാവം ഇതാണ്. രാജസ്ഥാൻ- ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വിധി തീരുമാനിക്കുന്നതിൽ എന്നും നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനം. ഇവിടുത്തെ മുന്നേറ്റങ്ങളും ജയപരാജയങ്ങളും ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴി പലർക്കും സുഗമമാക്കിയിട്ടുണ്ട്; ചിലപ്പോൾ കടുപ്പവും.

25 ലോക്സഭാ മണ്ഡലങ്ങളുള്ള രാജസ്ഥാനിൽ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റുകളിലും വിജയിച്ചു. രാജ്യത്തുടനീളം വീശിയടിച്ച മോദിതരംഗം ഏറ്റവുമധികം ഓളം സൃഷ്ടിച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു രാജസ്ഥാൻ. 2013ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 12.1% അധികവോട്ടു നേടി കോണ്‍ഗ്രസിൽനിന്ന് അധികാരം തിരിച്ചുപിടിച്ചതിന്റെ തുടർച്ച കൂടിയായിരുന്നു ആ സമ്പൂർണ മേധാവിത്വം.

എന്നാൽ, ഇത്തവണ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 200ൽ 100 സീറ്റും നേടി കോൺഗ്രസ് വീണ്ടും സംസ്ഥാനത്തിന്റെ ഭരണം ‘കൈ’ക്കുള്ളിലാക്കി. അശോക് ഗെലോട്ട് വീണ്ടും മുഖ്യമന്ത്രിയായി, അസ്വാരസ്യങ്ങൾക്കിടയിലും സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയായി. പാർട്ടിയിലും വോട്ടർമാർക്കിടയിലും സ്വീകാര്യനായ ആൾ തന്നെ മുഖ്യമന്ത്രിയായില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന വാദമുന്നയിച്ചാണ് ഗെലോട്ട് രാജസ്ഥാന്റെ ‘പൈലറ്റ്’ സ്ഥാനം വാങ്ങിച്ചെടുത്തത്. അതുകൊണ്ടുതന്നെ തന്റെ മുഖ്യമന്ത്രിസ്ഥാനം അരക്കിട്ട് ഉറപ്പിക്കുന്നതിനായി ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ഗെലോട്ടിന് അനിവാര്യമാണ്.

നരേന്ദ്ര മോദി (ഫയൽ ചിത്രം)
നരേന്ദ്ര മോദി (ഫയൽ ചിത്രം)

മോദി തരംഗം വീണ്ടും

ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റ് കോൺഗ്രസ് നേടിയെങ്കിലും വോട്ടു ശതമാനത്തിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 2013ൽ ബിജെപി കോൺഗ്രസിനേക്കാൽ 12.1% വോട്ടു നേടിയെങ്കിൽ 2018ൽ ഇവർ തമ്മിലുള്ള വ്യത്യാസം 0.5% മാത്രം. ഈ കണക്കുകൾ വീണ്ടും ആവർത്തിക്കുകയാണെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 13 സീറ്റുകളും കോൺഗ്രസിന് 12 സീറ്റുകളും ലഭിക്കും. എന്നാൽ 2004 മുതൽ ഇങ്ങോട്ട് രണ്ടു പാർട്ടികളെയും ഒരു പോലെ പ്രീണിപ്പിക്കുന്നവരല്ല രാജസ്ഥാനിലെ വോട്ടർമാർ.

Ashok-Gehlot--Sachin-Pilot
അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് (ഫയൽ ചിത്രങ്ങൾ)

സംസ്ഥാന സർക്കാരിനെതിരായും

മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയ്ക്കും അവരുടെ സർക്കാരിനുമെതിരെയുണ്ടായിരുന്ന ജനവികാരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു കാരണമെന്നാണ് ബിജെപി വിലയിരുത്തൽ. അതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘മോദി ഫാക്ടർ’ വീണ്ടും കാവിക്കൊടി പാറിക്കുമെന്നു തന്നെയാണ് പാർട്ടിയുടെ വിശ്വാസം. കോൺഗ്രസിലെ പടലപിണക്കങ്ങളും ബിജെപിക്കു പ്രതീക്ഷ നൽകുന്നതാണ്. ഗെലോട്ട് – പൈലറ്റ് ആഭ്യന്തരയുദ്ധം സംസ്ഥാന രാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ്. ജോധ്പുർ മണ്ഡലത്തിൽ മൽസരിക്കുന്ന മകൻ വൈഭവ് ഗെലോട്ടിന്റെ വിജയത്തിനു വേണ്ടിമാത്രമാണ് അശോക് ഗെലോട്ട് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽനിന്നു തന്നെ ഉയരുന്നുണ്ട്.

ജയ് ജവാൻ, ജയ് കിസാൻ

കർഷകരും സൈനികരും തന്നെയാണു രാജാസ്ഥാനിലെ പ്രധാന തിരഞ്ഞെടുപ്പു വിഷയങ്ങൾ. പുൽവാമയും ബാലാക്കോട്ടും രാജ്യത്തുടനീളം പ്രചാരണായുധങ്ങളായി ബിജെപി ഉയർത്തിക്കാട്ടുമ്പോൾ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് അതിന്റെ സ്വാധീനം എത്രത്തോളമുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. സായുധ, അർധസൈനിക വിഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതൽ ആളുകളെ അയ്ക്കുന്ന ശെഖാവതി ബെൽറ്റിൽ പുൽവാമയും ബാലാക്കോട്ടും തന്നെയാണു മുഴങ്ങികേൾക്കുന്നത്. കൂടാതെ, സ്വച്ഛ് ഭാരതും കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുമെല്ലാം ബിജെപിയുടെ തുറുപ്പുചീട്ടുകളാണ്.

Drinking Water | Rajasthan
രാജസ്ഥാനിലെ അജ്മേറിൽ കുടിവെള്ളം ശേഖരിച്ച് പോകുന്നവർ.

കുടിവെള്ളമാണ് ഈ മരുഭൂമി സംസ്ഥാനത്തെ മറ്റൊരു പ്രധാന സാമൂഹിക വിഷയം. എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ഥാനാർഥികൾ ജലവിതരണം ഉറപ്പുനൽകുമെങ്കിലും പിന്നെ അഞ്ച് വർഷക്കാലത്തേക്കു യാതൊരു നടപടിയുമുണ്ടാകാതെ പോകുന്നു. ഇന്ത്യ – പാക്ക് അതിർത്തി മേഖലയിലെ ബാമറിൽ മിന്നലാക്രമണങ്ങൾ ആളുകൾ ചർച്ചചെയ്യാറില്ല. കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പു നൽകുന്ന ഏതു സ്ഥാനാർഥിക്കും വോട്ട് ചെയ്യുമെന്നാണ് ഇവരുടെ നിലപാട്.

ന്യായ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം മിനിമം വേതനമാണ്. രാജ്യത്തെ ദരിദ്ര കുടുംബങ്ങൾക്കു പ്രതിവർഷം 75,000 രൂപ നൽകുമെന്നാണു പ്രകടനപത്രികയിലെ കോൺഗ്രസ് വാഗ്ദാനം. ഇതു തന്നെയാണു രാജസ്ഥാനിലും പാർട്ടി പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. എന്നാൽ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് വാഗ്ദാനം ചെയ്ത തൊഴിലില്ലായ്മ പെൻഷൻ ഇതുവരെയും നടപ്പാക്കാൻ സാധിക്കാത്തത് കോൺഗ്രസിനു വിനയാകുന്നുണ്ട്.

കുടുംബത്തിൽ തൊഴിൽ ഇല്ലാത്ത ആൾക്കു പ്രതിമാസം 3000 രൂപ നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രതിമാസം 3000 നൽകാൻ സാധിക്കാത്തവർ 6000 നൽകുമെന്നു വിശ്വസിപ്പിക്കുന്നതിലെ ഔചിത്യമില്ലായ്‌മയാണ് കോൺഗ്രസിനെ അലട്ടുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉറപ്പുനൽകിയതനുസരിച്ചു കാർഷിക കടങ്ങൾ എഴുതിത്തള്ളിയതു പോലെ ഈ വാക്കും പാലിക്കുമെന്നു കോൺഗ്രസ് ഉറപ്പുനൽകുന്നു. 6000 രൂപ പ്രതിവർഷം ലഭിക്കുന്നതാണോ പ്രതിമാസം ലഭിക്കുന്നതാണോ ഉചിതമെന്ന ചോദ്യവും കോൺഗ്രസ് വോട്ടർമാർക്കു മുൻപിൽ ഉയർത്തുന്നു. ഉത്തരം തിരഞ്ഞെടുപ്പു ഫലത്തിൽ അറിയാം.

ജാതി – പറയാതെ വയ്യ

റാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതു പട്ടിക വിഭാഗക്കാരനായതു കൊണ്ടാണെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിവാദ പരാമർശമാണ് രാജസ്ഥാനിൽ ഇത്തവണ ജാതി ചർച്ചാ വിഷയമാക്കിയത്. എന്നാൽ ഒളിഞ്ഞും തെളിഞ്ഞും എല്ലാ തിരഞ്ഞെടുപ്പുകളിലും രാജസ്ഥാനിൽ ജാതി ഒരു പ്രധാന ചർച്ചാവിഷയമാണ്. തിരഞ്ഞെടുപ്പു ചിത്രത്തെ നിർണയിക്കുന്നതിൽ ജാതിസമവാക്യങ്ങൾക്കു വലിയ പങ്കുണ്ട്. 272 സമുദായങ്ങളാണു രാജസ്ഥാനിലുള്ളത്. ഇതിൽ 51 ശതമാനവും ഒബിസി വിഭാഗത്തിലാണ്. രജ്പുത്, ജാട്ട്, മീണ, ഗുജ്ജർ സമുദായങ്ങളാണു വിധി നിർണയിക്കുന്നതിലെ പ്രബലർ.

ജനസംഘ കാലം മുതൽ സംസ്ഥാനത്തു ബിജെപിയുടെ ഉറച്ച വോട്ടുബാങ്കാണ് എട്ടു ശതമാനത്തോളം വരുന്ന രജ്പുത് സമുദായം. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രജ്പുത് വിഭാഗം അധികം പിന്തുണയ്ക്കാതിരുന്നതാണു ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റി നിർത്തിയത്. ഇതു മുന്നിൽക്കണ്ടു ജാട്ട് നേതാവ് ഹനുമാൻ ബനിവാൾ ഉൾപ്പെടെയുള്ള സമുദായ നേതാക്കളുമായി ബിജെപി ചർച്ച നടത്തിക്കഴിഞ്ഞു. ഭൂരിപക്ഷമായ ദലിത് സമുദായങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബിഎസ്പിയും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ട്.

വോട്ടെടുപ്പ്

രണ്ടുഘട്ടമായാണു രാജസ്ഥാനിൽ ലോക്സഭാ തിരഞ്ഞെടുപ്പ്. ഏപ്രിൽ 29ന് നാലാം ഘട്ടത്തിലാണ് 13 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് മൽസരിക്കുന്ന ജോധ്പുർ മണ്ഡലത്തിലുൾപ്പെടെ വോട്ടെടുപ്പ് അന്നാണ്. അഞ്ചാം ഘട്ടത്തിൽ മേയ് 6ന് 12 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കും.

English Summary: Rajasthan Elections 2019, 4th Phase Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com